കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വിപണി മൂല്യം 2.73 ലക്ഷം കോടി കുറഞ്ഞ് 475.2 ലക്ഷം കോടിയായി.
റിലയൻസിനെ കൂടാതെ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നി ഓഹരികളാണ് സെൻസെക്സിനെ കനത്ത നഷ്ടത്തിലെത്തിച്ചത്. ഭാരതി എയർടെല്‍, എംആൻഡ്‌എം, എസ്ബിഐ, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ് എന്നിവയും തകർച്ച നേരിട്ടു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, മീഡിയ, റിയാല്‍റ്റി, ഹെല്‍ത്ത് കെയർ, ഓയില്‍ ആൻഡ് ഗ്യാസ് എന്നിവ 1.6 ശതമാനംവരെ ഇടിഞ്ഞു.
അതേസമയം, ചൈനയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപനത്തിന് ശേഷം മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റല്‍ 1.5 ശതമാനം ഉയർന്നു. എൻഎംഡിസി, ഹിൻഡാല്‍കോ, സെയില്‍ എന്നിവയാണ് സൂചികയില്‍ ഉയർന്ന നേട്ടം സ്വന്തമാക്കിയത്.
തകർച്ചക്ക് പിന്നിലെ കാരണങ്ങള്‍:
ചൈനീസ് സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് വിദേശ നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ചു. ഇതോടെ ചൈനീസ് ഓഹരികള്‍ക്കു പിന്നാലെയായി വിദേശികള്‍. ഷാങ്ഹായ് കോമ്ബോസിറ്റ് 4.4ശതമാനം ഉയർന്നു. ഭവന വായ്പാ നിരക്കുകളില്‍ ചൈനീസ് കേന്ദ്ര ബാങ്ക് കുറവുവരുത്തിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 18 ശതമാനമാണ് ഷാങ്ഹായ് നേട്ടമുണ്ടാക്കിയത്.
ലെബനനിലുടനീളം ഇസ്രായേല്‍ ആക്രമണ പരമ്ബര അഴിച്ചുവിട്ടതോടെ ആഗോള വിപണികളില്‍ അനിശ്ചിതത്വം കൂട്ടി. ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്ക, അസംസ്കൃത എണ്ണവിലയിലെ വർധന ഇതെല്ലാം വിപണിയെ സ്വാധീനിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും തകർച്ചക്ക് കാരണമായി. സെപ്റ്റംബർ 28ന് 1,209 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. എങ്കിലും സെപ്റ്റംബറിലെ അവരുടെ മൊത്തം നിക്ഷേപം 57,000 കോടിയാണെന്നത് ആശ്വാസം നല്‍കുന്നു. ഏറെക്കാലത്തെ വാങ്ങലിന് ശേഷം അറ്റ വില്പനക്കാരാകുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.