പഴയ മദ്രാസില്‍ ബലൂണുകള്‍ വിറ്റാണ് കെ.എം. മാമ്മന്‍ മാപ്പിള എന്ന ബിസിനസുകാരന്റെ യാത്ര തുടങ്ങുന്നത്. തന്റെ കുടുംബബിസിനസ് തകര്‍ന്നപ്പോള്‍ കഷ്ടപ്പെട്ട് പഠിക്കുകയും ചിലപ്പോഴൊക്കെ കോളേജിന്റെ തറയില്‍ കിടന്നുറങ്ങുകയും ചെയ്തിട്ടുണ്ട്.അങ്ങിനെ ആദ്യം മാമ്മന്‍ മാപ്പിള ബലൂണ്‍ വില്‍പന ആരംഭിച്ചു. അന്ന് റബ്ബര്‍ ബലൂണ്‍ ഇന്ത്യയില്‍ പുതുമയായിരുന്നു. ബലൂണ്‍ ബിസിനസ് പച്ച പിടിച്ചു. അങ്ങിനെ അദ്ദേഹം ബലൂണിലൂടെ ബിസിനസ് സംരംഭകനായി. 1946ല്‍ കളി ബലൂണ്‍ നിര്‍മ്മിക്കുന്ന എംആര്‍എഫ് എന്ന കമ്ബനി ആരംഭിച്ചു. മദ്രാസ് റബ്ബര്‍ ഫാക്ടറി എന്നാണ് എംആര്‍എഫിന്റെ മുഴുവന്‍ പേര്. ആ ബലൂണ്‍ കമ്ബനി 1952ല്‍ റബ്ബര്‍ റീട്രെഡിങ് ബിസിനസിലേക്ക് കടന്നു.
ബലൂണ്‍ വിറ്റ് കിട്ടിയ പണം മുഴുവന്‍ മാമ്മന്‍ മാപ്പിള റബ്ബര്‍ റീട്രെഡിങ് ബിസിനസിലേക്കിട്ടു. 1961ല്‍ ഇന്ത്യയിലെ റീട്രെഡിങ് ബിസിനസിന്റെ 50 ശതമാനവും എംആര്‍എഫ് കയ്യടക്കി. ഈ മേഖലയിലുള്ള വിദേശ കമ്ബനികളെ വരെ എംആര്‍എഫ് തോല്‍പിച്ചു. എംആര്‍ എഫ് ഇന്ത്യയിലെ വന്‍ ടയര്‍ ഫാക്ടറിയായി വളര്‍ന്നു. 1992ല്‍ മാമ്മന്‍ മാപ്പിളയ്‌ക്ക് പത്മശ്രീ ബഹുമതി ലഭിച്ചു. ഇന്ന് 57,383 കോടി രൂപ ആസ്തിയുള്ള കമ്ബനിയാണ് എംആര്‍എഫ്.
പിന്നീട് എംആര്‍എഫ് ക്രിക്കറ്റ് താരങ്ങളെക്കൂടി ബ്രാന്‍റ് അംബാസഡറാക്കി കൂടുതല്‍ ജനപ്രിയ കമ്ബനിയായി വളര്‍ന്നു. ഇന്ന് എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില 1,36000 രൂപയാണ്. 1999ല്‍ വെറും 1900 രൂപ മാത്രമായിരുന്നു ഒരു എംആര്‍എഫ് ഓഹരിയുടെ വില. 2009ല്‍ വെറും 1535 രൂപ മാത്രമായിരുന്നു ഓഹരി വില. അതായത് 15 വര്‍ഷത്തില്‍ 1535 രൂപയില്‍ നിന്നും 1,36000 രൂപയിലേക്ക് ഉയര്‍ന്നു. 2009ല്‍ പത്ത് എംആര്‍എഫ് ഓഹരി 15350 രൂപ നല്‍കി വാങ്ങിയ നിക്ഷേപകന് 15 വര്‍ഷത്തിന് ശേഷം കയ്യില്‍ കിട്ടുന്നത് 13.6 ലക്ഷം രൂപ! തങ്ങളുടെ കമ്ബനിയുടെ ഓഹരിയില്‍ നിക്ഷേപം നടത്തിയവരെ ശരിക്കും ലക്ഷപ്രഭുവും കോടീശ്വരനും ആക്കി മാറ്റി എംആര്‍എഫ്.