ലോജിസ്റ്റിക്‌സ് കമ്ബനിയായ വെസ്റ്റേണ്‍ കാരിയേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 13ന് തുടങ്ങും.സെപ്‌റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 163-172 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. അഞ്ച് രൂപ ഫേസ് വാല്യുവുള്ള 87 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.സെപ്‌റ്റംബര്‍ 23ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.493 കോടി രൂപയാണ് കമ്ബനി ഐപിഒ വഴി സമാഹരിക്കുന്നത്.
400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 93 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്.ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.
ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 163.5 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനും 152 കോടി രൂപ പ്രവര്‍ത്തന മൂലധന ചെലവിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.2023-24 സാമ്ബത്തിക വര്‍ഷത്തില്‍ വെസ്റ്റേണ്‍ കാരിയേഴ്‌സ കൈവരിച്ച ലാഭം 80 കോടി രൂപയും വരുമാനം 1685 കോടി രൂപയുമാണ്. ലാഭത്തില്‍ 12 ശതമാനവും വരുമാനത്തില്‍ മൂന്ന് ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്.