HomeIndiaമലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം

മലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം

ആളുകള്‍ സമ്ബാദ്യം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വല്‍ഫണ്ട്(Mutual Fund) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന ‘ആശങ്ക’ റിസർവ് ബാങ്ക്(Reserve Bank) പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല.ഈ ശീലം മലയാളികള്‍ക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗിക കണക്കുകള്‍. അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം കഴിഞ്ഞമാസം (ജൂലൈ/July) കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപ ആസ്തി (എയുഎം) 78,411.01 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്.

10 വർഷം മുമ്ബ് (2014 ജൂലൈ) മ്യൂച്വല്‍ഫണ്ടിലെ മൊത്തം മലയാളിനിക്ഷേപം 8,440 കോടി രൂപ മാത്രമായിരുന്നു. 5 വർഷം മുമ്ബ് (2019 ജൂലൈ) 26,867 കോടി രൂപയും; ഇതാണ് കഴിഞ്ഞ 5 വർഷം കൊണ്ട് രണ്ടിരട്ടിയോളം ഉയർന്നത്. ഈ വർഷത്തിന്റെ തുടക്കത്തില്‍ (2024 ജനുവരി) മലയാളികളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപ ആസ്തി 61,708 കോടി രൂപയായിരുന്നു. ഓരോ മാസവും നിക്ഷേപം വൻതോതില്‍ കൂടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

ബാങ്കില്‍ എഫ്ഡിയായും മറ്റും പണമെത്തിയാല്‍ അത് വായ്പകളായി വിതരണം ചെയ്യാം. ഇത് ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ മൂലധന ആവശ്യത്തിന് പ്രയോജനപ്പെടുകയും രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയ്ക്ക് പിന്തുണയാവുകയും ചെയ്യും. എന്നാല്‍, ആളുകള്‍ വലിയതോതില്‍ പണം ഇപ്പോള്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് ഒഴുക്കുന്നത് ഇതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപേഴ്സണ്‍ മാധബി പുരി ബുചും ഇതേ ആശങ്ക അടുത്തിടെ പങ്കുവച്ചിരുന്നു. ബാങ്കുകള്‍ നിക്ഷേപം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ജൂലൈയില്‍ കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് നിക്ഷേപമൂല്യം 52,104 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്താല്‍ കഴിഞ്ഞ ഒരുവർഷത്തിനിടെ മ്യൂച്വല്‍ഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിലെ വളർച്ച 50% വരും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (കേരള എസ്‌എല്‍ബിസി) കണക്കനുസരിച്ച്‌ 2024 മാർച്ചുവരെയുള്ള ഒരു വർഷക്കാലയളവില്‍ കേരളത്തിലെ ബാങ്ക് നിക്ഷേപത്തിലെ വളർച്ച 15 ശതമാനത്തിലും താഴെയാണ്.

മ്യൂച്വല്‍ഫണ്ടിലെ ഓഹരി (ഇക്വിറ്റി) ഫണ്ടുകളോടാണ് കേരളീയർക്ക് കൂടുതല്‍ താല്‍പര്യം. ജൂലൈയിലെ കണക്കുപ്രകാരം മൊത്തം നിക്ഷേപ ആസ്തിയില്‍ 75 ശതമാനവും (59,504 കോടി രൂപ) ഇക്വിറ്റി ഫണ്ടുകളിലാണ്.ജൂണില്‍ ഇത് 55,794 കോടി രൂപയായിരുന്നു. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ജൂണിലെ 3,289.19 കോടി രൂപയില്‍ നിന്ന് 4,859.30 കോടി രൂപയായി ഉയർന്നു.

കടപ്പത്ര അധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം 6,468.05 കോടി രൂപയില്‍ നിന്ന് 5,850.53 കോടി രൂപയായി കുറഞ്ഞു. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 6,371 കോടി രൂപയില്‍ നിന്നുയർന്ന് 6,613 കോടി രൂപയായി. സ്വർണാഭരണം വാങ്ങിക്കൂട്ടുന്നതില്‍ മലയാളികളുടെ ഇഷ്ടം പ്രശസ്തമാണ്. എന്നാല്‍, മ്യൂച്വല്‍ഫണ്ടിലെ സ്വർണ ഇടിഎഫിനോട് അത്ര വലിയ താല്‍പര്യം കേരളീയർക്കില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ നിന്നുള്ള മൊത്തം മ്യൂച്വല്‍ഫണ്ട് ആസ്തിയില്‍ 177.06 കോടി രൂപ മാത്രമാണ് ഗോള്‍ഡ് ഇടിഎഫിലുള്ളത്. ജൂണില്‍ ഇത് 175.24 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ സ്വർണാഭരണ വിപണിയുടെ ഒറ്റദിവസത്തെ ശരാശരി വിറ്റുവരവ് 250-300 കോടി രൂപയാണെന്ന് ഓർക്കണം.

ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാലത്തെ റെക്കോർഡ് മുന്നേറ്റം നിരവധി പേരെ, പ്രത്യേകിച്ച്‌ യുവാക്കളെ ഓഹരി, മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ചിട്ടുണ്ട്.

മ്യൂച്വല്‍ഫണ്ടില്‍ തവണവ്യവസ്ഥയില്‍ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈല്‍ ആപ്പുകള്‍ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും മ്യൂച്വല്‍ഫണ്ടുകളുടെ സ്വീകാര്യത കൂട്ടുന്നു.100 രൂപ മുതല്‍ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത.

Latest Posts