HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/06/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/06/2024)

പ്രഭാത വാർത്തകൾ

2024 | ജൂൺ 6 | വ്യാഴം | ഇടവം

◾ ബിജെപി നേതാവ് നരേന്ദ്ര മോദിയെ വീണ്ടും  പ്രധാനമന്ത്രിയാക്കാന്‍ എന്‍ ഡി എ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യത്തില്‍ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

◾ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താന്‍ ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ പാര്‍ലമെന്റിലെ നേതാവായി തിരഞ്ഞെടുക്കും.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാഷ്ട്രപതി  പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു. തുടര്‍ന്ന് കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി.  കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി  രാജിക്കത്ത് നല്‍കാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.

◾ മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തല്‍ക്കാലം ശ്രമിക്കേണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കാനും ഇന്ത്യാ സഖ്യം തീരുമാനിച്ചു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.

◾ ഡല്‍ഹിയില്‍ചേര്‍ന്ന എന്‍.ഡി.എ. യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത് സ്പീക്കര്‍ സ്ഥാനം മുതല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ വരെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ അധ്യക്ഷസ്ഥാനത്തിന് പുറമേ ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത് എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും. സ്പീക്കര്‍ സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവികളുമാണ് ജെ.ഡി.യു. ആവശ്യപ്പെട്ടതെന്നാണ് സൂചന. ക്യാബിനറ്റ് പദവിയുള്ള ഒരുമന്ത്രിസ്ഥാനം എല്‍.ജെ.പി. നേതാവ് ചിരാഗും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്ചിയും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിസ്ഥാനവും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്ദേയും യോഗത്തില്‍ ചോദിച്ചുവെന്ന വിവരവുമുണ്ട്.

◾ കഴിഞ്ഞ മാസം അവസാനം കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കിയ കനത്തമഴ മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി നഗരത്തില്‍ ശക്തമായ മഴയും വെള്ളക്കെട്ടും രൂപപ്പെട്ടത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്.

◾ യു.ഡി.എഫിന് അനുകൂലമായ ജനവിധി ജനവിരുദ്ധ സര്‍ക്കാരിന്റെ  മുഖത്തേറ്റ പ്രഹരമാണെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ  പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടു . സര്‍ക്കാരിന്റെ  വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ  കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

◾ തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താന്‍ സി.പി.എം അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ വിളിച്ചു. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമെന്നും യു.ഡി.എഫിന്റെ വോട്ടാണ് കൂടുതല്‍ പോയതെന്നും  എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. സംസ്ഥാനഭരണം വിലയിരുത്തിയിട്ടില്ല എന്ന് പറയാനാവില്ലെന്ന് സി.പി.ഐ തുറന്നടിച്ചു.

◾ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തിളക്കമുള്ള വിജയം സ്വന്തമാക്കിയ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം നല്‍കി തൃശൂര്‍. വിദ്യാര്‍ഥി കോര്‍ണറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ കടന്നു പോയത്. തൃശൂരിനെ ഹൃദയത്തില്‍ വെച്ച് പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

◾ കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് എന്‍കെ പ്രേമചന്ദ്രന്‍.  അപകീര്‍ത്തികരമായ ആരോപണം തന്നെയാണ് കൊല്ലത്ത്   തനിക്കെതിരെ ഇത്തവണ നടന്നത്. താന്‍ ബിജെപിയില്‍ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞുവെന്നും കൊല്ലത്ത് നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉള്‍പ്പടെ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും ബിജെപിയിലേക്ക് വോട്ട് ചോര്‍ച്ച ഉണ്ടായി. ഇത് ഗൗരവതരണമാണെന്നും കര്‍ശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ കാറഡുക്ക സൊസെറ്റി തട്ടിപ്പില്‍ മുഖ്യ പ്രതി കെ രതീശന്‍, ഇയാളുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളി  മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവര്‍ പിടിയിലായി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ്  വിവരം. നേരത്തെ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.സിപിഎം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ കഴിഞ്ഞ മാസം 13 നായിരുന്നു  പൊലീസ് കേസെടുത്തത്  .മൂന്ന് പങ്കാളികളെ ആദൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

◾ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി   മുസ്ലിംലീഗിനെതിരായ നീക്കം മയപ്പെടുത്തി . ഇടത് അനുകൂല നിലപാട് സ്വീകരിച്ചിട്ടും തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടുചെയ്യാന്‍ പറഞ്ഞിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

◾ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് . സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അന്‍സാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ടയില്‍ 66,119 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസകിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി തോല്‍പിച്ചത്.

◾ രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. അതേസമയം തൃശൂരില്‍ കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

◾ തിരെഞ്ഞെടുപ്പില്‍ തിരിച്ചടിയായത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏര്‍പെടുത്തിയത്  തിരഞ്ഞെടുപ്പ് തോല്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.  പ്രതിപക്ഷത്തിന്റെ റോള്‍ മാധ്യമങ്ങള്‍ എടുത്തു. മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ കാരണം എന്താണെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് ഷാഫി പറമ്പില്‍. തന്നെ ഉമ്മന്‍ചാണ്ടിയുമായി താരതമ്യം ചെയ്തുള്ള വിലയിരുത്തലുകള്‍ വിവരക്കേടാണെന്ന് ഷാഫി പറഞ്ഞു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചു തുടങ്ങിയ ഷാഫി, വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് അവകാശപ്പെട്ട ഷാഫി, സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും പറഞ്ഞു.

◾ കെഎസ്ആര്‍ടിസി സ്റ്റുഡന്‍സ് കണ്‍സഷന്‍ ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും.  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇത്.  സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

◾ തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നും  കെ അണ്ണാമലൈ.   ഒഡിഷയില്‍ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവര്‍ത്തിക്കുമെന്നും  എന്റെ അച്ഛന്‍ കരുണാനിധി ആയിരുന്നെങ്കില്‍ ഞാനും ജയിച്ചേനെയെന്നും അണ്ണാമലൈ പറഞ്ഞു. എന്റെ അച്ഛന്‍ ഒരു സാധാരണ കര്‍ഷകനാണെന്നും സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യണമെന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

◾ മഹാരാഷ്ട്രയിലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയില്‍  അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്. മഹാവികാസ് അഘാഡിയ്ക്ക് സഹതാപ വോട്ടുകള്‍ ലഭിച്ചെന്നും അതാണ് ബി ജെ പി സഖ്യത്തിന് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജന്‍ വ്യക്തമാക്കി.

◾ സ്വയം പ്രഖ്യാപിത ചാണക്യന്‍ സ്വയം വിരിച്ച വലയില്‍ കുടുങ്ങിയെന്നും ഇപ്പോള്‍ സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുകയാണെന്നും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.  ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷവും രംഗത്ത് വന്നിരുന്നു. ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍.

◾ അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ജയം  . എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീന്‍ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബദ്ദാറുദ്ദീന്‍ അജ്മലിന് 4,59,409 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

◾ ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാര്‍ വിളിച്ച് അടുത്തിരുത്തിയതാണ് എന്നാണ് തേജസ്വിയുടെ പ്രതികരണം. വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും തേജസ്വി വ്യക്തമാക്കി.  എന്‍ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തില്‍ കയറിയത്. തേജസ്വി ഇന്ത്യ മുന്നണിയുടെ  യോഗത്തില്‍ പങ്കെടുക്കാനായാണ് ഡല്‍ഹിയിലേക്ക് പോയത്.

◾ ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാന്‍ ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്ന് ശിവസേന  വക്താവ് സഞ്ജയ് റാവുത്ത്. നായിഡുവും നിതീഷും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

◾ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാഞ്ഞ കോടതി, കെജ്രിവാളിന് വൈദ്യപരിശോധന നടത്താന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.

◾ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 37 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

◾ പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും മികച്ച വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ വരുമാനം തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 544 കോടി രൂപയില്‍ നിന്ന് 23.4 ശതമാനം വളര്‍ച്ചയോടെ 672 കോടി രൂപയില്‍ എത്തി. ഇക്കാലയളവില്‍ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 81.77 കോടിയെ അപേക്ഷിച്ച് 35.20 ശതമാനം വളര്‍ച്ചയോടെ 110.56 കോടി രൂപയുമായി. 2020 സാമ്പത്തിക വര്‍ഷം 1.34 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 2024 സാമ്പത്തിക വര്‍ഷം 0.72 ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ 3 ലെവല്‍ അപ്ഗ്രേഡ് ചെയ്ത് കമ്പനിക്ക് എ-സ്റ്റേബിള്‍ റേറ്റിംഗും ഉണ്ട്. എല്ലാ പ്രധാന മേഖലകളിലും ഇരട്ട അക്ക വളര്‍ച്ചയോടെ മികച്ച വളര്‍ച്ച കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും മികച്ച സ്വര്‍ണ്ണ വായ്പ സേവനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന വായ്പ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. 2027ഓടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,500 കോടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ വിപണികളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,500 പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ 61 ശാഖകള്‍ തുറന്ന കമ്പനി 2 ലക്ഷം പുതിയ ഉപഭോക്താക്കളെയും നേടി.

◾ ജൂണില്‍ ഹ്യുണ്ടായിയുടെ മുന്‍നിര എസ്യുവി ട്യൂസണില്‍ രണ്ടുലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 2023 മോഡല്‍ വര്‍ഷത്തിനും 2024 മോഡല്‍ വര്‍ഷത്തിനും കമ്പനി ട്യൂസണില്‍ വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2023 മോഡല്‍ വര്‍ഷത്തിലുള്ള ട്യൂസണിന്റെ ഡീസല്‍ വേരിയന്റിന് രണ്ടുലക്ഷം രൂപ ക്യാഷ് കിഴിവ് ലഭ്യമാണ്. അതേ സമയം, പെട്രോള്‍ വേരിയന്റ് മോഡല്‍ 2024-ലും ഡീസല്‍ വേരിയന്റിന് 2024-ല്‍ 50,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഹ്യൂണ്ടായ് ട്യൂസണില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് ഒരെണ്ണം. ഈ എഞ്ചിന്‍ പരമാവധി 186 ബിഎച്ച്പി കരുത്തും 416 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിന്‍ പരമാവധി 156 യവു കരുത്തും 192 ചാ ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ രണ്ട് എഞ്ചിനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ട്യൂസണിന്റെ എക്സ് ഷോറൂം വില. രാജ്യത്തെ വിവിധ ഭൂപ്രദശങ്ങള്‍, ഡീലര്‍ഷിപ്പുകള്‍, സ്റ്റോക്ക്, വേരിയന്റ്, നിറം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം. അത്തരമൊരു സാഹചര്യത്തില്‍, ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ്, ഡിസ്‌കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത ഡീലര്‍ഷിപ്പിനെ സമീപിക്കുക.

◾ എന്നും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളാണ് നടന്‍ ഇന്ദ്രന്‍സ്. കോമഡി താരമായി എത്തി ഇന്ന് ക്യാരക്ടര്‍ റോളുകളില്‍ മറ്റാരാലും പകര്‍ന്നാടാനാകാത്ത വിധം അദ്ദേഹം അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ്. അക്കൂട്ടത്തിലേക്കെത്തുന്ന ചിത്രമാണ് ‘ജമാലിന്റെ പുഞ്ചിരി’. ഇന്ദ്രന്‍സ് സവിശേഷതകള്‍ ഏറെയുള്ള ജമാല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യല്‍ ക്രൈം ത്രില്ലറാണ് ‘ജമാലിന്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജമാല്‍, ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. ഇന്ദ്രന്‍സിനൊപ്പം പ്രയാഗ മാര്‍ട്ടിന്‍, സിദ്ദിഖ്, മിഥുന്‍ രമേഷ്, ജോയ് മാത്യൂ, അശോകന്‍, സോനാ നായര്‍, മല്ലിക സുകുമാരന്‍, ശിവദാസന്‍, ജസ്‌ന , ദിനേശ് പണിക്കര്‍, രാജ് മോഹന്‍. യദുകൃഷ്ണന്‍, സുനില്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജമാലിന്റെ പുഞ്ചിരി ജൂണ്‍ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്.

◾ ഓസ്‌കാര്‍ ജേതാവ് സിലിയന്‍ കിലിയന്‍ മര്‍ഫിയുടെ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സീരിസിലെ ക്യാരക്ടറായ ബര്‍മിംഗ്ഹാം ഗ്യാങ്‌സ്റ്റെര്‍ ടോമി ഷെല്‍ബി തിരിച്ചുവരുന്നു. ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സ്ട്രീം ചെയ്ത പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. ഇത്തവണ ചലച്ചിത്രമായാണ് ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ എത്തുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ തന്നെയാണ് ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന സ്റ്റീവന്‍ നൈറ്റ് ആണ്. ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന് ഈ വര്‍ഷം ആദ്യം മികച്ച നടന്‍ ഓസ്‌കാര്‍ നേടിയ മര്‍ഫിയും ചിത്രത്തിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനില്‍ ഉടലെടുത്ത അധോലോക സംഘത്തിന്റെ കഥയാണ് പീക്കി ബ്ലൈന്‍ഡേഴ്സ് പരമ്പര പറഞ്ഞത്. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 1914 മുതല്‍ 1934 വരെയുള്ള ലണ്ടന്‍ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ കഥ എന്നാണ് വിവരം.

◾ ജീവിതത്തിന്റെ മഹാപഥങ്ങളിലേക്ക് യാത്ര തിരിച്ചൊരു സഞ്ചാരി ഒരു കനല്‍ക്കാറ്റിന്റെ ഓര്‍മ്മകളിലേക്ക് കടന്നു ചെന്ന് സ്വയമാളുമ്പോള്‍ അഗ്നിച്ചിറകുള്ള ശലഭമായി പൊട്ടിവിരിഞ്ഞ് ആകാശത്തേക്കുയരുന്നു. കാത്തിരുന്നാല്‍ തെളിയാത്ത ഒരു കലക്കവും ജീവിതത്തിനില്ലെന്ന് അപ്പോഴയാള്‍ തിരിച്ചറിയുന്നു. അനന്തരങ്ങളുടെ കാലം ഇന്ദ്രിയാനുഭവങ്ങളില്‍ ലയിക്കുന്ന കാഴ്ച. ആകാശം കളിക്കളമാക്കിയ അപ്പൂപ്പന്‍താടിക്കും ഒരു നാള്‍ മണ്ണില്‍ വീഴേണ്ടതുണ്ട്. മണ്ണിന്റെ ഗര്‍ഭത്തില്‍ ചെടിയായി ഉരുവാകാന്‍ പറക്കലും പതനവും ജീവിതത്തിന്റെ അനിവാര്യദശകളാണ്. ജീവിതവ്യഥകള്‍ മഴയില്‍ അലിയുന്ന മണ്‍പുറ്റുകള്‍ പോലെയെന്നും പുലരിയില്‍ കളകൂജനം മുഴക്കി വിണ്ണിലേക്ക് പറന്നുയരുന്ന പക്ഷികള്‍ വിരുന്നെത്തുമെന്നും കെട്ടുപിണഞ്ഞു പോകുന്ന ജീവിതപ്പാതകളില്‍ ഇരുളും വെളിച്ചവും നിറഞ്ഞു നില്‍പ്പുണ്ടെന്നും ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ‘വെളിച്ചത്തിന്റെ സഞ്ചാരം’. സലാം എലിക്കോട്ടില്‍. നിയതം ബുക്‌സ്. വില 142 രൂപ.

◾ ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. എന്നാല്‍ പ്രോട്ടീന്റെ അളവു കൂടിയാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുക, തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് പ്രോട്ടീന്റെ അളവു കൃത്യമായി ശരീരത്തില്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തില്‍ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് ഡയറ്ററി അലവന്‍സ് ശുപാര്‍ശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് 46 ഗ്രാമും ആണ്‍കുട്ടികള്‍ക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നല്‍കേണ്ടത്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രംഗത്തുള്ളവര്‍ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീന്‍ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളര്‍ച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ പ്രോട്ടീന്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. കായകരംഗത്തുള്ളവര്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ രീതി ഗുണം ചെയ്യും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts