ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് മുരളീധരന്റെ പരാതി. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍
നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നാണ് മുരളീധരന്റെ പരാതി.
ഇത്തവണ വടകരയില്‍ പ്രചാരണം ആരംഭിച്ച ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് മാറിയത്. സഹോദരി പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്നാണ് മിന്നല്‍ നീക്കമെന്ന നിലയില്‍ കെ കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് മുരളീധരനെ എത്തിച്ചത്.