പ്രഭാത വാർത്തകൾ
2 ജൂൺ 2024 | ഞായർ | ഇടവം 19
◾ 350ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള അവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് 150ല്‍ താഴെ സീറ്റ് മാത്രമാണ് ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. യുഡിഎഫിന് 14 മുതല്‍ 19 സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വ്വേ, എല്‍ഡിഎഫിന് 1 മുതല്‍ 4 സീറ്റ് വരേയും എന്‍ഡിഎ ക്ക് 1 മുതല്‍ 3 സീറ്റ് വരെയും പ്രവചിക്കുന്നു. ഒരു സീറ്റെങ്കിലും എല്ലാ സര്‍വ്വേകളും എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നും ചില സര്‍വ്വേകള്‍ പറയുന്നു. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമാണ് ബിജെപിക്ക് സാധ്യതകള്‍ പ്രവചിക്കുന്ന മണ്ഡലങ്ങള്‍.
◾ തമിഴ്നാട്ടില്‍ ഭൂരിപക്ഷം സീറ്റുകളും ഇന്ത്യാ മുന്നണിക്കൊപ്പം പ്രവചിക്കുന്ന സര്‍വ്വേയില്‍ 1 മുതല്‍ നാല് സീറ്റുകള്‍ വരെ എന്‍ഡിഎ ക്ക് ലഭിക്കുമെന്നു പറയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചിരുന്ന കര്‍ണാടകയില്‍ 23 മതല്‍ 25 സീറ്റ് വരെ എന്‍ഡിഎ ക്കും 3 മുതല്‍ 5 സീറ്റ് വരെ ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ തെലുങ്കാനയില്‍ എന്‍ഡിഎ യുടേയും ഇന്ത്യാ മുന്നണിയുടേയും പ്രകടനം ഒപ്പത്തിനൊപ്പമാകുമെന്നാണ് പ്രവചനം. അതേസമയം ആന്ധ്രാപ്രദേശില്‍ ജഗന് തിരിച്ചടി പ്രവചിക്കുന്ന സര്‍വ്വേ എന്‍ഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും പറയുന്നു.
◾ ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മഹാരാഷ്ട്രയിലും ബീഹാറിലും എന്‍ഡിഎയുടെ മുന്നേറ്റം തന്നെയാണ് സര്‍വ്വെ പ്രവചിക്കുന്നത്. 35 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ 18 സീറ്റ് വരെ മാത്രമാണ് ഇന്ത്യാ മുന്നണിക്ക് പ്രവചിക്കുന്നത്. ബീഹാറില്‍ 34 സീറ്റ് വരെ എന്‍ഡിഎക്കും 10 സീറ്റ് വരെ ഇന്ത്യാ മുന്നണിക്കും പ്രവചിക്കുന്നു. ഉത്തര്‍പ്രദേശില്‍ വന്‍വിജയം പ്രവചിക്കുന്ന എന്‍ഡിഎക്ക് 74 വരേയും ഇന്ത്യാ മുന്നണിക്ക് 12 വരേയും സീറ്റുകളും പശ്ചിമബംഗാളില്‍ എന്‍ഡിഎക്ക് 24 സീറ്റുകള്‍ വരെയും തൃണമൂലിന് 21 സീറ്റുകള്‍ വരേയും സര്‍വ്വേ പ്രവചിക്കുന്നു.
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ ബിജെപി വിരുദ്ധതരംഗം പ്രതീക്ഷിച്ച ഡല്‍ഹിയില്‍ ഇന്ത്യാമുന്നണിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതല്ല എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഡല്‍ഹിയില്‍ 7 ല്‍ 7 സീറ്റും എന്‍ഡിഎ നേടുമെന്ന് സര്‍വ്വേ പറയുമ്പോള്‍ ചില സര്‍വ്വേകള്‍ രണ്ട് സീറ്റ് വരെ ഇന്ത്യാ മുന്നണി നേടിയേക്കാമെന്നും പറയുന്നു. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം പ്രവചനങ്ങളും പറയുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ചത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ തൂത്തുവാരുമെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. എന്നാല്‍ രാജസ്ഥാനില്‍ 7 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേ പ്രവചനം. ബിജെപിക്കെതിരായി ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്ന ഹരിയാനയില്‍ മേല്‍ക്കൈ ബിജെപിക്ക് തന്നെയാണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഒഡീഷയില്‍ ബിജു ജനതാദളിന് 8 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എന്‍ഡിഎക്ക് 15 സീറ്റ് വരെയാണ് പ്രവചനം. ഒഡീഷയില്‍ ഇന്ത്യാമുന്നണിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്ന് സര്‍വ്വേ പറയുന്നു.
◾ സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം, അസം എന്നിവ ഉള്‍പ്പെടുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 27 ലോക്‌സഭാ സീറ്റുകളില്‍ 20 നടുത്ത് സീറ്റുകള്‍ എന്‍ഡിഎ നേടുമന്നാണ് സര്‍വ്വെ പറയുന്നത്. ഇതില്‍ മണിപ്പൂരിലേയും നാഗാലാന്‍ഡിലേയും മിസോറാമിലേയും ഓരോ സീറ്റുകളിലും ആസാമിലെ നാലു വരെ സീറ്റുകളിലുമാണ് കോണ്‍ഗ്രസിന് സാധ്യതയുള്ളത്.
◾ എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകമായും നന്ദി പറഞ്ഞു. മോദിക്ക് മൂന്നാമൂഴമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക സര്‍വ്വേ ഫലങ്ങളും പുറത്ത് വന്നത്.
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു.
◾ എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം വിലയിരുത്തല്‍ അനുസരിച്ച് സംസ്ഥാനത്ത് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു എന്നും അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
◾ സി.എം.ആര്‍.എല്‍ എക്സലോജിക് മാസപ്പടി ഇടപാടില്‍, വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. താന്‍ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടതെന്ന് അപ്പീല്‍ ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
◾ 103 കോടിയുടെ ക്രമക്കേട് സിഎംആര്‍എല്ലില്‍ കണ്ടെത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. വ്യാജ ഇടപാടുകള്‍ കാണിച്ച് ചെലവുകള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു സി എം ആര്‍ എല്‍. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മറുപടി നല്‍കി.
◾ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ് വൈസ് ചെയര്‍മാനായ ബാങ്കില്‍ സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന. മീനച്ചില്‍ ഈസ്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്കിലാണ് സഹകരണ വിജിലന്‍സ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
◾ ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈആര്‍ റസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് റസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബ് പുതിയപുരയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.2021 നവംബറില്‍ അനുമോള്‍, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്റ്റം കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി.
◾ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ചയെന്ന് പരാതി. കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് സംഭവിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്.
◾ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട് ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. മെയ് 23 ന് കൊച്ചിയിലെ ഹോട്ടലില്‍ ചേര്‍ന്ന കേരള ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ സന്ദേശം പുറത്ത് വന്നത്. സന്ദേശം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം നടന്ന ഹോട്ടലില്‍ അന്വേഷണ സംഘമെത്തിയത്.
◾സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ജീവാനന്ദം പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരെന്നും ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
◾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് കൈമാറി. ഡോക്ടര്‍ക്ക് നോട്ടീസ് അയച്ച് കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ മാസം 16നായിരുന്നു നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത്. വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്റ്റ് പ്രകാരം സര്‍ജറി നടത്തിയ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ പൊലീസ് കേസെടുത്തിരുന്നു.
◾ നെയ്യാറില്‍ നടന്ന ക്യാമ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കെപിസിസി അന്വേഷണ സമിതിയോട് സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യര്‍ സഹകരിച്ചില്ലെന്നും ഇദ്ദേഹത്തിന് ധാര്‍ഷ്ട്യമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കെഎസ്‌യു നേതൃത്വത്തിന് ഗുരുതരമായ സംഘടനാ വീഴ്ചയുണ്ടായെന്നും സംഘടനാ തലത്തില്‍ അടിമുടി മാറ്റം വേണമെന്നും ജംബോ കമ്മിറ്റികള്‍ പൊളിച്ചെഴുതണമെന്നും സമിതി കെ സുധാകരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
◾ മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്ലസ് വണ്‍ ബാച്ച് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സയന്‍സ് വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകള്‍ കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ തൊഴില്‍ അധിഷ്ഠിതമായ പുതിയ ബിരുദ കോഴ്സുകള്‍ മലബാറിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
◾ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
◾ തിരുവനന്തപുരത്ത് 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍. രേഖ വിധിയില്‍ പറയുന്നു.
◾ തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണതില്‍ യുവാവ് മരിച്ചു. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
◾ നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് അവസാനഘട്ട പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
◾ മൃഗബലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലെന്നും മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നും ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗംചേര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍. അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുള്‍പ്പെടെ 23 പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
◾ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
◾ ടി20-ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. 32 പന്തില്‍ 53 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 183-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളു. രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസണിന് മത്സരത്തില്‍ തിളങ്ങാനായില്ല.
◾ ട്വന്റി 20 ലോക കപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് അമേരിക്കയില്‍ തുടക്കം. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് പാപുവാ ന്യൂ ഗിനിയയുമായി ഏറ്റുമുട്ടും.
◾ റയല്‍ മഡ്രിഡിന് ചാംപ്യന്‍സ് ലീഗ് കിരീടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയല്‍ മഡ്രിഡ് 15-ാം യൂറോപ്യന്‍ കിരീടം ചൂടിയത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിനായി ഗോള്‍വല കുലുക്കിയത്.
◾ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 56 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) സ്വന്തമാക്കിയത് 5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭം. നികുതികള്‍ക്ക് ശേഷം 48 ശതമാനം വളര്‍ച്ചയോടെ 5.07 ലക്ഷം കോടി രൂപയുടെ ലാഭമാണ് ഇവ സംയുക്തമായി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ വര്‍ഷം ഇത് 3.43 ലക്ഷം കോടി രൂപയായിരുന്നു. ഈ കമ്പനികളുടെ സംയോജിത വരുമാനം 53 ലക്ഷം കോടി രൂപയാണ്. ഇവ നികുതിയായി 1.68 ലക്ഷം കോടി രൂപയും അടച്ചു. 14 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയ്ക്കുമേല്‍ ലാഭം നേടി. 56,558 കോടി രൂപയില്‍ നിന്ന് 68,138 കോടി രൂപയായി ലാഭം ഉയര്‍ത്തിയ എസ്.ബി.ഐയാണ് ഇന്ത്യയില്‍ ലാഭത്തില്‍ ഏറ്റവും മുന്നിലുള്ള പൊതുമേഖലാ സ്ഥാപനം. 34,012 കോടി രൂപയില്‍ നിന്ന് 54,705 കോടി രൂപയായി ലാഭമുയര്‍ത്തി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ രണ്ടാമതെത്തി. 41,615 കോടി രൂപയുടെ ലാഭവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് മൂന്നാമത്. 2022-23ല്‍ 10,842 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഏറ്റവുമധികം ലാഭം കുറിച്ച ആദ്യ 5 കമ്പനികളില്‍ നാലാംസ്ഥാനത്ത് കോള്‍ ഇന്ത്യയാണ്. 36,942 കോടി രൂപയാണ് കമ്പനിയുടെ കഴിഞ്ഞവര്‍ഷ ലാഭം. 2022-23ലെ 31,731 കോടി രൂപയില്‍ നിന്നാണ് വളര്‍ച്ച. അഞ്ചാംസ്ഥാനത്ത് എല്‍.ഐ.സിയാണ്. 36,844 കോടി രൂപയാണ് ലാഭം. 2022-23ലെ 31,812 കോടി രൂപയേക്കാള്‍ 16 ശതമാനം അധികം.പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (26,461 കോടി രൂപ), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (25,793 കോടി രൂപ), എന്‍.ടി.പി.സി (18,697 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (18,410 കോടി രൂപ) എന്നിവ ആറ് മുതല്‍ 9 വരെ സ്ഥാനങ്ങള്‍ യഥാക്രമം നേടിയപ്പോള്‍ 16,164 കോടി രൂപയുടെ ലാഭവുമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷനാണ് പത്താംസ്ഥാനത്ത്.
◾ഗുരുവായൂരമ്പല നടയില്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ആനന്ദ് മേനോന്‍ സംവിധാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരജ് മാധവ് നായകനായെത്തിയ ഗൗതമന്റെ രഥം എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് വാഴ ഒരുങ്ങുന്നത്.
◾ കുഞ്ചാക്കോ ബോബന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘കിനാവാനം പെയ്തിടും’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നരേഷ് അയ്യരും നേഹ അയ്യരും ചിത്രത്തിലെ മനോഹരമായ പുതിയ ഗാനം ആലപിച്ചപ്പോള്‍ സംഗീതം ഡോണ്‍ വിന്‍സെന്റാണ്. രചന വൈശാഖ് സുഗുണനാണ്. സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജയേഷ് നായരാണ്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് ഗര്‍ര്‍ര്‍ റിലീസാകും. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.
◾ ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യ 911 കാരേര ശ്രേണി പുറത്തിറക്കി. കരേര, ജിടിഎസ് മോഡലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതിന്റെ ആഗോള അരങ്ങേറ്റത്തിന് ദിവസങ്ങള്‍ക്ക് ശേഷം പുതിയ 911 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇത് ഒരു പുതിയ ഹൈബ്രിഡ്-ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്കുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്സ് ഷോറൂം വില. മെയ് 29 ന് കമ്പനി ആദ്യത്തെ ഹൈബ്രിഡ് 911 പുറത്തിറക്കി. ഇപ്പോള്‍ അതിന്റെ ഇന്ത്യന്‍ മോഡല്‍ 911 കാരേര ശ്രേണി പുറത്തിറക്കി. പുത്തന്‍ രൂപവും നൂതനമായ ഇന്റീരിയറും മികച്ച ഹാന്‍ഡിലിംഗും കൂടുതല്‍ കരുത്തും വാഗ്ദാനം ചെയ്യുന്ന കാറുകളുടെ ഡെലിവറി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. പോര്‍ഷെ 911 കാരേരയുടെ ഉള്ളില്‍ല ക്യാബിനില്‍ കുറച്ച് പരിഷ്‌കരിച്ച സ്വിച്ച് ഗിയറും നവീകരിച്ച ഡ്രൈവര്‍ ഡിസ്പ്ലേയും ഉണ്ട്. കൂടാതെ, 911 പരമ്പരയില്‍ ആദ്യമായി ഒരു പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും അവതരിപ്പിച്ചു.
◾ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലനായ പോരാളി. പാവങ്ങള്‍ക്ക് എക്കാലവും തുണയായ ഭിഷഗ്വരന്‍, വിഖ്യാതപണ്ഡിതന്‍ എന്നീ നിലകളില്‍ കേരളത്തിലുടനീളം പ്രസിദ്ധനായ വി.പി. ശ്രീകണ്ഠ പൊതുവാളുടെ സംഭവബഹുലമായ ജീവിതത്തിലൂടെ മകന്‍ ഡോ. വിമലന്‍ സഞ്ചരിക്കുകയാണിവിടെ. പിതൃപുത്ര ബന്ധത്തിന്റെ ശീതളഛായ അനുഭവവേദ്യമാക്കുന്ന മനോഹരമായ ആവിഷ്‌കാരം. ‘ശ്രീകണ്ഠാമൃതം’. ഡോ. എ വിമലന്‍. കൈരളി ബുക്സ്. വില 256 രൂപ.