കരകവിഞ്ഞൊഴുകുന്ന കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ 64-കാരി ഒഴുകിയെത്തിയത് 10 കിലോമീറ്ററോളം.
മണിക്കൂറുകളോളം കൊടുംതണുപ്പിനെയും കോരിച്ചൊരിയുന്ന മഴയെയും ആറ്റിലെ ചുഴികളെയും അതിജീവിച്ച് ഒടുവില്‍ ഒരുപറ്റം യുവാക്കളുടെ കരങ്ങളിലേറി പുനർജന്മം പോലൊരു മടക്കം. കുളക്കട കിഴക്ക് മനോജ് ഭവനില്‍ ഗോപിനാഥൻ നായരുടെ ഭാര്യ ശ്യാമളയമ്മയാണ് മരണമുഖത്തുനിന്നു ജീവിതത്തിലേക്ക് അദ്ഭുതകരമായി മടങ്ങിയെത്തിയത്.
സിനിമക്കഥകളെപോലും വെല്ലുന്നതായിരുന്നു ശ്യാമളയമ്മയുടെ കഴിഞ്ഞദിവസം. രാവിലെ താഴത്തുകുളക്കട പരമേശ്വരത്ത് കടവില്‍ തുണി അലക്കാനായി പോയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നെന്നും പിന്നീടൊന്നും വ്യക്തമായി ഓർമ്മയില്ലെന്നുമാണ് ശ്യാമളയമ്മ പോലീസിനു നല്‍കിയ മൊഴി.മൂന്ന് പാലത്തിനടിയിലൂടെയാണ് താൻ ഒഴുകിവന്നതെന്ന് അവ്യക്തമായി ഓർക്കുന്നെന്ന് ഇവർ പറഞ്ഞതായി രക്ഷാപ്രവർത്തകരും പറയുന്നു.
താഴത്തുകുളക്കട ചെട്ടിയാരഴികത്തുകടവ് പാലം, പുത്തൂർ ഞാങ്കടവ് പാലം, കുന്നത്തൂർ പാലം എന്നിവയാണ് ഇവിടെയുള്ള പാലങ്ങള്‍. ഇവയ്ക്ക് അടിയിലൂടെ കടന്നുപോയിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും അപൂർവമാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തായി നിലവിളികേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്ന ദീപയും സൗമ്യയും വന്നു നോക്കിയപ്പോള്‍ വള്ളിപ്പടർപ്പുകളില്‍ പിടിച്ച് രക്ഷപ്പെടാനായി ശ്രമിക്കുന്ന സ്ത്രീയെ കാണുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. വലിയ ആഴമുള്ള ഉരുള്‍മല ഭാഗമായിരുന്നു അത്.
ഇവിടെയെത്തിയ ചെറുപ്പക്കാർ ഏറെ സാഹസപ്പെട്ട് ശ്യാമളയമ്മയെ വള്ളത്തില്‍ കയറ്റി മണമേല്‍ കടവിലെത്തിക്കുകയായിരുന്നു.
ചെറുപൊയ്ക നിവാസികളായ ദിലീപ്, മണിക്കുട്ടൻ, ആരോമല്‍, സനല്‍കുമാർ, രഞ്ജിത്, സുനില്‍കുമാർ, രഘു, ഗിരീഷ് കുമാർ, വാർഡ് അംഗം ബൈജു ചെറുപൊയ്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. നൈറ്റിയായിരുന്നു വേഷം. തുണിക്കകത്ത് വായുകേറിനിന്നതുകൊണ്ടാകാം മുങ്ങാതെ ഒഴുകിയതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നിഗമനം. പുത്തൂരില്‍നിന്ന് പോലീസും ശാസ്താംകോട്ടയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും അഗ്നിരക്ഷാസേനയും എത്തിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ശ്യാമളയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.