ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാവിലെ മുതല്‍ കോട്ടയത്തെ മലയോര മേഖലകളിലും പൂഞ്ഞാർ ഉള്‍പ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലയില്‍ പെയ്ത ശക്തമായ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തലനാടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം. വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു. ഇതോടെ മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികള്‍ ഉച്ചയോടെ നിറഞ്ഞു.
തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നരിമറ്റം ചോവൂർ ഇലവുമ്ബാറ റോഡ് തകർന്നു. പിണക്കാട്ട് കുട്ടിച്ചന്റെ ആടുകള്‍ മണ്ണിടിച്ചിലില്‍പ്പെട്ടു. ഒരു ആടിനെ ചത്ത നിലയില്‍ കണ്ടെത്തി. കല്ലേപുരയ്ക്കല്‍ ജോമോൻ, ജോർജ് പീറ്റർ, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തിലും വ്യാപക കൃഷി നാശം ഉണ്ടായി. തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചിലുണ്ടായി.
ഉരുള്‍പൊട്ടലില്‍ കേടുപാട് സംഭവിച്ച വീടിൻറെ മുറ്റത്ത് മണ്ണ് വന്നുനിറഞ്ഞ നിലയില്‍
വാഗമണ്‍ റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തില്‍നിന്ന് കല്ലും മണ്ണും വൻതോതില്‍ റോഡിലേയ്ക്കെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മാർമല അരുവിയില്‍ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുവിയുടെ ഭാഗത്തേയ്ക്ക് പോകാൻപോലും സാധിക്കാത്ത തരത്തില്‍ വെള്ളച്ചാട്ടമായി മാറിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. പാതാമ്ബുഴയിലെ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടവും ശക്തിപ്രാപിച്ചു. ഇവിടേയ്ക്കുള്ള വഴിയിലെ പാലത്തില്‍ വെള്ളംകയറി. മൂന്നിലവ് രണ്ടാറ്റുമുന്നിയിലും വാകക്കാട്, മൂന്നിലവ് എന്നിവടങ്ങളിലും റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലം, അമ്ബാറ അമ്ബലം എന്നിടങ്ങളില്‍ റോഡില്‍ വെള്ളംകയറി.
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു.
കനത്ത മഴയില്‍ തീക്കോയി കല്ലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഗതാഗതം മുടങ്ങി. വാഗമണ്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തില്‍നിന്ന് കല്ലും മണ്ണും വൻതോതില്‍ റോഡിലേയ്ക്ക് പരന്നൊഴുകുകയായിരുന്നു. റോഡിലാകെ കല്ലും മണ്ണും നിരന്ന് കിടക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.