പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ഹോട്ടലില്‍നിന്നു കുഴിമന്തി കഴിച്ച് ചൊവ്വാഴ്ച പുലർച്ചെ ആണ് മരിച്ചത്.
ഉസൈബയുടെ ജീവനെടുത്തത് മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു സൂചന. മാത്രമല്ല ഭക്ഷ്യവിഷബാധ ഉണ്ടായ ‘സെയിൻ’ ഹോട്ടലിന് നിലവില്‍ ലൈസൻസില്ല.
കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടല്‍ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ഇപ്പോഴത്തെ നടത്തിപ്പുകാരനായ റഫീഖ് കഴിഞ്ഞ മാസം 4 ന് ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടല്‍ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കള്‍ എന്നിവരാണ് ഇത് കഴിച്ചത്. കഴിഞ്ഞ ദിവസം സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു. ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെത്തുടർന് ആദ്യം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുന്നത്.
പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടു നല്‍കി. കാലത്ത് മൃതദേഹം വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചയച്ചത്. മോശം ഭക്ഷണം വിളമ്ബിയതിന് ആറുമാസം മുമ്ബ് സെയിൻ ഹോട്ടല്‍ അടപ്പിച്ചിരുന്നു.