HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 25 | ശനി | ഇടവം 11 

◾ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ദില്ലിയിലെ ഏഴും, ഹരിയാനയിലെ പത്തും സീറ്റുകള്‍ക്ക് പുറമേ ഉത്തര്‍ പ്രദേശിലെ 14 ഉം ബീഹാറിലെ 8 ഉം ഒഡീഷയിലെ 6 ഉം പശ്ചിമ ബംഗാളിലെ 8 ഉം ജാര്‍ഖണ്ഡിലെ 4ഉം ജമ്മുകാശ്മീരിലെ ഒരു സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇന്നത്തെ 58 മണ്ഡലങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കുന്നതോടെ 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിയും. ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളാണുള്ളത്.

◾ പാക്കിസ്ഥാന്റെ കയ്യില്‍ ആറ്റംബോബുണ്ടെന്നും  ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചു.

◾ രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം സുപ്രീംകോടതി ഇടപെടില്ല.  തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഫോം 17 സി പ്രസിദ്ധീകരിച്ചാല്‍ കണക്കുകളില്‍ കള്ളത്തരം സൃഷ്ടിക്കാനാകുമെന്നായിരുന്നു കമ്മീഷന്റെ വാദം.

◾ കേരളത്തിന് ഈ വര്‍ഷം ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉള്‍പ്പെടെയാണിത്. അത് നേരത്തെ എടുത്തുകഴിഞ്ഞതിനാല്‍ ഇനി ഡിസംബര്‍ വരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി രൂപയുടെ കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാന്‍ കേരളം ആവശ്യപ്പെടും.

◾ ബാര്‍ കോഴ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച്  മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾ മദ്യനയത്തില്‍ ഇളവ് വരുത്താന്‍ ബാറ് ഉടമകളില്‍ നിന്ന് കോടികള്‍ വാങ്ങിയ ഇടപാട് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി. എക്സൈസ് മന്ത്രിക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ല. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ പിരിച്ചെടുത്ത പണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

◾ ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

◾ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിലവിലെ തീരുമാനത്തില്‍ എത്തിയത്. ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണ്. കെ എസ് ആര്‍ ടി സിയുടെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

◾ പെരിയാര്‍ നദിയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി ഏലൂര്‍ നഗരസഭ. നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നഗരസഭാ സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്.

◾ സച്ചിന്‍ ദേവ് എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അഡ്വ.ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജയശങ്കര്‍ യൂട്യൂബിലിട്ട വീഡിയോക്കെതിരായിരുന്നു സച്ചിന്‍ ദേവിന്റെ പരാതി.  

◾ സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി. പരസ്യ പ്രതികരണത്തില്‍ വിശദീകരണം വരുന്ന മുശാവറ യോഗത്തില്‍ നല്‍കാമെന്ന് കത്തിലൂടെ അറിയിച്ചു. സമസ്ത നേതൃത്വത്തിനും സുപ്രഭാതത്തിനും എതിരെ പരസ്യവിമര്‍ശനം നടത്തിയതിനാണ് നദ്വിയോട് സമസ്ത വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയാണ് സമസ്ത കാര്യാലയത്തില്‍ രേഖാമൂലം എത്തിച്ചു നല്‍കിയത്.

◾ കൈക്കുളങ്ങരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. നാല് പേരെയും നേരിയ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

◾ രാജ്യാന്തര അവയവക്കടത്ത് കേസില്‍  എടത്തല സ്വദേശി സജിത്ത് ശ്യാമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ  സാബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സജിത്ത് ശ്യാമിനെ പിടികൂടിയത്.

◾ ഗവേഷണ,തൊഴില്‍ സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പിലാക്കുന്നതെന്ന്  മന്ത്രി ഡോ. ആര്‍ ബിന്ദു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച നാല് വര്‍ഷ ബിരുദ കോഴ്‌സുകളെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

◾ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം എസ് ഷാജിയെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ബിനാമി പേരുകളില്‍ ഷാജിക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

◾ മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശി കഴിഞ്ഞ ദിവസം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്നാണ് എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയുള്ള ചോക്ലേറ്റ് വാങ്ങിയത്.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.

◾ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. വരുന്ന വെള്ളം മുഴുവന്‍ മലിനമാണെന്നും പ്രശ്ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളക്കെട്ടിന് കാരണമായ ഹോട്ട്സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

◾ മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. എറണാകുളത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആലുവയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് എറണാകുളം കാക്കനാട് കീലേരി മലയിലെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കാസര്‍കോട്ട് ശക്തമായ മഴയിലും കാറ്റിലും പുലിമുട്ടിലിടിച്ച് ബോട്ട് പൂര്‍ണമായി തകര്‍ന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.

◾ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ റിമാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍  14കാരന്‍ സഞ്ജയ് കൃഷ്ണ   മുങ്ങി മരിച്ചു. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബീച്ച് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് ജന്മദിന ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.  നന്ദി നരേന്ദ്ര മോദിജി എന്ന് ട്വീറ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

◾ കൈക്കൂലി കേസില്‍ തിരുവനന്തപുരം നഗരസഭ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറിനെ വിജിലന്‍സ് പിടികൂടി. ഇന്നലെ വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

◾ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍  ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയത്. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

◾ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ് പി അന്വേഷണം തുടങ്ങി. പൊന്നാനി പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

◾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഷവര്‍മ കടകളില്‍  വ്യാപക പരിശോധന . കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പന നിര്‍ത്തിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിക്കുന്നത്.

◾ ചലച്ചിത്ര-മിമിക്രി താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. പുതുപ്പള്ളിയിലെ വസതിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചാനല്‍ കോമഡി താരമായി തിളങ്ങിയ സോമരാജ്, ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

◾ പ്രശാന്ത് കിഷോറിന്റെ ബിജെപി അനുകൂല പ്രവചനങ്ങള്‍ക്കെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഇറക്കിയെന്നും പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഏജന്റാണെന്നും പണം വാങ്ങിയിട്ടാണ് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു .

◾ പ്രജ്വല്‍ രേവണ്ണയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചട്ടം ലംഘിച്ച്, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നത്.

◾ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

◾ മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ പത്തായി ഉയര്‍ന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹതയെ താനെ പൊലീസ് നാസിക്കില്‍ നിന്നും പിടികൂടി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കമ്പനിയുടെ ഉടമകള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്.

◾ 24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ കേസിലാണ് നടപടി. രണ്ടുവര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടി ലഭിക്കുന്ന കുറ്റങ്ങളാണ് മേധ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.

◾ പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഇന്ത്യയുടേത് തന്നെ ആയിരിക്കുമെന്നും നമ്മളത് തിരിച്ചു പിടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാക്കിസ്ഥാന്റെ കൈയില്‍ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണെന്നും എന്നാല്‍ ബി ജെ പി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും അമിത് ഷാ ജാര്‍ഖണ്ഡിലെ റാലിയില്‍ പറഞ്ഞു.

◾ റാഫ നഗരത്തിലുള്ള ഷബൂറ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. റാഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര കോടതി നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

◾ ഐപിഎലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റെ മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയുമാണ് രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തിയത്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളി.

◾ ചെലവ് ചുരുക്കലിന്റെ ഭാഗമായി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അയ്യായിരം മുതല്‍ ആറായിരം വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ ചെലവ് ചുരുക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം മൊത്തം തൊഴില്‍ശേഷിയില്‍ 15 മുതല്‍ 20 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ 500 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ ശരാശരി 32,798 ജീവനക്കാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. അന്ന് ഒരു ജീവനക്കാരന് വേണ്ടി വരുന്ന ശരാശരി ചെലവ് 7.87 ലക്ഷം രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ചെലവ് 34 ശതമാനം വര്‍ധിച്ച് 3,124 കോടി രൂപയായി. ഇതോടെ ഒരു ജീവനക്കാരന് വേണ്ടി വരുന്ന ചെലവ് 10.6 ലക്ഷമായി ഉയര്‍ന്നെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കലുമായി മുന്നോട്ടുപോകാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ പിരിച്ചുവിടല്‍ ആരംഭിച്ചതായാണ് സൂചന. ചെലവുചുരുക്കലിന്റെ ഭാഗമായി ഡിസംബറില്‍ മാത്രം ആയിരം പേരെയാണ് പിരിച്ചുവിട്ടത്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 550 കോടിയായി ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

◾ അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മാര്‍ക്ക് ആന്റണി എന്ന ചിത്രം ഒരുക്കിയ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് ഗുഡ് ബാഡ് അഗ്ലിയുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് നേടിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടും വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അജിത്തിന്റെ ശമ്പളം സംബന്ധിച്ച വിവരങ്ങളും ചില തമിഴ് സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 162 കോടിയാണ് അജിത്ത് പുതിയ ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്തവര്‍ഷത്തെ പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

◾ കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ‘ക്രൂ’. കൃതി സനോണും തബുവും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ നിന്ന് മാത്രം 151.16 കോടി ക്രൂ നേടിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. ദില്‍ജിത്ത് ദൊസാന്‍ഞ്ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്മിന്‍ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്റെ ഇതിവൃത്തം. കരീന കപൂര്‍ ഖാന്‍, തബു, കൃതി സനോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബാലാജി ടെലിഫിലിംസ്, അനില്‍ കപൂര്‍ ഫിലിം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.  രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്‍ജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലെ  ‘ചോളി കേ പീച്ചേ’ എന്ന ഹിറ്റ് ഗാനം ക്രൂവില്‍ റീമിക്സ് ചെയ്തിട്ടുണ്ട്. അബുദാബി മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

◾ ഏറെക്കാലമായി കാത്തിരിക്കുന്ന ഓഫ്‌റോഡ് എസ്യുവി അഞ്ച് ഡോര്‍ ഥാറിന്റെ സസ്പെന്‍സ് അവസാനിപ്പിക്കാന്‍ മഹീന്ദ്ര. ഓഗസ്റ്റ് 15 ന് ഇതിന്റെ ലോഞ്ച് നടക്കും. ഥാര്‍ അര്‍മ്മദ എന്ന പേരിലായിരിക്കും ഈ പുത്തന്‍ ഥാര്‍ എത്തുക എന്നാണ് നേരത്തെ വന്ന സൂചനകള്‍. അതിനിടെ, കമ്പനിയുടെ ചില ഔദ്യോഗിക ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനത്തിനായുള്ള അനൗദ്യോഗിക പ്രീ ബുക്കിംഗുകള്‍ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി ഡീലര്‍ഷിപ്പ് 25,000 മുതല്‍ 50,000 രൂപ വരെ ടോക്കണ്‍ തുകയായി സ്വീകരിക്കുന്നു. ഈ പുതിയ ഥാറില്‍ ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ 1.5 ലിറ്റര്‍ ഡീസല്‍ ഓപ്ഷനും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര 5-ഡോര്‍ ഥാറില്‍ ലഭ്യമായ മറ്റ് എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഇത് 203 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. രണ്ടാമത്തെ ഓപ്ഷന്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയിരിക്കും. ഇത് 175 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. അതേ സമയം, 117 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ലഭ്യമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഒഴികെ, ശേഷിക്കുന്ന രണ്ട് പവര്‍ട്രെയിനുകള്‍ ഇതിനകം തന്നെ അതിന്റെ 3-ഡോര്‍ മോഡലില്‍ ലഭ്യമാണ്.

◾ അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന്‍ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണന്‍. വിചിത്രമായ സൂത്രവാക്യങ്ങളാല്‍ ചേരുംപടി ചേര്‍ക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്. ‘സ്വേച്ഛ’. സി.വി ബാലകൃഷ്ണന്‍. ഡിസി ബുക്സ്. വില 162 രൂപ.

◾ മറവിരോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ശീലിക്കാം. ദിവസവും ഏഴ് ഗ്രാം വരെ ഒലീവ് ഓയില്‍ കഴിക്കുന്നത് മറവിരോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 28 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് 1990 മുതല്‍ 2018 വരെയുളള നീണ്ടകാലഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 92,383 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ 65.5 ശതമാനം ആളുകളും സ്ത്രീകളായിരുന്നു. ഈ 28 വര്‍ഷത്തിനിടെ 4,751 ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഓരോ നാല് വര്‍ഷത്തിലും നടത്തിയ വിലയിരുത്തലില്‍ ഒലീവ് ഓയില്‍ ദിവസവും ഉപയോഗിക്കുന്നവരില്‍ മറവിരോഗം മൂലമുള്ള മരണസാധ്യത കുറവാണെന്ന് കണ്ടെത്തി. തലച്ചോറുമായി ബന്ധപ്പെട്ട പലതരം തകരാറുകളെയാണ് പൊതുവേ ഡിമന്‍ഷ്യ അധവാ മറവിരോഗം എന്നു വിളിക്കുന്നത്. ഓര്‍മ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം മറവിരോഗം ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന മറവിരോഗമാണ് അള്‍സ്‌ഹൈമേഴ്‌സ്. മുതിര്‍ന്ന പൗരന്മാരില്‍ മൂന്നിലൊന്നും അള്‍സ്‌ഹൈമേഴ്‌സോ മറ്റ് മറവിരോഗങ്ങളോ മൂലമാണ് മരണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 56 ആയിരുന്നു. മാര്‍ഗരൈനും വാണിജ്യ മയോണൈസിനും പകരം പ്രകൃതിദത്ത ഉത്പന്നമായ ഒലീവ് എണ്ണ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണെന്നും ഇത് മരണകാരണമാകുന്ന മറവിരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

➖➖➖➖➖➖➖➖

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts