പ്രഭാത വാർത്തകൾ
24 മെയ് | 2024 | വെള്ളി | ഇടവം 10
◾ പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക് 5 പ്രധാനമന്ത്രിമാരെ നിശ്ചയിക്കണോ എന്നാണ് ഇന്ത്യാ മുന്നണി ചര്‍ച്ച ചെയ്യുന്നതെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാമക്ഷേത്രം ഉണ്ടാക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ രാമനാമം ജപിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ മോദി, മുസ്ലിംകള്‍ക്കു വേണ്ടി 2 രാജ്യം സൃഷ്ടിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുവെന്നും ആരോപിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ദൈവം നേരിട്ട് അയച്ച ഒരാള്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
◾ രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ ശക്തിയിലാണ് ദരിദ്രര്‍ക്ക്, കര്‍ഷകര്‍ക്ക്, ദലിതര്‍ക്ക്, ഗോത്രവിഭാഗങ്ങള്‍ക്ക്, പിന്നാക്കകാര്‍ക്ക് അവകാശങ്ങള്‍ ലഭിച്ചതെന്ന് പറഞ്ഞ പ്രിയങ്ക പത്തു വര്‍ഷം ഒരു സര്‍ക്കാരിനെ നയിച്ച പ്രധാനമന്ത്രി കുതിച്ചുയരുന്ന വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും നിശബ്ദത പുലര്‍ത്തുകയാണെന്നും അദ്ദേഹം ഇപ്പോള്‍ മംഗല്യസൂത്രത്തെപ്പറ്റിയാണ് പറയുന്നതെന്നും പരിഹസിച്ചു.
◾ ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാര്‍ട്ടി ഇല്ലാതാകില്ലെന്നും ഭഗവത്ഗീത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു.
◾ മഹാരാഷ്ട്ര ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനo. വന്‍സ്ഫോടനത്തില്‍ 8 മരണം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്. ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പരിക്കറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.
◾ കേരള തീരത്തിന് അരികിലായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ മഴ ശക്തമാകുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടി നാളത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തി. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
◾ സംസ്ഥാനത്ത് പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യത. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.നമ്പര്‍: 0471 2317 214.
◾ അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു വരുമ്പോള്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി നിര്‍ദേശിച്ചത്.
◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
◾ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി. ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മുഹമ്മദ് ബഷീറിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആര്‍ടിഒ കണ്ടെത്തിയിരുന്നു.
◾ സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് കോംപൗഡിന്റെ ഭരണം തഹസില്‍ദാര്‍ ഏറ്റെടുത്തു. സമാധാന അന്തരീക്ഷത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. രാത്രി വൈകിയും സ്ഥലത്ത് നിന്ന് പിരിഞ്ഞുപോവാതെ പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥലത്ത് പൊലീസ് തുടരുകയാണ്.
◾ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹി ജാസ്മിന്‍ ഷായ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തില്‍ ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.
◾ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ട്ടേഴ്സുളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളു. 18 വര്‍ഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം.ടെസ്റ്റ് വാഹനങ്ങളില്‍ ക്യാമറ വെക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയത്.
◾ പെരിയാറിലെ മത്സ്യക്കുരുതിയില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് . പെരിയാറില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തൊടിങ്ങയതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ ആരംഭിച്ചു എന്നും മന്ത്രി അറിയിച്ചു.
◾ തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങും. ട്രാഫിക് സിഗ്നല്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പം ഉണ്ടാകും. തൃശൂര്‍ എറണാകുളം ജില്ലാ കളക്ടര്‍മാരും ഒപ്പമുണ്ടാകും.
◾ തൃശൂരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തോടുകള്‍ വൃത്തിയാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിര്‍ദേശം. മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കാനകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചു. മഴക്കാല പൂര്‍വ്വ പ്രവൃത്തി നടപ്പാക്കാത്ത കോര്‍പ്പറേഷനാണ് വെള്ളക്കെട്ടിന് ഉത്തരവാദി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
◾ ജിഎസ്ടി വകുപ്പിന്റെ ഓപ്പറേഷന്‍ പാംട്രീയിലൂടെ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ആക്രികച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയത്. എറണാകുളം, പാലക്കാട്, തിരുവനന്തുപരം, മലപ്പുറം അടക്കം ഏഴ് ജില്ലകളില്‍ നൂറിലേറെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍.
◾ സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അവസാന ഘട്ടിലേക്ക് കടന്നു. മുപ്പത്തിനാല് കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് അബ്ദുള്‍ റഹീം നിയമസഹായ സമിതി കൈമാറിയത്.സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണ്ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും.
◾ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചു പഠിക്കാനെത്തിയ കര്‍ണാടക ധനകാര്യ കമ്മീഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. അധികാര വികേന്ദ്രീകരണത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കര്‍ണാടക ധനകാര്യ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണം, പൊതു വിതരണം, ഇ ഗവേണന്‍സ് തുടങ്ങി കേരളത്തിന്റെ ഒട്ടേറെ മാതൃകകള്‍ കര്‍ണാടകം പകര്‍ത്തിയ അനുഭവങ്ങളുണ്ടെന്നും സംഘം പറഞ്ഞു.
◾ പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിയില്‍ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മയക്കുവെടിയുടെ മരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്താനായില്ല.
◾ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണം കൊല്‍ക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് കെ.സുരേന്ദ്രന്‍. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്‍ഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റുചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാരാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണം, എങ്കിലേ ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ടാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
◾ കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. അലൈന്‍സ് എയറിന്റെയും ഇന്‍ഡിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്. അഗത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സര്‍വീസും റദ്ദാക്കി.
◾ സേനവിഭാഗങ്ങളിലെ ഹ്രസ്വസേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ഇതിനായി സൈന്യം ആഭ്യന്തര സര്‍വേ ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ 4 വര്‍ഷത്തെ സേവനത്തിനാണ് അഗ്നിപഥ് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായ യുവാക്കള്‍, നിയമന പരിശീലക ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതായാണ് സൂചന. സര്‍വേയിലെ ഉത്തരങ്ങള്‍ ഈ മാസം അവസാനത്തോടെ അവലോകനം ചെയ്ത് പുതിയ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾ ഭാരതിയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാംപസില്‍ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. ഷണ്‍മുഖമാണ് മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ആക്രമണത്തിന് ശേഷം ക്യാംപസില്‍ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിയ അജ്ഞാത സന്ദേശം മധ്യപ്രദേശില്‍ നിന്നാണെന്നാണ് സൂചന. ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കി.
◾ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളാണ് നാളെ വിധി എഴുതുന്നത്. മനുഷ്യനല്ല അവതാരമാണെന്ന് അവകാശപ്പെടുന്ന മോദിയെ താഴെയിറക്കി കോടിക്കണക്കിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് ഈസ്റ്റ് ഡല്‍ഹിയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ പശ്ചിമ ബംഗാളിലെ സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവര്‍ത്തകയായ 38 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് സംഘമാണ് തങ്ങളുടെ പ്രവര്‍ത്തകയെ കൊന്നതെന്നും നിരവധിപ്പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കുണ്ടെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു. നന്ദിഗ്രാം ഉള്‍പ്പെട്ടെ തംലുക് ലോക്സഭാ മണ്ഡലത്തില്‍ നാളെയാണ് വോട്ടെടുപ്പ്.
◾ മഹാരാഷ്ട്ര അഹമ്മദ് നഗറില്‍ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയില്‍ കാണാതായവര്‍ക്കായുളള തിരച്ചിലിനിടയിലാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
◾ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുത്തച്ഛന്‍ എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, നിയമം നിയമത്തിന്റെ വഴിക്ക് പോകും, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും ഹാസന്‍ എം.പി കൂടിയായ പ്രജ്വലിനോട് പാര്‍ട്ടി ലെറ്റര്‍ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.
◾ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ദില്ലിയില്‍ സഖ്യമായി മത്സരിക്കുന്നവര്‍ പഞ്ചാബില്‍ തമ്മില്‍ പോരാടുകയാണ്. ഇന്ത്യ സഖ്യം മുന്‍പും കര്‍ഷകര്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കി . എന്നാല്‍, ഒന്നും പാലിച്ചില്ലെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.
◾ ബൈഭവ് കുമാര്‍ തന്നെ ആക്രമിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മലിവാള്‍. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും താന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാതി പറഞ്ഞു.
◾ തന്റെ മാതാപിതാക്കളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്രിവാള്‍. ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ അപേക്ഷ.
◾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ ട്രൈ ജംഗ്ഷനായ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് നാരായണ്‍പൂര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്‌കാരച്ചടങ്ങിനോടനുബന്ധിച്ചുള്ള വിലാപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. റഈസിയുടെ ജന്‍മനഗരമായ മഷാദിലെ ഇമാം റെസ വിശുദ്ധപള്ളിയിലാണ് ഖബറടക്കം. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ് പ്രാര്‍ഥനയക്ക് നേതൃത്വം കൊടുത്തത്. മെയ് 19 നാണ് പ്രസിഡന്റ് റെയ്സിയും വിദേശകാര്യമന്ത്രിയും അടക്കം എട്ട് പേര്‍ അസര്‍ബൈജാനിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത്.
◾ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ നിയമിച്ചു. പതിനേഴു വര്‍ഷത്തോളം പരിശീലനത്തില്‍ അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി സ്റ്റാറേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
◾ ഇന്ന് നടക്കുന്ന ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ മെയ് 26 ന് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.
◾ കേരളത്തിലെ ഐ.ടി സംരംഭങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന ഇന്‍ഫോ പാര്‍ക്കിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ ‘എ’ റേറ്റിംഗ് ലഭിച്ചു. സാമ്പത്തിക വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവ്, ആരോഗ്യകരമായ പണലഭ്യത എന്നിവ ഇന്‍ഫോ പാര്‍ക്കിന് മികച്ച റേറ്റിംഗ് ലഭിക്കാന്‍ കാരണമായി. ഐ.ടി കമ്പനികളില്‍ നിന്നുള്ള വാടകയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്. എന്നാല്‍ കൂടുതല്‍ സ്ഥലം വാടകയ്ക്ക് പോകാത്തത്, ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ എന്നിവ ഇന്‍ഫോപാര്‍ക്കിന്റെ അനുകൂല ഘടകങ്ങളെ ഭാഗീകമായി ദുര്‍ബലപ്പെടുത്തുന്നതായി ക്രിസില്‍ വിലയിരുത്തുന്നു. ക്രിസില്‍ റേറ്റിംഗ് ഒരു സ്ഥാപനത്തിന്റെ ക്രെഡിറ്റ് യോഗ്യതയെ വിലയിരുത്തുകയും അതുവഴി ആ സ്ഥാപനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മനസിലാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കരുതല്‍ശേഖരം നിലനിര്‍ത്താന്‍ ഇന്‍ഫോപാര്‍ക്കിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 141 കോടി രൂപ നീക്കിയിരിപ്പുണ്ട്. മൂലധനം കണ്ടെത്തുന്നതിലെ കാര്യക്ഷമതയും കടബാധ്യത കുറച്ചതും ഉള്‍പ്പെടെയുള്ള ധനസ്ഥിതി കണക്കിലെടുത്താണ് ‘എ’ റേറ്റിംഗ് നിലനിര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. വാടകയ്ക്ക് പോകുന്നതിന്റെ നിരക്ക് 85 ശതമാനത്തിലേക്ക് എത്തിയതും വാടക വരുമാനം 20 ശതമാനം വര്‍ധിച്ചതും മികച്ച റേറ്റിംഗ് ലഭിക്കുന്നതിന് അനുകൂലമായി.
◾ ശങ്കറിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി ലോകം മുഴുവന്‍ കാത്തിരിപ്പിലാണ്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ 2ന്റെ ഓരോ അപ്‌ഡേറ്റ്‌സും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം പാരാ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യ ഗാനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വലിയ ജനപ്രീതിയാണ് ഗാനത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേഷന്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ജൂലൈ 12ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ്‌ജെ സൂര്യ, ബോബി സിന്‍ഹ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്‍മ്മന്‍ ആണ്. പീറ്റര്‍ ഹെയ്ന്‍, അന്‍പറിവ്, സ്റ്റണ്ട് സില്‍വ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.
◾ ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന നിരഞ്ജ് മണിയന്‍പിള്ള രാജു മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് 2013ല്‍ ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിയിരിക്കുകയാണ് നിരഞ്ജ്. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ഹൊറര്‍ ഫാന്റസി ചിത്രമായ ഗു ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സ്ഥിരം ഹൊറര്‍ പടങ്ങളില്‍ നിന്നും തികച്ചും മാറി നില്‍ക്കുന്ന ചിത്രമാണ് ഗു. മ്യൂസിക്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ്, കഥാപാത്രങ്ങള്‍ തുടങ്ങി മൊത്തത്തില്‍ എല്ലാ മേഖലയിലും ആ വ്യത്യാസം കാണാം. ചിത്രത്തില്‍ മിത്രന്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജ് അവതരിപ്പിച്ചിട്ടുള്ളത്. കഥ നടക്കുന്ന തറവാട്ടിലെ കുട്ടികള്‍ക്കെല്ലാം പ്രിയപ്പെട്ട ചെറിയച്ഛന്‍. ഇവിടെ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന ആളാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ മിത്രന്‍. ഓരോ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് കുട്ടികളെ പേടിപ്പിക്കലാണ് മിത്രന്റെ പ്രധാന വിനോദം. കുട്ടികള്‍ നന്നായി പേടിക്കുന്നുമുണ്ട്. എന്നാല്‍ സ്വയം പേടിയുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി കുട്ടിപ്പട്ടാളത്തിന്റെ നേതാവായി നടക്കുകയാണ് നിരഞ്ജിന്റെ മിത്രന്‍ എന്ന കഥാപാത്രം.
◾ 2023 മെയ് മാസത്തില്‍ നിസാന്‍ ഇന്ത്യ മാഗ്നൈറ്റ് ഗീസ സ്പെഷ്യല്‍ എഡിഷന്‍ 7.39 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 72 ബിഎച്ച്പി, 1.0 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന ഈ പ്രത്യേക പതിപ്പ് ഒരു വേരിയന്റില്‍ മാത്രമായി ലഭ്യമായിരുന്നു. ഇപ്പോള്‍, നിസാന്‍ മാഗ്നൈറ്റ് ഗെസ സിവിടി പ്രത്യേക പതിപ്പ് 9.84 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കി. മാനുവല്‍ പതിപ്പിന് സമാനമായി, സിവിടി പതിപ്പ് അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. സ്റ്റോം വൈറ്റ്, സാന്‍ഡ്‌സ്റ്റോണ്‍ ബ്രൗണ്‍, ഫ്ലേര്‍ ഗാര്‍നെറ്റ് റെഡ്, ഓനിക്സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. നിസാന്‍ മാഗ്നൈറ്റ് ഗെസ സിവിടി പ്രത്യേക പതിപ്പ് ഒരു ഫോണ്‍ ആപ്പ് വഴി നിയന്ത്രിക്കുന്ന ആംബിയന്റ് ലൈറ്റിംഗിനൊപ്പം ഓപ്ഷണല്‍ ബീജ് സീറ്റ് അപ്ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുന്നു. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ട്രാക്ക് ലൈനുകളുള്ള റിയര്‍വ്യൂ ക്യാമറ, ജെബിഎല്‍ സ്പീക്കറുകള്‍, ഗെസ ബാഡ്ജുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
◾ കാതോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കാവുന്ന ചില ജീവിതങ്ങള്‍ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താല്‍ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഏതെങ്കിലുമൊരു താളില്‍, ഏതെങ്കിലുമൊരു വരിയില്‍, ഒരു വാക്കില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് നിങ്ങളെ മുഖാമുഖം കാണാം… ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നേക്കാം… ഒടുവില്‍ മരണമില്ലാത്ത പ്രണയത്തിനും നീതി നല്‍കേണ്ട ജീവിതബന്ധങ്ങള്‍ക്കും മുന്നില്‍ ആ ചോദ്യങ്ങള്‍ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങള്‍ക്കു മുന്നില്‍ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..! ‘എന്റെ അരുമയായ പക്ഷിക്ക്’. ജിസ്മ ഫൈസ്. ഡിസി ബുക്സ്. വില 180 രൂപ.
◾ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് ഇപ്പോഴും പലര്‍ക്കും ആശയക്കുഴപ്പമാണ്. ചിലര്‍ രാവിലെകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ സൗകര്യം നോക്കി വൈകുന്നേരവും രാത്രികളും തെരഞ്ഞെടുക്കുന്നു. ശരീരം അനങ്ങിയാല്‍ പോരെ അതിനും സമയം ഉണ്ടോ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എങ്കില്‍ ഉണ്ട്, എന്നാണ് ഉത്തരം. കാരണം വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്റെ താപനില ഉയരാനും ഹൃദയമിടിപ്പ് വര്‍ധിക്കാനും കാരണാകും. കൂടാതെ ശരീരത്തിലെ അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഉല്‍പാദിക്കപ്പെടുന്നു. രാത്രി വൈകിയുള്ള വര്‍ക്ക്ഔട്ട് കഴിഞ്ഞ് വന്ന് നേരെ കട്ടിലിലേക്ക് കിടുന്ന ശീലം നിങ്ങളെ കൂടുതല്‍ രോഗി ആക്കും എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മളുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥം വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിസമയത്ത് സ്വാഭാവികമായി നമ്മുടെ ശരീരത്തിലെ താപനില താഴുന്നു. ഇതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന നല്‍കുന്നത്. വൈകുന്നേരമാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ സമയത്ത് പേശികളുടെ പ്രവര്‍ത്തനവും ശരീര താപനിലയും ഏറ്റവും ഉയര്‍ന്ന നിലയിലായതിനാലാണിത്. എന്നാലും രാവിലെ വ്യായാമം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഒരു ദിവസം മുഴുന്‍ ഊര്‍ജ്ജ നിലയും മെറ്റബോളിസവും വര്‍ധിപ്പിക്കുന്നത് പോലെയുള്ള ഗുണങ്ങളുമുണ്ട്.