പ്രഭാത വാർത്തകൾ
2024 | മെയ് 21 | ചൊവ്വ | ഇടവം 7
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%. മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്- 48.88%. ബിഹാറില്‍ 52.55%, ജമ്മുകശ്മീരില്‍ 54.21%, ജാര്‍ഖണ്ഡില്‍ 63%, ഒഡീഷയില്‍ 60.72%, ഉത്തര്‍പ്രദേശില്‍ 57.43%, ലഡാക്കില്‍ 67.15% എന്നിങ്ങനെയാണു പോളിങ്.
◾ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ജനകീയ വികസന മാതൃക കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയും പുതിയ പദ്ധതികള്‍ ഏറ്റെടുത്തും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്നിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
◾ അവയവം മാറ്റ ശസ്ത്രക്രിയ നടത്തിയ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാവില്‍ കെട്ട് കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തില്‍ ഡോക്ടര്‍ ഉറച്ച് നിന്നു. ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒപ്പമാണ് ചോദ്യം ചെയ്തത്.
◾ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വ്യാജം എന്ന് കെഎസ്ഇബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
◾ അവയവക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലായ സബിത്ത് നാസറിന്റെ മൊഴിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അവയവക്കടത്തിനായി പ്രധാനമായും യുവാക്കളെ കണ്ടെത്തുന്നത് ഹൈദരാബാദ്, ബെംഗലൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണെന്നും, 6 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി നല്‍കുന്നതെന്നും സബിത്ത് പറഞ്ഞു. സബിത്ത് നാസര്‍ വഴി സംഘത്തിലേക്ക് മുഴുവനായി എത്തിപ്പെടാന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
◾ കൊച്ചി അവയവകടത്ത് കേസിലെ ഷമീര്‍ വൃക്ക ദാനം ചെയ്യാന്‍ നേരത്തെ ശ്രമിച്ചിരുന്നതായി പാലക്കാട് തിരുനെല്ലായി കൗണ്‍സിലര്‍ മന്‍സൂര്‍. കൂട്ടുകാരന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞാണ് വൃക്കദാനത്തിന് ശ്രമിച്ചതെന്നും ഷമീര്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നയാളാണെന്നും മന്‍സൂര്‍ പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഷമീര്‍ എവിടെയെന്ന് അറിയില്ല വീട്ടുകാരുമായി ഷമീറിന് ബന്ധമില്ലെന്നും മന്‍സൂര്‍ പറഞ്ഞു.
◾ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.ടി പ്രബാഷ്, പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രബാഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഷൈനിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
◾ മഴ കനത്തതോടെ തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനമായി. കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍,വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം വിലക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേയാണ് നിയന്ത്രണം എന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു .
◾ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. . മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് ലഭിച്ചത്.
◾ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി പി ജയരാജന്‍. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
◾ ബിലിവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ പൊതുദര്‍ശനം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്. നാല് ഘട്ട ശുശ്രൂഷ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാരം.
◾ കോടതിയലക്ഷ്യ കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമര്‍ശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. ഇനി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
◾ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളി അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. കൊലപാതകത്തില്‍ അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്നും ആളൂര്‍ പറഞ്ഞു .
◾ കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഇഡി കോടതിക്ക് മറുപടി നല്‍കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കം ആരോപണ വിധേയരായ സംഭവത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയാണ് കോടതിയെ സമീപിച്ചത്. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
◾ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു . തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 49-50 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ ഹൊസ്ദുര്‍ഗില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് പ്രതിക്കായി ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.
◾ മഹാത്മാഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എം ജി സര്‍വകലാശാലയും മികവ് ആവര്‍ത്തിച്ചത്.
◾ എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ ആഷിഖിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 38 വയസ്സായിരുന്നു. വൈകിട്ടാണ് സംഭവം. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയില്‍ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
◾ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.
◾ ഡല്‍ഹി കരോള്‍ബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.
◾ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നലെയാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്. ബംഗാള്‍ ഒളിംപിക് അസോസിയേഷന്റെയും ബംഗാള്‍ ഹോക്കി അസോസിയേഷന്റെയും പ്രസിഡന്റാണ് ബബുന്‍ ബാനര്‍ജി.
◾ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തിലധികം പരാതികള്‍ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്റുമാര്‍ക്കെതിരായ ആക്രമണം എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയില്‍ ചുവരെഴുത്ത്. മെട്രോ പട്ടേല്‍ നഗര്‍ സ്റ്റേഷനിലും, മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി.
◾ ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ എസ് ഭീകരരെ എടിഎസ് ഗുജറാത്തില്‍ പിടികൂടി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്നും ചെന്നൈ വഴിയാണ് ഇവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്.
◾ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ രാഹുല്‍ബാബക്ക് ജൂണ്‍ നാലിന് ശേഷം കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരുമെന്നും എന്നാല്‍ ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
◾ മദ്യനയ കേസില്‍ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയില്‍ ഈമാസം 14നാണ് വാദം പൂര്‍ത്തിയായത്.
◾ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും മോദി പിടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ഒരു ദിവസത്തേക്ക് ദുഖാചരണം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.
◾ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കും.
◾ ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം. ഇന്നലെ ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവര്‍ ദേശീയ റെക്കോഡോടെ ലക്ഷ്യത്തിലെത്തി.
◾ ഐപിഎല്ലില്‍ ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി എറ്റുമുട്ടും. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
◾ രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) കാഴ്ചവച്ചത് പൊതുമേഖലാ ബാങ്കുകളെ മറികടക്കുന്ന പ്രകടനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ നേടിയ ലാഭം 1.41 ലക്ഷം കോടി രൂപയാണ്. അതേസമയം സ്വകാര്യ ബാങ്കുകള്‍ നേടിയതാകട്ടെ 1.78 ലക്ഷം കൂടി രൂപയുടെ ലാഭവും. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ സംയുക്ത ലാഭം മൂന്ന് ലക്ഷം കോടി രൂപ കവിഞ്ഞു. ആദ്യമായാണ് ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭം എന്ന നാഴികക്കല്ല് പിന്നിടുന്നത്. 26 സ്വകാര്യ ബാങ്കുകളും 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. ബാങ്കുകളുടെ ലാഭം കൂടാന്‍ മുഖ്യമായും സഹായകമായത് ഉയര്‍ന്ന വായ്പ വളര്‍ച്ചയാണ്. ഇതുവഴി അറ്റ പലിശ വരുമാനം കൂടി. മാത്രമല്ല ബാങ്കുകള്‍ക്ക് അവരുടെ ആസ്തി നിലവാരം മെച്ചമായ നിലയില്‍ സൂക്ഷിക്കാനുമായി. മുന്‍വര്‍ഷവുമായി നോക്കുമ്പോള്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭം 41 ശതമാനവും പൊതുമേഖല ബാങ്കുകളുടേത് 35 ശതമാനവും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 60,812 കോടി രൂപയായിരുന്നു ലാഭം. പൊതുമേഖല ബാങ്കുകളില്‍ 61,076 കോടി രൂപ ലാഭം രേഖപ്പെടുത്തിയ എസ്.ബി.ഐയാണ് മുന്നില്‍. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ലാഭത്തില്‍ പിന്നിലുള്ളത്. സ്വകാര്യ ബാങ്കുകുളില്‍ എ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കൂടുതല്‍ ലാഭം നേടിയത്.
◾ തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. വളരെക്കാലത്തിന് ശേഷം തമിഴില്‍ ഒരു ബോക്സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത ‘അറണ്‍മണൈ 4’. ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു തമന്ന. ‘അറണ്‍മണൈ 4’ ഇതിനകം തമിഴിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. ചിത്രം ഇതിനകം 75 കോടി ഗ്രോസ് നേടിയിട്ടുണ്ട്. അധികം വൈകാതെ ചിത്രം 100 കോടിയില്‍ എത്താനും സാധ്യതയുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരം. 30 ശതമാനത്തോളമാണ് തമന്ന തന്റെ ശമ്പളം ഉയര്‍ത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3 കോടി രൂപയാണ് തമന്നയ്ക്ക് രജനികാന്തിന്റെ ജയിലറില്‍ പ്രതിഫലം കിട്ടിയത്. ഇത് 4 കോടിയിലേക്ക് താരം ഉയര്‍ത്തിയെന്നാണ് വിവരം. അടുത്ത തമിഴ് ചിത്രത്തിന് താരം ഈ തുക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
◾ പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ വന്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ചിരിപ്പൂരം തീര്‍ത്താണ് പൃഥ്വിരാജിന്റെയും ബേസിലിന്റെയും ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്. ഗള്‍ഫിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. ഗള്‍ഫില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 13.80 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകന്‍ വിപിന്‍ ദാസിന്റെ ഹിറ്റ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 46 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി ദ ഓട്ടമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ. എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്. ലോകത്തില്‍ തന്നെ ആദ്യമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഇത്തരത്തിലൊരു ടെസ്റ്റ് നടത്തുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഏതൊക്കെ സ്‌കൂട്ടറുകളാണ് ക്രാഷ് ടെസ്റ്റില്‍ ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്താന്‍ എആര്‍എഐ വിസമ്മതിച്ചു. റിജിഡ് ബാരിയര്‍, സൈഡ് പോള്‍ എന്നീ ക്രാഷ് ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റിനായി ആക്സിലറോമീറ്ററുകളും ഹൈ സ്പീഡ് ക്യാമറയും ഉപയോഗിച്ചു എന്നും എആര്‍എഐ പറയുന്നു. സമീപകാലത്ത് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഇവയുടെ സുരക്ഷയപ്പെറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എആര്‍എഐ ക്രാഷ് ടെസ്റ്റ് നടത്തിയത് എന്നാണ് കരുതുന്നത്. തീ പിടുത്തങ്ങളെ തുടര്‍ന്ന് ബാറ്ററിയുടെ നിലവാരവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിലവാരവും ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
◾ മനുഷ്യന്റെ പരിണാമ വികാസങ്ങള്‍ക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ പിടിച്ചുനിര്‍ത്തുന്ന ആദ്യ അണക്കെട്ട് നിര്‍മ്മിച്ചത് മെസോപ്പൊട്ടാമിയയില്‍ ആണ്. ഇന്ന് അണക്കെട്ടുകളില്ലാത്ത നദികള്‍ വിരളമാവും. ഭൂമിയുടെ ഭ്രമണത്തെത്തന്നെ ഉലച്ചുകളഞ്ഞ അണക്കെട്ടുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ ക്ഷേത്രങ്ങളെന്നാണ് നെഹ്രു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. വികസിത രാജ്യങ്ങള്‍ അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്ത് തുടങ്ങിയ കാലത്ത് അണക്കെട്ടുകളുടെ രാഷ്ട്രീയ സാമ്പത്തിക വിശകലനങ്ങള്‍ക്ക്, അവ നിര്‍മ്മിക്കുന്നതിലെ അടിയൊഴുക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. അണക്കെട്ടിനാല്‍ ഒഴുക്കറ്റ് മരിച്ചുപോവുന്ന നദികളുടെ, അവ പേറുന്ന ജീവനുകളുടെ, നമ്മെ കാത്തിരിക്കുന്ന പ്രളയങ്ങളുടെ കഥകള്‍ മാത്രമല്ല ഈ നോവല്‍. നദികള്‍ക്കൊപ്പം ജീവിച്ച മനുഷ്യരുടെയും അവയുടെ ആഴങ്ങളിലും പരപ്പുകളിലുമുള്ള, നമ്മള്‍ ഇനിയും കണ്ടിട്ടില്ലാത്ത ചരാചരങ്ങളുടെയും കഥകള്‍ കൂടിയാണ് ‘ആറ്, പുഴ, നദി…’. ജോഷില്‍. ഗ്രീന്‍ ബുക്സ്. വില 500 രൂപ.
◾ നമ്മുടെ ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങളിലേക്കും നയിക്കാം. എന്നുകരുതി ഉപ്പ് പൂര്‍ണ്ണമായും നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്‍സുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവര്‍ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയത്തിന്റെ തോത് താഴുന്നത് വൃക്കകളില്‍ ഉപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. സോഡിയം തോത് കുറയുന്നത് ഹൈപോനാട്രീമിയയിലേക്കും നയിക്കാം. 135 മില്ലി ഇക്വിവലന്റ്‌സ് പെര്‍ ലീറ്ററിലും താഴെ സോഡിയത്തിന്റെ അംശം വരുമ്പോഴാണ് ഹൈപോനാട്രീമിയ ഉണ്ടാകുന്നത്. പേശിവേദന, ദുര്‍ബലത, ഓക്കാനം, ഛര്‍ദ്ദി, ഊര്‍ജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം. ഒരു വ്യക്തി കോമയിലേക്ക് നീങ്ങുന്ന അതിഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കാം. സോഡിയത്തിന്റെ തോത് 120 മില്ലി ഇക്വിവലന്റ് പെര്‍ ലീറ്ററിലും താഴെ വരുമ്പോഴാണ് ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നത്. ഇക്കാരണങ്ങളാല്‍ നിത്യവുമുള്ള ഭക്ഷണത്തില്‍ നിയന്ത്രിതമായ തോതില്‍ ഉപ്പ് ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 2000 മില്ലിഗ്രാം ഉപ്പാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.