കയ്‌പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. അശ്വിൻ എന്ന യുവാവിനെയാണ് സംഘം ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനം തടയാൻ ശ്രമിച്ച ജിതിൻ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം. അശ്വിനെ യുവാക്കള്‍ തെരുവിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.
തമ്മില്‍ തല്ലിയവരെല്ലാം സുഹൃത്തുക്കളം പരിചയക്കാരുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ അശ്വിനെ മർദ്ദിച്ചത്. ഒരാളുടെ ഹെല്‍മറ്റും ഹെഡ്‌സെറ്റും മറ്റൊരാള്‍ എടുത്തതിനെച്ചൊല്ലിയുളള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അശ്വിൻ പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണം നടത്തിയ യുവാക്കള്‍ ലഹരി മാഫിയയുടെ കണ്ണികളാണോ അല്ലെങ്കില്‍ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന തരത്തിലുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.