HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 9 | വ്യാഴം | മേടം 26 | 

◾ ‘എന്താ മോദിജീ പേടിച്ചു പോയോ’ എന്ന് മോദിയോട് എക്‌സ് ഹാന്‍ഡിലിലൂടെ ചോദിച്ച് രാഹുല്‍ ഗാന്ധി. അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മറുപടി. അവര്‍ ടെംപോയില്‍ പൈസ തരുന്നുവെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നു ചോദിച്ച രാഹുല്‍ അദാനിയും അംബാനിയും പണം തന്നെങ്കില്‍ ഇ ഡിയേയും സി ബി ഐയേയും വിട്ട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ 22 ഇന്ത്യക്കാരെ മഹാകോടീശ്വരന്‍മാരാക്കിയെങ്കില്‍ കോണ്‍ഗ്രസ് മഹാലക്ഷ്മി പദ്ധതിയിലൂടെ കോടികണക്കിന് ആളുകളെ ലക്ഷാധിപതികളാക്കുമെന്നും രാഹുല്‍ പറഞ്ഞു.

◾ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാന്‍ അനുവദിക്കില്ലെന്നും കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് തടയാനും രാമക്ഷേത്രത്തിന് ‘ബാബറി പൂട്ട്’ വീഴാതിരിക്കാനും ആണ് താന്‍ 400 സീറ്റ് ആവശ്യപ്പെടുന്നതെന്നും മോദി വ്യക്തമാക്കി. എന്നാല്‍ താന്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ എതിരല്ലെന്നും മോദി പറഞ്ഞു.

◾ വോട്ടിങ് വിവരങ്ങള്‍ നല്‍കുന്നത് വൈകിക്കുന്നതിലും  ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധം ഉന്നയിക്കാന്‍ ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിങ് വിവരങ്ങള്‍ കൃത്യമായി നല്‍കാത്തത് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്നത് അടക്കമുള്ള വിമര്‍ശനങ്ങള്‍ നേരത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ അടിയന്തര നടപടിയും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടേക്കും.

◾ എയര്‍ ഇന്ത്യ എക്സ്പ്രസിലെ കാബിന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുള്ള പ്രതിസന്ധി അടുത്ത ദിവസങ്ങളിലും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും പുനഃക്രമീകരിച്ചും പ്രതിസന്ധി കുറച്ചെങ്കിലും മറികടക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തൊണ്ണൂറിലേറെ സര്‍വീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ ആലോക് സിങ് വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് വിമാനക്കമ്പനി അധികൃതര്‍ കത്തയച്ചു. അതേസമയം വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.

◾ ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99. 69 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം.  71,831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്,  99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2,474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

◾ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍ കുട്ടി.  മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

◾ അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്നറിയാം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

◾ ബിലീവേഴ്‌സ് ചര്‍ച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) കാലം ചെയ്തു. യുഎസിലെ ടെക്‌സസിലുള്ള ഡാലസില്‍ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു.

◾ പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലയിലിരിക്കെ ആയിരുന്നു മരണം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി ആറോളം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയ സംഗീത് ശിവന്‍ ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

◾ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

◾ നരേന്ദ്രമോദിക്ക് ഇഡി എങ്ങനെയാണോ അതേ പോലെയാണ് പിണറായിക്ക് വിജിലന്‍സെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അതേസമയം ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിലെ വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. തന്നെ വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നതെന്നും ഇതുകൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പണം ഉപയോഗിച്ചാണ് കുടുംബസമേതം വിദേശത്തേക്ക് പോയതെന്നും എല്ലാ അനുമതിയും വാങ്ങിയിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നു ചോദിച്ച എംവി ഗോവിന്ദന്‍ വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണെന്നും ആരോപിച്ചു.

◾ വിവിധ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ത്ഥികള്‍ക്കവേണ്ടി പോലും പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത കൊടുംചതിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു പോയതെന്നും സുധാകരന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി  പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് കാട്ടുന്ന സാമാന്യമര്യാദ പോലും പൊളിറ്റ് ബ്യൂറോ അംഗവും സി പി എമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിക്കാരോട്  കാട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

◾ എസ് എന്‍ സി ലാവലിന്‍ കേസ് ഇന്നലെ അന്തിമവാദം തുടങ്ങാന്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നലെയും പരിഗണിച്ചില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് ഇന്നലെ പരിഗണനയ്ക്ക് എത്താഞ്ഞത്. ഇതോടെ ഈ മാസം 3 തവണയും മൊത്തത്തില്‍ 41 -ാം തവണയുമാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്.

◾ ലീഗിന്റെ ജനറല്‍ സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കുക മുസ്ലിം ലീഗാണെന്നും പി എം എ സലാമിനെ മാറ്റണം എന്ന് സമസ്ത പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

◾ അതിജീവിത നല്‍കിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ പുനരന്വേഷണത്തിന് തുടക്കമായി. ഇന്ന് അതിജീവിതയില്‍ നിന്ന് മൊഴിയെടുക്കും. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴിരേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടര്‍ എഴുതിയെടുത്തതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

◾ നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയില്‍ ഉണ്ടാവുക.

◾ കനത്ത കാറ്റിലും മഴയിലും എറണാകുളം ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. ലൈനുകള്‍ പൂര്‍വസ്ഥിതിയിലാക്കിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് വൈദ്യുതി ലൈനില്‍ തടസമുണ്ടായത്.

◾ മേതില്‍ ദേവികയുടെ ദി ക്രോസ്ഓവര്‍ എന്ന ഡാന്‍സ് ഡോക്യുമെന്ററി തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നിഷ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കോടതി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അധ്യാപിക സില്‍വി മാക്‌സി മേനയ്‌ക്കെതിരെ എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

◾ കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയ സുഭാഷിന് ശ്വാസം മുട്ടിയപ്പോള്‍ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ  ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.

◾ കൂട്ടത്തോടെ വിമാനങ്ങള്‍ റദ്ദാക്കിയതിന് എയര്‍ ഇന്ത്യ എക്സ്പ്രസിനോട്  റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ചൊവ്വാഴ്ച രാത്രി മുതല്‍ ഇതുവരെ നിരവധി വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.

◾ കോണ്‍ഗ്രസിന്റെ ചിന്ഹമായ കൈപ്പത്തി അടിയന്തരമായി മരവിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

◾ തന്റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ രാജിവെച്ചു. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നുമുള്ള പിത്രോദയുടെ  പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനയെ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.

◾ കോണ്‍ഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി കര്‍ണാടക ഘടകം എക്‌സില്‍ പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്. ബി.ജെ.പിയുടെ കര്‍ണാടക ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾ വെറും 9.4 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 167 റണ്‍സെടുത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 30 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 28 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും മികവില്‍ 62 പന്തുകള്‍ ശേഷിക്കേ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി.

◾ ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി. പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്‌ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്. പേയ്മെന്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാം. പണം ഇടപാടിന്റെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കും. 2022 മുതല്‍ ഗൂഗിള്‍ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിള്‍ വാലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂണ്‍ മുതല്‍ ഇന്ത്യയും സിംഗപ്പൂരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിള്‍പേ ലഭ്യമാകില്ലെന്നു ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചന നല്‍കിയിരുന്നു.

◾ പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’ സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് നാഗ് അശ്വിനാണ്. പ്രഭാസിന്റെ ഒരു വിഷ്ണു അവതാര കഥാപാത്രത്തിന് മഹേഷ് ബാബു ശബ്ദം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി 27ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്സ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു.

◾ ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സില്‍ നായകരോളം കയ്യടി നേടിയ കഥാപാത്രമാണ് അര്‍ജുന്‍ ദാസ് അവതരിപ്പിച്ച അടക്കളം ദാസിന്റെ സഹോദരന്‍ അന്‍പ് ദാസ്. അര്‍ജുന്‍ ദാസിന്റെ ഘനഗാംഭീര്യമായ ശബ്ദവും ശരീരഘടനയും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. കൈതിയിലും, വിക്രത്തിലും അന്‍പ് ദാസ് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ എല്‍സിയു ചിത്രങ്ങളില്‍ അന്‍പ് ദാസ് കേന്ദ്ര കഥാപാത്രമാവുന്ന ഒരു ചിത്രത്തിന് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജുന്‍ ദാസ്. കൂടാതെ എല്‍സിയുവിലെ ഓരോ കഥാപാത്രത്തെ വെച്ചും സ്റ്റാന്‍ഡ് എലോണ്‍ ചിത്രത്തിനുള്ള സാധ്യതയുണ്ടെന്നും അര്‍ജുന്‍ ദാസ് പറയുന്നു. കൈതി 2 ആണ് എല്‍.സി.യുവിലെ അടുത്ത സിനിമ. പിന്നെ റോളക്സിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ലിയോ ദാസിന്റെ ബാക്ക് സ്റ്റോറി എന്തായിരുന്നുവെന്ന് കാണിച്ചുകൊണ്ട് ഒരു സിനിമ ചിലപ്പോള്‍ ഉണ്ടാകാം. പിന്നെ വിക്രം 2. അതിലായിരിക്കും എല്ലാ കഥാപാത്രങ്ങളും ഒരുമിച്ച് വരിക. അര്‍ജുന്‍ ദാസ് പറഞ്ഞു.

◾ കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വില്‍പ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്. ഈ കാറിന് പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ശേഷവും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ഈ മാസവും കമ്പനി തങ്ങളുടെ ഓഫ്-റോഡ് എസ്യുവിക്ക് 1.50 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. 2023 മോഡല്‍ വര്‍ഷത്തിലും 2024 മോഡല്‍ വര്‍ഷത്തിലും കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2023 മോഡല്‍ വര്‍ഷം നിര്‍മ്മിച്ച ജിംനിക്ക് 1,50,000 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 വര്‍ഷത്തില്‍ നിര്‍മ്മിതമായ മോഡലിന് 50,000 രൂപയാണ് കഴിവ്. കഴിഞ്ഞ അഞ്ച് മാസത്തെ മാരുതി ജിംനിയുടെ വില്‍പ്പനയെക്കുറിച്ച് പറയുകയാണെങ്കില്‍, 2023 നവംബറില്‍ 1,020 യൂണിറ്റുകളും 2023 ഡിസംബറില്‍ 730 യൂണിറ്റുകളും 2024 ജനുവരിയില്‍ 163 യൂണിറ്റുകളും 2024 ഫെബ്രുവരിയില്‍ 322 യൂണിറ്റുകളും 2024 മാര്‍ച്ചില്‍ 318 യൂണിറ്റുകളും വിറ്റു. അതായത്, ഈ വര്‍ഷത്തെ മൂന്ന് മാസത്തെ ശരാശരി പ്രതിമാസ വില്‍പ്പന 267 യൂണിറ്റാണ്. ജിമ്മിയുടെ ഡിമാന്‍ഡ് എത്രമാത്രം കുറഞ്ഞുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിനോടാണ് ജിംനി മത്സരിക്കുന്നത്.

◾ ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത്രങ്ങളില്‍പ്പെട്ട ചില വ്യക്തികള്‍ മണ്‍മറഞ്ഞവരായിരിക്കാം. വേറെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ നിന്നും വഴിമാറി യാത്ര ചെയ്തവരായിരിക്കാം. എന്നിട്ടും അവര്‍ കാലത്തിന്റെയോ ദേശത്തിന്റെയോ സ്പന്ദനങ്ങളുള്‍ക്കൊണ്ടുകൊണ്ട് ഭൂതകാലത്തിലേക്ക് മാടിവിളിക്കുന്നു. അസ്വസ്ഥതകളിലേക്ക് നമ്മെ തള്ളിവിടുന്നു. ‘ഒരു വൃത്തത്തിലേയ്ക്ക് ചുരുങ്ങിയ പകല്‍’. ഡോ. ആശ കെ. സൈകതം ബുക്സ്. വില 142 രൂപ.

◾ ഈ ചൂടുകാലത്ത് നിബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് തണ്ണിമത്തന്‍. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ വിവിധ രോ?ഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. തണ്ണിമത്തന്നില്‍ അടങ്ങിയിട്ടുള്ള  ലൈക്കോപീന്‍ എന്ന സംയുക്തം കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും ചെയ്യും. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. തണ്ണിമത്തനില്‍ 95% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്.  വൈറ്റമിനുകളായ സി, എ,  പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം  എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍  അടങ്ങിയിട്ടുണ്ട്. ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിന്‍ സി യും മറ്റും കൂടുമ്പോള്‍ തണ്ണിമത്തന്‍ കാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും കുടലിനെ ആരോ?ഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. തണ്ണിമത്തനില്‍ വളരെ കുറച്ച് കലോറി മാത്രമാണുള്ളത്. അത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ ജലാംശം നല്‍കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന സിട്രുലിന്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയതുമാണ്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts