പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. പൂതക്കുളം തെങ്ങില്‍ വീട്ടില്‍ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു(50)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. കടബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ എട്ടുമണിയായിട്ടും വാതില്‍ അടഞ്ഞുകിടന്നതിനെ തുടർന്നാണ് സമീപത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി പരിശോധിച്ചത്. ഉടനെ നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി വൈകിയാവാം സംഭവം നടന്നതെന്നാണ് നിഗമനം. 3 പേരുടെയും കഴുത്തറുത്തതിന് ശേഷം ഗൃഹനാഥൻ കൈ ഞരമ്ബറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
മേസ്തിരിയായിരുന്നു ശ്രീജു. പ്രീത പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജൻ്റാണ്. ശ്രീനന്ദ 7-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശ്രീരാഗ് +2 കഴിഞ്ഞു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഷത്തിൻ്റെ അംശം ഉള്ളില്‍ ചെന്നിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.