HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/05/2024)

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 7 | ചൊവ്വ | മേടം 24     

◾ രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യു പിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലും ഇന്ന് ജനവിധി കുറിക്കും.

◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്നും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും നമ്മള്‍ ഒന്നിച്ച് പോരാടി മാറ്റം കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചിരിക്കുന്നു. അതേസമയം ദലിത്, പിന്നാക്ക-ഗോത്ര വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ റാലിയില്‍ വ്യക്തമാക്കിക്കിയിരുന്നു. ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ജനങ്ങള്‍ക്കുള്ള അധികാരമെല്ലാം ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

◾ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി  പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.

◾ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കോടതി നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് കന്റോണ്‍മെന്റ് പൊലിസ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.  നേരത്തെ അഭിഭാഷകന്റെ ഹര്‍ജിയില്‍ മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

◾ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായും എഫ്ഐആറിലുണ്ട്. യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുള്ളത്.

◾ കനത്ത ചൂടിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നാളെ വരെ തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ 11 മണി മുതല്‍ മൂന്നുമണിവരെ പാടില്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

◾ വൈദ്യുതി മന്ത്രി പരസ്യമായി ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

◾ മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. സ്വകാര്യ സന്ദര്‍ശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാടിന്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ സിനിമാ സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു .അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും  അദ്ദേഹം ശ്രദ്ധേയനാണ്.

◾ നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്.

◾ കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട മൂന്നുപേര്‍   ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച കന്യാകുമാരിയില്‍ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളേജില്‍ നിന്ന് വിദ്യാര്‍ഥികളുടെ സംഘം എത്തിയത്.

◾ കെ സുധാകരന്റെ  കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്  ഉള്ള മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലവും പരിഗണിച്ചാവും തീരുമാനം. കണ്ണൂരില്‍ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തില്‍ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താല്‍ കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

◾ ഇലക്ഷന്‍ കാലഘട്ടത്തില്‍ കെപിസിസി അധ്യക്ഷന്റെ ചുമതലയില്‍ നിന്ന് താത്കാലികമായി മാറിനില്‍ക്കാമെന്നുള്ള തീരുമാനം താനുള്‍പ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതാണെന്ന് കെ സുധാകരന്‍ .അതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കുകയും എം എം ഹസ്സന്‍ ഇലക്ഷന്‍ കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടന്‍ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും ഞാന്‍ ഉന്നയിച്ചിട്ടില്ലെന്നും കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ്  വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ചു. മുന്‍ കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ ഹരീന്ദ്രന്റെ പേരിലുള്ള 8.87 ഏക്കര്‍ ഭൂമിയും രണ്ടു നില വീടും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

◾ മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കാര്‍കരെയുടെ മരണം സംബന്ധിച്ച് വിജയ് വഡേത്തിവാര്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍. വഡേത്തിവാറിന്റെ ആരോപണം ഗൗരതരമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കാര്‍കരെ കൊല്ലപ്പെട്ടത് ഭീകരരുടെ വെടിയേറ്റല്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ഒരു പോലീസുകാരന്റെ വെടിയേറ്റാണെന്നായിരുന്നു വിജയ് വഡേത്തിവാറിന്റെ ആരോപണം.

◾ കൊയിലാണ്ടി പുറം കടലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത  ഉരു ഇറാന്‍ പൗരന്റെതാണെന്നും തമിഴ് നാട്ടുകാരായ തൊഴിലാളികള്‍ അതില്‍ രക്ഷപ്പെട്ട് നാട്ടിലേക്ക് വന്നതാണെന്നും കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.  ഉരു കൊച്ചിയില്‍ എത്തിച്ചായിരുന്നു വിശദ പരിശോധനയും ചോദ്യം ചെയ്യലും. കൊയിലാണ്ടിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ഇന്നലെ രാവിലെയാണ്  ഉരു കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്.

◾ വടകരയില്‍ യുഡിഎഫ് വിലകുറഞ്ഞ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. വടകരയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇലക്ഷന്‍ പ്രചാരണം എങ്ങനെയാണ് നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണം.  പിണറായി സംസാരിച്ചത് മുഴുവന്‍ രാഷ്ട്രീയമാണെന്നും ഒരിക്കല്‍ പോലും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.

◾ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ  അതിക്രമിച്ച ശേഷം കടന്നുകളഞ്ഞ വര്‍ക്കല, അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍  പിടിയിലായി. ഇയാള്‍ക്കെതിരെ  പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വഞ്ചിയൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.വഞ്ചിയൂര്‍ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്.

◾ മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ തൃശൂര്‍ കോടന്നൂരില്‍ മനുവിനെ  ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച്  കൊലപ്പെടുത്തിയ സംഭവത്തില്‍ മണികണ്ഠന്‍, ആഷിഖ്, പ്രണവ് എന്നിവരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല. ഇന്നലെ പുലര്‍ച്ച ഒരു മണിയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂര്‍ പെട്രോള്‍ പമ്പിനു സമീപം നടുറോഡില്‍  തലക്കടിയേറ്റ് മരിച്ചത്.  

◾ തിരുവനന്തപുരം-ചെന്നൈ മെയില്‍ ട്രെയിന്‍ ഇടിച്ച് കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി 11 മണിക്ക് മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ അഗസ്റ്റിന്‍ ടെക്സ്റ്റൈല്‍സ് കമ്പനിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്.

◾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ 3 മണിക്കൂറിനുള്ളില്‍ നീക്കണമെന്ന്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

◾ മമതാ ബാനര്‍ജി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുും ഗുണ്ടായിസം അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ആനന്ദബോസ്. ബംഗാളില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പീഡനശേഷം ഗവര്‍ണര്‍ കേരളത്തിലേക്ക് മുങ്ങിയെന്ന പ്രചാരണം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെയാണ് ആനന്ദബോസ് തിരികെയെത്തിയത്.

◾ ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതി നല്‍കിയ യുവതി നുണ പരിശോധനയ്ക്ക് തയ്യാറെന്ന്  അറിയിച്ചു. വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. ഇതിനിടെ സിപിഎം ആനന്ദബോസിനെ പിന്തുണച്ചു. പരാതിക്കാരിയുടെ അമ്മ  തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് കിഴക്കന്‍ മേദിനി പൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി വെളിപ്പെടുത്തി.

◾ കൊവിഷീല്‍ഡുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് 19 നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്‌സിന്റെ നിര്‍മ്മാതാക്കളായ ആസ്ട്രാസെനേക്ക തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ ആണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

◾ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം. ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യമാധ്യമങ്ങള്‍ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

◾ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളില്‍ മാധ്യമങ്ങള്‍ തന്റെയോ മകന്‍ കുമാരസ്വാമിയുടെയോ പേര് പരാമര്‍ശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയില്‍ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകള്‍ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇരുവര്‍ക്കുമെതിരെയുള്ള ഒരു പരാമര്‍ശവും റിപ്പോര്‍ട്ട് ചെയ്യാനാകില്ല.

◾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ.  നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസില്‍ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍  ലഫ്റ്റനന്റ് ഗവര്‍ണറുടേതാണ് നടപടി. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍ നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്.

◾ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. ‘വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌സുമാണ് ജേഴ്‌സിയിലുള്ളത്. കഴുത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള സ്‌ട്രൈപ്പുകളുമുണ്ട്. ജേഴ്‌സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്.

◾ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 51 പന്തില്‍ 102 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഈ മത്സരത്തില്‍ ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

◾ അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഇന്ന് ഒറ്റയടിക്ക് നഷ്ടമായത് 800 കോടി രൂപ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍ കമ്പനിയിലെ നിക്ഷേപമാണ് ഒറ്റയടിക്ക് വന്‍തുക നഷ്ടമാക്കിയത്. നാലാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ കമ്പനിയുടെ ഓഹരി വില ഏഴ് ശതമാനത്തോളം താഴേക്ക് പോയി. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രേഖ ജുന്‍ജുന്‍വാലയ്ക്ക് ടൈറ്റന്‍ കമ്പനിയില്‍ 5.35 ശതമാനം ഓഹരിയാണ് ഉള്ളത്. ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ ടൈറ്റന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയ്ക്ക് താഴെ പോയി. 3,13,868 കോടി രൂപയില്‍ നിന്ന് 2,98,815 കോടി രൂപയായാണ് മൂല്യമിടിഞ്ഞത്. ഇതോടെ രേഖ ജുന്‍ജുന്‍വാലയുടെ നിക്ഷേപ മൂല്യം 805 കോടി രൂപ ഇടിഞ്ഞ് 15,986 കോടി രൂപയായി. ടൈറ്റന്റെ മാര്‍ച്ച് പാദ ലാഭം 7 ശതമാനം ഉയര്‍ന്ന് 786 കോടിയും വരുമാനം 17 ശതമാനം ഉയര്‍ന്ന് 10,047 കോടിയുമായി. ഓഹരി ഒന്നിന് 11 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 127 ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 202 ശതമാനവും നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്. ഓഹരിയുടെ ഒരു വര്‍ഷക്കാലത്തെ നേട്ടം പക്ഷെ 20 ശതമാനം മാത്രമാണ്.

◾ കമല്‍ ഹാസന്‍-മണിരത്‌നം കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ദില്ലി എയ്‌റോസിറ്റിയിലെ സങ്കട് മോചന്‍ ഹനുമാന്‍ മന്ദിറില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിമ്പു, നാസര്‍, അഭിരാമി, വൈയാപുരി തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം. ചിത്രത്തിലെ കമല്‍ ഹാസന്റെയും ചിമ്പുവിന്റെയും ലുക്കുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. 36 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘സത്യ’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലിനെ കാണാനാവുക. പുതിയ ചിത്രത്തിലെ ലുക്ക് തീരുമാനിച്ചപ്പോള്‍ സത്യ പ്രചോദനമായി എടുത്തോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അധികം നീട്ടാത്ത താടിക്കൊപ്പം പറ്റെ വെട്ടിയ തലമുടിയാണ് ചിത്രത്തില്‍ കമല്‍ ഹാസന്റെ ഗെറ്റപ്പ്. മുടി വളര്‍ത്തി മീശയും താടിയുമൊക്കെ ട്രിം ചെയ്താണ് ചിമ്പുവിന്റെ ലുക്ക്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതോടെയാണ് ചിത്രത്തിലേക്ക് ചിമ്പു എത്തിയത്. മറ്റ് ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാലാണ് ദുല്‍ഖര്‍ തഗ് ലൈഫ് ഉപേക്ഷിച്ചത്. ദുല്‍ഖറിന് പിന്നാലെ നടന്‍ ജയം രവിയും ചിത്രത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു. ഈ റോളിലേക്ക് അശോക് സെല്‍വന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം.

◾ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയില്‍ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ സിനിമ എന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് റോയ്, ജെയ്സണ്‍ പനച്ചിക്കല്‍, പ്രിന്‍സ് എം കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ തോംസണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ധര്‍മജന്‍ ബോള്‍ഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യന്‍, മരിയ വിന്‍സെന്റ്, വിനീത് തട്ടില്‍, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടി ജി രവി, ജാഫര്‍ ഇടുക്കി, നീന കുറുപ്പ് എന്നിവരും മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ നായകനാവുന്ന പുതിയ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമാവുന്ന പ്രോജക്റ്റ് ആണിത്.

◾ തെന്നിന്ത്യ മുഴുവന്‍ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹിഷാം അബ്ദുല്‍ വഹാബിന്റെ യാത്രകള്‍ക്ക് എംജി യുടെ കുഞ്ഞന്‍ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിള്‍ ഗ്രീന്‍ സ്റ്റേറി ബ്ലാക് ഡ്യൂവല്‍ ടോണ്‍ നിറത്തിലുള്ളതാണ് ഹിഷാമിന്റെ കോമറ്റ്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സംഗീത സംവിധായകന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ കോമറ്റ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറാണ്. ഇതിന്റെ ബേസ് എക്സിക്യൂട്ടീവ് വേരിയന്റിന് 6.98  ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എംജി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ റേഞ്ച് കോമറ്റിന് ലഭിക്കും. 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. 42 പിഎസ് കരുത്തും 110 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്.

◾ എല്ലാ വര്‍ഷവും ആഗസ്തില്‍ അമ്മയുടെ കല്ലറയില്‍ പൂവുകള്‍ അര്‍പ്പിക്കാനായി ഒരു കരീബിയന്‍ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂര്‍ത്തങ്ങള്‍. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദര്‍ശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞന്‍ യോഹാന്‍ സെബാസ്റ്റ്യാന്‍ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലില്‍ കൂടിക്കലരുന്നു. മാര്‍കേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവല്‍. ‘ആഗസ്റ്റില്‍ കാണാം’. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. വിവര്‍ത്തനം – മാങ്ങാട് രത്നാകരന്‍. ഡിസി ബുക്സ്. വില 189 രൂപ.

◾ സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ശരീരത്തില്‍ കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇതുകൂടാതെ അമിത വണ്ണം, ചര്‍മ്മ പ്രശ്നങ്ങള്‍, ക്ഷീണം തുടങ്ങിയവയ്ക്കും ഇത് കാരണമാകും. അമിതമായ തലമുടി കൊഴിച്ചില്‍ ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ഒരു അടയാളമാകാം. മുഖക്കുരു പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ വഷളാവുകയോ ചെയ്യുന്നതും ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ സൂചനയാകാം. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, അല്ലെങ്കില്‍ മറവി എന്നിവ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളായിരിക്കാം. വിട്ടുമാറാത്ത സമ്മര്‍ദ്ദവും ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവും മെമ്മറിയും ഏകാഗ്രതയും ഉള്‍പ്പെടെയുള്ള വൈജ്ഞാനിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. വയര്‍ വീര്‍ത്തിരിക്കുക, ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ ഉയര്‍ന്ന കോര്‍ട്ടിസോള്‍ മൂലമാകാം. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ മാനസികാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, ക്ഷോഭം, അല്ലെങ്കില്‍ ഉയര്‍ന്ന ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. ഇതിനെ പരിഹരിക്കാന്‍ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകള്‍ പരിശീലിക്കുക, സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക, വൈകാരിക പിന്തുണക്കായി തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിംഗ് പരിഗണിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ മറ്റൊരു അടയാളമായിരിക്കാം. മതിയായ വിശ്രമവും പോഷകാഹാരവും ഉണ്ടായിരുന്നിട്ടും നിങ്ങള്‍ക്ക് പേശി ബലഹീനതയോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഉയര്‍ന്ന കോര്‍ട്ടിസോള്‍ മൂലമാകാം. പഞ്ചസാര അല്ലെങ്കില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളോടുള്ള തീവ്രമായ ആസക്തി ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ലക്ഷണമാണ്. ഇത് മൂലം ശരീരഭാരം വര്‍ദ്ധിക്കാനും ഉപാപചയ അസ്വസ്ഥതകള്‍ക്കും കാരണമാകും.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts