HomeKeralaഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/05/2024) 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/05/2024) 

പ്രഭാത വാർത്തകൾ

Published -1/മെയ്/24-ബുധൻ- മേടം-18

◾ ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ടും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി/എസ്ടി, ഒബിസി വിഭാഗക്കാരില്‍നിന്നു സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്കു നല്‍കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ശ്രമിക്കുന്നുവെന്നും ഈ അജന്‍ഡയുള്‍പ്പെടെ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടു.

◾ തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ ‘സ്നേഹത്തിന്റെ കടയില്‍’ വില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റുന്നതിനായി താന്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുവെന്നും അതേസമയം, തന്നെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖമുദ്ര വഞ്ചനയാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.

◾ രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട അന്തിമ പോളിങ് ശതമാനമനുസരിച്ച് ആദ്യഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവുമാണ് ആകെ പോളിങ്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27 ശതമാനമാണ് ആകെ പോളിങ്. കേരളത്തില്‍ 78.41 ശതമാനം രേഖപ്പെടുത്തിയ വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 63.37 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്.

◾ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

◾ സംസ്ഥാനത്തെ കൊടുംചൂട് ക്ഷീര മേഖലയേയും ബാധിച്ചെന്ന് മില്‍മ. പാല്‍ ഉല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. പ്രതിദിനം ആറര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

◾ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. ആലപ്പുഴയില്‍ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യനായ പൂങ്കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുഭാഷ് (45) ആണ് കുഴഞ്ഞുവീണു മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

◾ കടുത്ത ചൂടിനിടയില്‍ കൊല്ലം ജില്ലയില്‍ ശക്തമായ വേനല്‍ മഴ. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഓണമ്പലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരന്‍ തുളസീധരന്‍ പിള്ള (65) ആണ് മരിച്ചത്.

◾ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 ന് പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

◾ തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്ന ആരോപണവുമായി ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനറും  സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ നോട്ടീസ് അയച്ചത്.

◾ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ കൈ തരിപ്പ് മാറ്റാന്‍ പറ്റിയ ചീര്‍ത്ത കവിളുകള്‍ ഉള്ളവര്‍ ബിജെപിയില്‍ തന്നെയുണ്ടെന്നും അവരുടെ ചെകിട്ടത്ത് അടിച്ച് ശോഭ കൈയുടെ തരിപ്പ് തീര്‍ത്താല്‍ മതിയെന്നും തന്റെ കരണകുറ്റിക്ക് അടിക്കുമെന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം . ഒരു കരണത്ത് അടിക്കുമ്പോള്‍ മറുകരണം കാണിച്ച് തരുന്നവരല്ല ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

◾ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

◾ വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.

◾ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സിഐടിയു. മെയ് 2 മുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .

◾ മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

◾ പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മനപൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും പന്ന്യന്‍ രവീന്ദ്രനെ ഫോണില്‍ വിളിച്ച് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യന്റെ മറുപടിയെന്നും റിപ്പോര്‍ട്ടുകള്‍.

◾ നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നവകേരള ബസ് മെയ് അഞ്ച് മുതല്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ് ഇപ്പോള്‍. പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരു വരെയുള്ള ടിക്കറ്റ് നിരക്ക്.

◾ സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞ് ആറു മരണം. അപകടത്തില്‍ മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോള്‍ യേര്‍ക്കാട് ചുരം പാതയില്‍ വെച്ചാണ് ഇന്നലെ അപകടമുണ്ടായത്.

◾ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

◾ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയ്ക്ക് വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അമേഠിയിലേയും റായ് ബറേലിയിലേയും സസ്പെന്‍സ് തുടരുന്നു. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ പുറത്തിറക്കിയ ലിസ്റ്റിലും ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 3 നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഇതേസമയം അമേഠിയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച് അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

◾ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തര്‍ മേഖലയില്‍ മാത്രം ഈ വര്‍ഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

◾ മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകള്‍. ആരംഭായ് ടെങ്കോള്‍ എന്ന സംഘടനയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകള്‍ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.

◾ വെടിനിര്‍ത്തലിലെത്തുകയും ബന്ദികളെ വിട്ടയക്കലുമാണ് ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. റിയാദില്‍ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.  

◾ ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.  സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്.

◾ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ മികവില്‍ ലഖ്നൗ മറികടന്നു. ഈ ജയത്തോടെ ലഖ്നൗ 12 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതോടെ മങ്ങിയിരിക്കുകയാണ്.

◾ കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്റ്റേഷനുകള്‍. തമിഴ്‌നാട്ടിലെ അഞ്ചും കര്‍ണാടകയില്‍ നിന്ന് ഒരു സ്റ്റേഷനും പട്ടികയില്‍ ഇടംപിടിച്ചു. കേരളത്തിലെ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. 263 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 216 കോടി രൂപയായിരുന്നു തിരുവനന്തപുരത്തിന്റെ വരുമാനം.രണ്ടാം സ്ഥാനത്ത് എറണാകുളം ജംഗ്ഷനാണ്. മുന്‍ വര്‍ഷത്തെ 213 കോടിയില്‍ നിന്ന് 14 കോടി വര്‍ധിച്ച് 227 കോടിയിലേക്ക് എറണാകുളത്തിന്റെ വരുമാനം എത്തി. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള കോഴിക്കോടിന് വരുമാനത്തില്‍ വലിയ തോതില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. 147 കോടിയില്‍ 179 കോടിയായി കോഴിക്കോട് വലിയ കുതിപ്പ് രേഖപ്പെടുത്തി. തൃശൂര്‍ (156 കോടിരൂപ), എറണാകുളം ടൗണ്‍ (129 കോടി രൂപ), പാലക്കാട് (115 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്റ്റേഷനുകളുടെ വരുമാനം. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും വരുമാനം കൂട്ടാന്‍ റെയില്‍വേയ്ക്ക് സാധിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുമ്പന്മാര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനാണ്. 1,215 കോടി രൂപയാണ് ടിക്കറ്റില്‍ നിന്നും ലഭിച്ചത്. ചെന്നൈ എഗ്മോര്‍ 564 കോടി രൂപയുമായി രണ്ടാംസ്ഥാനത്തെത്തി. 324 കോടി രൂപ നേടിയ കോയമ്പത്തൂരാണ് മൂന്നാം സ്ഥാനത്ത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100ലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ 60 എണ്ണവും തമിഴ്‌നാട്ടിലാണ്. കേരളത്തില്‍ 35, ആന്ധ്രപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടുവീതം സ്റ്റേഷനുകളും പട്ടികയില്‍ ഇടംപിടിച്ചു. 2023-24 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേ 12,020 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഇതില്‍ 7,151 കോടി രൂപ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള സംഭാവനയാണ്. ചരക്കുനീക്കത്തിലൂടെ 3,674 കോടി രൂപയും ലഭിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധന വരുമാനത്തിലുണ്ടായി.

◾ മുഫാസയുടെ കഥയുമായി ‘ലയണ്‍ കിങ്’ പ്രീക്വല്‍ വരുന്നു. മുഫാസ: ദ് ലയണ്‍ കിങ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സിംബയുടെ അച്ഛന്‍ മുഫാസയുടെ കഥയാണ് പറയുന്നത്. അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. ബാറി ജെന്‍കിന്‍സ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാന്‍സണ്‍. ആരോണ്‍ പിയെറെയാണ് മുഫാസയ്ക്കു ശബ്ദം നല്‍കുന്നത്. സേത്ത് റോജന്‍ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു. വാള്‍ട് ഡിസ്നി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും.

◼️ സിജു വില്‍സണ്‍ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മാലോകം മാറുന്നേ…’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണ് വരികള്‍ കുറിച്ചത്. ഷാന്‍ റഹ്‌മാന്‍ ഈണമൊരുക്കിയ ഗാനം ജോബ് കുര്യന്‍ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. സജീവ് പാഴൂരിന്റേതാണു തിരക്കഥയും സംഭാഷണവും. പുതുമുഖം കൃഷ്ണേന്ദു.എ.മേനോന്‍ ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ നായിക. പി.പി.കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി.പി.എം തുടങ്ങിയവരും വേഷമിടുന്നുണ്ട്.

◾ മഹീന്ദ്ര എക്‌സ് യു വി 300 മുഖം മിനുക്കിയെത്തി. പേര് എക്സ്യുവി 3എക്സ്ഒ. വില- 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെ. രൂപത്തില്‍ മഹീന്ദ്രയുടെ ബി ഇ കുടുംബത്തിലെ വൈദ്യുത എസ് യു വികളുമായിട്ടാണ് സാമ്യത. ഫീച്ചറുകളില്‍ മാറ്റങ്ങളുണ്ട്. ഓട്ടമാറ്റിക് ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് മഹീന്ദ്ര എക്‌സ് യു വി 3എക്‌സ്ഒ അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ് യു വി 3എക്‌സ് ഒ എത്തുന്നു. പെട്രോളില്‍ 111എച്ച്പി, 130എച്ച്പി കരുത്തുള്ള മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളും ഡീസലില്‍ 117 എച്ച്പി കരുത്തുള്ള മാനുവല്‍ ഓട്ടമാറ്റിക് മോഡലുകളുമാണുള്ളത്. എക്സ്യുവി 300യ്ക്ക് ആകെ 25 വേരിയന്റുകളുണ്ടെങ്കില്‍ എക്സ്യുവി 3എക്സ്ഓയിലേക്കെത്തുമ്പോള്‍ അത് 18 ആയി കുറക്കുന്നുണ്ട് മഹീന്ദ്ര. ഓട്ടമാറ്റിക് മോഡലിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സിട്രൈന്‍ യെല്ലോ, ഡ്യൂണ്‍ ഡസ്റ്റ്, നെബുല ബ്ലൂ, ഡീപ്പ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ് എന്നിവ അടക്കം ഏഴു നിറങ്ങളിലാണ് പുറത്തിറക്കുന്നത്. ഉയര്‍ന്ന മോഡലുകളില്‍ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. 111 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ മോഡലുകളില്‍. ഇന്ധനക്ഷമത 18.89 കിമി. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷന്‍ സ്വീകരിച്ചാല്‍ ഇന്ധനക്ഷമത 17.96 കിലോമീറ്ററായി കുറയും. 117 എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍(ഇന്ധനക്ഷമത 20.6കിമി) 6 സ്പീഡ് എഎംടി(ഇന്ധനക്ഷമത 21.2 കിമി) ഓപ്ഷനുകള്‍. ഓട്ടമാറ്റിക് വകഭേദത്തിന് മാനുവലിനെ അപേക്ഷിച്ച് 80,000 രൂപയോളം കൂടുതലാണ്.

◾ കല്ലായിപ്പുഴയുടെ തീരത്ത് മരത്തടികളുടെ ചൂരില്‍ മയങ്ങുകയും ഈര്‍ച്ചവാളുകളുടെ നിലവിളിയില്‍ ഉണരുകയും ചെയ്യുന്ന മനുഷ്യര്‍ക്കിടയില്‍ ചമയങ്ങളും ദീപപ്രഭയുമില്ലാതെ അരങ്ങേറുന്ന ഒരു നാടകമാണ് എന്‍.പി. മുഹമ്മദിന്റെ മരം. ഇബ്രായിന്റെ ഭാര്യയായിരുന്ന ആമിന, അയാളുടെ മരണശേഷം കാദര്‍ മുതലാളിയുടെ ഭാര്യയായി. പക്ഷേ, ഒരു ദിവസം ഇബ്രായിന്‍ തിരിയെ വന്നു! ഒരു സ്ത്രീക്ക് രണ്ടണ്ടു ഭര്‍ത്താക്കന്‍മാര്‍ മുസ്ലിം സമുദായത്തിന് ചിന്തിക്കാന്‍പോലും സാധ്യമല്ല, അത്. സമുദായം കാലവര്‍ഷസാഗരമായി ഇളകിമറിഞ്ഞു. കല്ലായിപ്പുഴ പുളഞ്ഞു. ഈര്‍ച്ചമില്ലുകള്‍ അലറിവിളിച്ചു. അസ്വസ്ഥതയുടെ ചുഴലിക്കാറ്റില്‍ ജീവിതങ്ങള്‍ കടപുഴകി. ഇതിനെല്ലാമിടയില്‍, മനസ്സെന്ന തടവറയ്ക്കുള്ളില്‍ മോചനം ദാഹിച്ചു പിടയുകയാണ് ആമിന. ജീവിതത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി വിധിയെന്ന പ്രഹേളികയുടെ മൂലകങ്ങള്‍ തേടുകയാണ് ഇവിടെ എന്‍.പി. ‘മരം’. ഡിസി ബുക്സ്. വില 117 രൂപ.

◾https://dailynewslive.in/ ചൂടുകാലത്ത് ദിവസവും നന്നായി വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും വേനല്‍ക്കാലത്ത് ചൂടു ശമിപ്പിക്കാന്‍ തണുത്ത വെള്ളമാണ് കൂടുതലും കുടിക്കുക. ചൂടുകാലത്ത് ആവര്‍ത്തിക്കുന്ന ഈ ദുശ്ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുകാലത്ത് വീട്ടിലെ ഫ്രിഡ്ജില്‍ വെള്ളം കരുതാത്തവര്‍ ഉണ്ടാകില്ല. പുറത്ത് നിന്നും കയറി വന്നതിന് പിന്നാലെ നേരെ പോവുക ഫ്രിഡ്ജിന്റെ അടുത്തേക്ക് ആവും, കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടെയിലും കുടിക്കാന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം തന്നെ വേണം. പുറത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരുന്നു. തണുത്ത വെള്ളം കുടിക്കുമ്പോള്‍ തല്‍ക്കാലം ഒരു ആശ്വാസം കിട്ടുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ ശീലം ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കടുത്ത ചൂട് കാരണം നമ്മുടെ ദഹനം ഇതിനകം തന്നെ മന്ദഗതിയിലാണ്. വേനല്‍ക്കാലത്ത് ദഹനപ്രവര്‍ത്തനത്തിന്റെ തീവ്രത വര്‍ധിക്കും. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹന സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വേനല്‍ക്കാലത്ത് തണുത്ത വെള്ളം തൊണ്ടവേദന, മൂക്കിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളും വര്‍ധിപ്പിക്കും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമത്തിനിടെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരം അമിതമായി ചൂടാകാതിരിക്കാനും വ്യായാമം കൂടുതല്‍ മെച്ചപ്പെതാക്കുമെന്നും 2012ല്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് ന്യൂട്രീഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts