യുകെയില്‍ കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ക്കായി നല്‍കുന്ന ശരാശരി നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. ഈ വര്‍ഷത്തെ ആദ്യ പാദത്തിലാണ് ഏകദേശം 157 പൗണ്ട് വരെ വര്‍ദ്ധനവ് നേരിട്ടതെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് പറഞ്ഞു.
വില്‍പ്പന നടന്ന പോളിസികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 2024 ആദ്യ പാദത്തില്‍ നല്‍കേണ്ടി വന്ന ശരാശരി വില 635 പൗണ്ടാണെന്ന് എബിഐ വ്യക്തമാക്കിയത്. മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്.
2023-ലെ ആദ്യ പാദത്തില്‍ പ്രൈവറ്റ് കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സിന് നല്‍കിയ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നു. 1% ക്വാര്‍ട്ടേര്‍ലി വര്‍ദ്ധന സൂചിപ്പിക്കുന്നത് 2023-മായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വര്‍ദ്ധനവുകളില്‍ ഇളവ് വരുന്നുവെന്നാണെന്നും എബിഐ കൂട്ടിച്ചേര്‍ത്തു.
വളരുന്ന ചെലവുകള്‍ ഇന്‍ഷുറേഴ്‌സ് ഉള്‍ക്കൊണ്ട് വരികയാണെന്ന് ഇവര്‍ വ്യക്തമാക്കി. ശരാശരി ക്ലെയിം നല്‍കുന്നതില്‍ 8% വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലെയിമുകളുടെ എണ്ണമേറുന്നത് ഇപ്പോഴും സ്ഥിരത കൈവരിച്ചിട്ടില്ല. റിപ്പയര്‍, റീപ്ലേയ്‌സ്‌മെന്റ് വെഹിക്കിള്‍, മോഷണം എന്നിവയും വര്‍ദ്ധിക്കുന്നതായി എബിഐ ചൂണ്ടിക്കാണിച്ചു.