സ്വകാര്യ വാഹനത്തില്‍ പോകവേ കെഎസ്‌ആർടിസി ബസ്സ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് ട്രാഫിക്ക് സിഗ്നലില്‍ ബസ്സിനു കുറുകെ കാർ നിർത്തിയിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അധികാരമുണ്ടെന്ന അഹങ്കാരത്തില്‍ ദിവസ വേതനക്കാരനായ ഡ്രൈവർക്കെതിരേ കേസ്സെടുപ്പിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള മേയറുടേയും ഭർത്താവ് സച്ചിൻ ദേവ് എംഎല്‍എയുടേയും കുതിര കയറല്‍ ആണെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎല്‍എ. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരേ ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കണമെന്നും സർവീസ് തടസ്സപ്പെടുത്തിയതിനും ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഇതുവരെ പരാതി നല്‍കാത്ത കെഎസ്‌ആർടിസി ഉദ്യോഗസ്ഥർക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും റ്റിഡിഎഫ് ആവശ്യപ്പെട്ടു.
ബസ്സിലെ യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഒരു കേസ് പോലും മേയറുടെയോ ഭർത്താവിന്റെയോ പേരില്‍ എടുക്കാത്തത് സഖാക്കള്‍ക്ക് നാട്ടില്‍ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് ഉണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഇത്തരത്തില്‍ അധികാരത്തിന്റെ അഹങ്കാരവുമായി പാവങ്ങളുടെ മേല്‍ കുതിര കയറുന്നത് അംഗീകരിക്കില്ലായെന്നും ഡ്രൈവറുടെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം.വിൻസെന്റ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.