പ്രഭാത വാർത്തകൾ
Published- 29/APRIL/24-തിങ്കൾ- മേടം-16
◾ മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് മോദിയുടെ സ്വപ്നം. ജനങ്ങളുടെ വോട്ട് തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിന്റെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോണ്‍ഗ്രസിന്റെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
◾ വയനാട് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബിനെ പ്രകീര്‍ത്തിക്കുന്ന പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് രാഷ്ട്രീയസഖ്യമുണ്ടാക്കുന്നതെന്നും നമ്മളുടെ തീര്‍ഥാടനകേന്ദ്രങ്ങള്‍ തകര്‍ത്തവരെക്കുറിച്ചും കൊള്ളയടിച്ചവരെകുറിച്ചും ജനങ്ങളെ കൊലപ്പെടുത്തിയവരെക്കുറിച്ചും അവര്‍ സംസാരിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
◾ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇപി ജയരാജന്‍. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തില്‍ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്നും താന്‍ വഴി ചിലര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കച്ചവട താല്‍പര്യം തലയ്ക്കുപിടിച്ച് നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവര്‍ക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ. റെഡ് വൊളന്റിയര്‍മാരെ നോക്കി പി.ജയരാജന്‍ നില്‍ക്കുന്ന ചിത്രവുമായി റെഡ് ആര്‍മിയുടേയും പോരാളി ഷാജിയുടേയും ഫേസ്ബുക്ക് പോസ്റ്റ്. പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണീ പോസ്റ്റ്.
◾ ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി എന്നും ദല്ലാളുമാരുമായി ഇടത് നേതാക്കള്‍ അടുപ്പം പുലര്‍ത്തരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്‍വീനര്‍ സ്ഥാനം ഇപി ഒഴിയണ്ടേ എന്ന ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. തിരുത്താന്‍ ആര്‍ജ്ജവം ഉള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
◾ സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
◾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എംവി ജയരാജന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത് . എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു.
◾ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കം. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും പോലീസിന് പരാതി നല്‍കി.
◾ ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു.
◾ ആറ് വര്‍ഷം മുന്‍പ് നടത്തിയ വിധിപ്രസ്താവത്തില്‍ പിഴവ് സംഭവിച്ചെന്നും തിരുത്താന്‍ തയാറെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടേശിന്റെ തുറന്നു പറച്ചില്‍. ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ഹര്‍ഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവില്‍ കേസിലെ വിധിയെ കുറിച്ചായിരുന്നു പരാമര്‍ശം. അടുത്തിടെ വായിച്ച ചില ലേഖനങ്ങളില്‍ നിന്നാണ് വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും മദ്രാസ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തില്‍ ജസ്റ്റിസ് ആനന്ദ് വെങ്കടേശന്‍ വ്യക്തമാക്കി.
◾ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കാരങ്ങള്‍ വരുത്തി. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഇനിയുണ്ടാകില്ല. നേരത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയന്റും നല്‍കുന്ന രീതിയായിരുന്നു. ഇതിനാണ് മാറ്റം വരിക.
◾ മെയ് ഒന്നുമുതല്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഒഴിവാക്കി എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മാത്രം നിര്‍ത്തി യാത്ര നടത്തും. എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കുമ്പോള്‍ എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 15 മിനിട്ടോളം മുന്‍പേ ഓടും. തിരിച്ചുള്ള യാത്രയില്‍ എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.
◾ വടകരയില്‍ ലീഗ് കളിച്ചത് തീക്കളിയാണെന്ന് കെടി ജലീല്‍ എംഎല്‍എ. ലീഗും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉല്‍സവത്തെ ഒരുതരം ‘മതോല്‍സവ’മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ലെന്നും കോടികള്‍ പ്രതിഫലം പറ്റിയ ‘ഇവന്റ് മാനേജ്മെന്റ്’ ടീമായിരുന്നുവെന്നും ജലീല്‍ കുറ്റപ്പെടുത്തി.
◾ എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിചന്ദ്രന്‍ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍ എന്ന ആരോപണവുമായി പി ജയരാജന്‍. പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങള്‍ക്കും ഷാഫി പിന്തുണ നല്‍കി. ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ‘നല്ലവനായ ഉണ്ണി’ യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജന്‍ പരിഹസിച്ചു.
◾ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.കെ.ശൈലജ ‘വര്‍ഗീയ ടീച്ചറമ്മ’ ആണെന്ന് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ.കെ.ശൈലജയുടെ ചിത്രവും പങ്കുവച്ച പോസ്റ്റില്‍ ശൈലജ ഏതാ ശശികല എതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.
◾ സംസ്ഥാനത്ത് നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശന്‍. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ല. സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.
◾ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ മരിച്ചു. പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി(90), മാഹി പന്തയ്ക്കല്‍ സ്വദേശി വിശ്വനാഥന്‍(53) എന്നിവരാണ് മരിച്ചത്. കിണറ് പണിയെടുക്കുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. ലക്ഷ്മിയെ ശനിയാഴ്ച വൈകീട്ട് കനാലില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.
◾ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
◾ അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലെ വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്ത ആന പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. അതോടൊപ്പം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
◾ പാലക്കാട് മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
◾ അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണന്‍കുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകന്‍ സതീഷാണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കില്‍ മടങ്ങുന്ന വഴിക്കായിരുന്നു അപകടം.
◾ പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് അമ്പലപ്പുഴ സ്വദേശി ഷിബിന മരിച്ചു. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. പ്രസവത്തെ തുടര്‍ന്ന് ഷിബിനയ്ക്ക് അണുബാധയേററ്റിരുന്നു ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
◾ അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന് സന്ദര്‍ശാനുമതി വിലക്കി തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്രിവാളിനെ ഇന്ന് സന്ദര്‍ശിക്കാനാണ് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്. ഈ ആഴ്ചയിലെ സന്ദര്‍ശന ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. ആഴ്ചയില്‍ 2 തവണയേ സന്ദര്‍ശകരെ കാണാന്‍ അനുമതിയുള്ളൂവെന്നും സുനിത മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
◾ രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായി വിമര്‍ശനം നടത്തിയ ബിക്കാനീര്‍ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഗനി അറസ്റ്റില്‍. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഉസ്മാന്‍ ഗനിയെ നേരത്തെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് ഉസ്മാനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. മോദിക്കെതിരായ വിമര്‍ശനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.
◾ ദില്ലി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി പിസിസി അധ്യക്ഷ സ്ഥാനം രാജി വച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ എതിര്‍പ്പും രാജിക്കു കാരണമായതായി സൂചനയുണ്ട്.
◾ തെലങ്കാനയില്‍ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിക്കൊപ്പം റോഡ് ഷോ നടത്തി. അനാരോഗ്യം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പ്രചാരണത്തില്‍ നിന്ന് നേരത്തെ ഖുഷ്ബു പിന്മാറിയിരുന്നു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം ഉണ്ടെന്നായിരുന്നു വിശദീകരണം.
◾ റിയാദില്‍ ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
◾ മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. കഴിഞ്ഞ ദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു.
◾ കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. നേരത്തേ ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്ത് വരുന്നത് ഇതാദ്യമാണ്. ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ നാഗലക്ഷ്മി ചൗധരി പറഞ്ഞു. വനിതാകമ്മീഷന്റെ നിര്‍ദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
◾ കര്‍ണാടകയിലെ ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് ഹൊലെനരസിപൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സംഭവം വന്‍ വിവാദമായതോടെ പ്രജ്വല്‍ രാജ്യം വിട്ടു.
◾ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് നടപടി. ഗാനം ബിജെപി ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
◾ നാണംകെട്ട കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബീഫ് കഴിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് മൊറാദാബാദില്‍ നടന്ന ബി.ജെ.പി പ്രചാരണ പരിപാടിക്കിടെ യോഗി ആദിത്യനാഥ് ആരോപിച്ചു.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. 49 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 30 പന്തില്‍ 58 റണ്‍സെടുത്ത് ഷാരൂഖ് ഖാന്റേയും മികവില്‍ ഗുജറാത്ത് 200 റണ്‍സ് അടിച്ചെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്കായി 41 പന്തില്‍ 100റണ്‍സെടുത്ത വില്‍ ജാക്സും 44 പന്തില്‍ 70 റണ്‍സെടുത്ത വിരാട് കോലിയും ചേര്‍ന്ന് നാല് ഓവറുകള്‍ ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 78 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 54 പന്തില്‍ 98 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 32 പന്തില്‍ 52 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി.
◾ ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാന്‍, ബഹ്‌റൈന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയല്‍രാജ്യങ്ങളിലേക്ക് 99,150 ടണ്‍ സവാള കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തെ സവാള ദൗര്‍ലഭ്യം കണക്കിലെടുത്താണ് 2023 ഡിസംബറില്‍ വിദേശ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും ചില യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും 2000 ടണ്‍ വെള്ള ഉള്ളി കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉള്ളി കയറ്റുമതി ചെയ്യാനാണ് അനുമതി. 2023 ഡിസംബര്‍ 8 നാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ഖരീഫ്, റാബി വിളകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിത്. നയതന്ത്ര ചര്‍ച്ചകളെത്തുടര്‍ന്ന് മാര്‍ച്ച് ഒന്ന് മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതിക്ക് ഇളവനുവദിച്ചിരുന്നു. ജൂണ്‍ വരെയാണ് കയറ്റുമതി അനുവദിച്ചിരിക്കുന്നത്.
◾ ‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ ‘ഹാലി’ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയാണെന്നുമാണ് സൂചന. ഏഴ് വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാരന്മാര്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘ഹാല്‍’ ഒരു പ്രണയകഥയാണ്.
◾ സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഹരോം ഹര’. സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന സിനിമയുടെ മെയ് 31ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‌മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതന്‍ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു. മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു.
◾ 2023-24 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ മാരുതി സുസൂക്കി ഇന്ത്യയുടെ ലാഭം 48 ശതമാനം ഉയര്‍ന്ന് 3,878 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 2,624 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ 38,235 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കമ്പനി 125 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതമാണ്. മാര്‍ച്ച് പാദത്തില്‍ കമ്പനി 5.84 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022-23ലെ ഇതേ കാലയളവില്‍ 5.14 ലക്ഷം വാഹാനങ്ങളും. വില്‍പ്പനയില്‍ 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 20 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് കമ്പനി ആദ്യമായി പിന്നിട്ടു. ഇന്ത്യയില്‍ നിന്നുള്ള മൊത്തം പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ 41.8 ശതമാനവും സംഭാവന ചെയ്തത് മാരുതി സുസൂക്കിയാണ്. 2030ഓടെ 8 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്‌തേക്കുമെന്ന് കമ്പനി അറിയിച്ചു. 2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 64 ശതമാനം വര്‍ധിച്ച് 13,209 കോടി രൂപയായി. 2022-23ല്‍ ഇത് 8,049 കോടി രൂപയായിരുന്നു. മൊത്തം പ്രവര്‍ത്തന വരുമാനം 1.17 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 1.40 കോടി രൂപയായി.
◾ സാഹസിക യാത്രയിലൂടെ അളകാപുരിയിലെത്തിയ കണ്ണന്റേയും ചിഞ്ചുവിന്റേയും കുസൃതികണ്ണുകളില്‍ അമ്പരിപ്പിന്റെയും ആശ്ചര്യത്തിന്റെയും നക്ഷത്രത്തിളക്കം സമ്മാനിച്ച വര്‍ണ്ണക്കാഴ്ചകള്‍ അക്ഷരങ്ങളാല്‍ വരച്ചു കാട്ടുന്ന പുസ്തകം. ‘കുബേര’. എസ് കെ ഹരിനാഥ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 152 രൂപ.
◾ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ കാന്‍സര്‍ രോഗത്തിന്റെ ആഗോള തലസ്ഥാനമെന്ന നിലയിലേക്ക് കൂടി ഉയരുന്നു. അപ്പോളോ ഹോസ്പിറ്റല്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. രാജ്യത്തെ മൂന്നിലൊരു ഭാഗം ആളുകള്‍ പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലും മൂന്നില്‍ രണ്ടുഭാഗം പേര്‍ അമിത രക്തസമ്മര്‍ദ്ദ ബാധിതരാകുന്നതിന്റെ തൊട്ടുമുന്നുള്ള ഘട്ടത്തിലുമാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരില്‍ പത്തിലൊരാള്‍ക്ക് ഡിപ്രഷനുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യക്കാര്‍ കാന്‍സര്‍ രോഗബാധിതരുമാകുന്നു. കാന്‍സര്‍ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ 135.3 പേര്‍ കാന്‍സര്‍ രോഗികളാണ്. രാജ്യത്തെ പ്രമേഹ രോഗ തലസ്ഥാനമാണ് കേരളം. ദേശീയതലത്തില്‍ പ്രമേഹ രോഗത്തിന്റെ ശരാശരി എട്ട് ശതമാനമാണെങ്കില്‍ കേരളത്തിലത് 20 ശതമാനമാണ്. മതിയായ ശാരീരിക വ്യായാമം ഇല്ലാത്തത്, ദീര്‍ഘനേരം ഒരേ ഇരുപ്പില്‍ ഇരുന്നുള്ള ജോലികള്‍, മതിയായ പോഷകഘടകങ്ങള്‍ ലഭിക്കാത്ത ഭക്ഷണ രീതി, ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥ, ഉയര്‍ന്നമലിനീകരണ തോത്, പുകവലിയും പുകയിലയുടെ കൂടിയ തോതിലുള്ള ഉപയോഗവും, നമ്മുടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കൂടുതലായി അടങ്ങിയിരിക്കുന്ന വിഷാംശം, വ്യാജമരുന്നുകള്‍ തുടങ്ങിയവയെല്ലാം തന്നെ ഇത്തരം രോഗങ്ങള്‍ വലിയതോതില്‍ ബാധിക്കാന്‍ ഇടയാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഇത്തരം രോഗങ്ങളെ കുറിച്ച് മതിയായ അറിവില്ലാത്തതും രോഗങ്ങള്‍ വളരെ വൈകി മാത്രം കണ്ടെത്തുന്നതുമാണ് ഭൂരിഭാഗം മരണങ്ങള്‍ക്ക് കാരണമാകുന്നതും. ജീവിതശൈലിയും ശീലങ്ങളുമാണ് കാന്‍സര്‍ രോഗത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ അവയെ കുറിച്ച് നല്ല തോതില്‍ ബോധവത്കരണം അനിവാര്യമാണ്. ഇതോടൊപ്പം തന്നെ കൃത്യമായ ഇടവേളകളില്‍ പരിശോധനകളും ചികിത്സ വേണ്ടവര്‍ക്ക് അതിനുള്ള സഹായവും കാന്‍സറിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരും.