വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില്‍ തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള്‍ അറസ്റ്റിലായി. കൈയില്‍ വെട്ടേറ്റ ഭാര്യ രേവതി (35) ആശുപത്രിയില്‍ ചികിത്സയിലാണ്.
റീലുകള്‍ കണ്ടും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും ഓണ്‍ലൈനില്‍ സുഹൃത്തുക്കളുമായി സംസാരിച്ചും രേവതി കുറച്ച് മാസങ്ങളായി ഫോണില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതേച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇവർ പറയുന്നു. ഇതിനിടെയാണ് ക്രൂര സംഭവമുണ്ടായത്.
ഇന്നലെ രാത്രി രേവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഖറിനെ ശ്രദ്ധിക്കാതെ രേവതി സംസാരം തുടർന്നു. ഇതില്‍ പ്രകോപിതനായി ശേഖർ വഴക്ക് ആരംഭിച്ചു. തുടർന്ന് വലതു കൈക്ക് വെട്ടുകയായിരുന്നു.
നിലവിളിച്ച രേവതിയെ അയല്‍വാസികള്‍ ഗുഡിയാതം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർചികിത്സക്കായി വെല്ലൂർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ശേഖർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.