മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിള്‍ യാത്രികനായ 10 വയസുരാന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്ബാട്ടു വീട്ടില്‍ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6.15ന് ദേശം-കാലടി റോഡില്‍ ഗാന്ധിപുരം കവലയില്‍ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്ബിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു. അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തില്‍ ഉടനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂള്‍). കാക്കനാട് തോപ്പില്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ് മാതാവ് ഫൗസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.