പൂങ്കാവില്‍ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ റോസമ്മയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
ഇക്കഴിഞ്ഞ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. പക്ഷേ ആരും ഇത് പൊലീസില്‍ അറിയിച്ചില്ല. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ സംഭവം പൊലീസിലും അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തിയത്.
17ന് രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിയ്‌ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന.
ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പായതിന് ശേഷം വീടിന്‍റെ പിൻഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.