സ്‌മോക്കി ബിസ്കറ്റ് കഴിച്ച് കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്‌മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. കുറച്ചുകൂടി കഴിയുമ്ബോള്‍ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനുശേഷം കുട്ടി മരിച്ചുവെന്നും വീഡിയോയില്‍ പറയുന്നു.
നിരവധി എക്സ് ഉപയോക്താക്കളാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമായിട്ടില്ല.
സ്‌മോക്കി ബിസ്കറ്റുകള്‍ കഴിക്കുന്നതിനെതിരെ ബോധവല്‍ക്കരണങ്ങളും നിരവധി ഉപയോക്താക്കള്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇത്തരം ബിസ്കറ്റുകള്‍ നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് പലരും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നത്. “ഈ പാനീയങ്ങളില്‍ ലിക്വിഡ് നൈട്രജൻ -196 ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ചിട്ടുണ്ട്. ഇത് വയറ്റില്‍ വെച്ച് പൊട്ടിത്തെറിച്ച് ശ്വാസതടസ്സം ഉണ്ടാക്കുന്നു,” ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചു. ദ്രാവക നൈട്രജൻ മരണത്തിനുവരെ കാരണമാകുമെന്ന മുന്നറിയിപ്പും പലരും നല്‍കുന്നുണ്ട്.
ഒരു തരം മധുരപലഹാരമാണ് സ്‌മോക്കി ബിസ്കറ്റുകള്‍. ദ്രാവക നൈട്രജനില്‍ സെർവ് ചെയ്യുന്ന പ്ലെയിൻ വാനില വേഫറുകളാണ് ഇവ. ഇത് കഴിക്കുമ്ബോള്‍ പുക പുറത്തുവരും. സ്മോക്കിങ് ബിസ്ക്കറ്റ് എന്നറിയപ്പെടുന്ന ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തയ്യാറാക്കിയ ബിസ്ക്കറ്റുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പറയുന്ന റിപ്പോർട്ടുകള്‍ നേരത്തെ പലതവണ പുറത്തുവന്നിട്ടുണ്ട്. ഈ ബിസ്കറ്റ് കഴിച്ച കുട്ടിയില്‍ ഗ്യാസ്ട്രിക് സുഷിരം ഉണ്ടായതായും റിപ്പോർട്ട് ഉണ്ടായിരുന്നു.