പ്രഭാത വാർത്തകൾ
Published-19/APRIL/24-വെള്ളി- മേടം – 6
◾പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നാല് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.
◾ മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇഡിയുടെ വാദം.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ല. പ്രമേഹം കൂടാന്‍ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
◾ ബിജെപി എംപിമാര്‍ കേരളത്തില്‍ ജയിച്ചാല്‍ സഹകരണ മേഖലയില്‍ അഴിമതി ഇല്ലാതാക്കുമെന്നും, കേരളത്തിലെ സഹകരണ മേഖലയില്‍ മോദിക്ക് വലിയ താത്പര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രകടന പത്രികയില്‍ പറയുന്നത് എല്ലാം ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. അതിന്റെ ആദ്യത്തെ ഉദാഹരണങ്ങളാണ് ജമ്മു കശ്മീരിലെ പ്രേത്യേക പദവി എടുത്തു കളഞ്ഞതും, അയോദ്ധ്യയില്‍ ക്ഷേത്രം പണിതതുമെന്നും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
◾ വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം. തെരഞ്ഞെടുപ്പിനെ ഹര്‍ജിക്കാര്‍ തമാശയാക്കി മാറ്റുന്നുവെന്നും വളച്ചൊടിച്ച വാര്‍ത്തകളുമായി എത്തുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നല്‍കിയ ഹര്‍ജി ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണo സുപ്രീം കോടതിയും നടത്തി. കമ്മീഷന്‍ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.
◾ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുഖമുദ്ര ജനദ്രോഹമാണെന്നും, രണ്ടു പാര്‍ട്ടിയുടെയും നയങ്ങള്‍ ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ തനി അജണ്ട മോദി അധികാരത്തിലെത്തിയതോടെ പുറത്തുവന്നുവെന്ന് പറഞ്ഞ പിണറായി വിജയന്‍ കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസിനോട് യോജിപ്പ് വന്നിരിക്കുന്നുവെന്നും അതിനെ വിമര്‍ശിക്കണ്ടേയെന്നും ചോദിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടെ അഴിമതി നടത്തുകയാണ് എന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. പിണറായിയുടെ പെരുമാറ്റം പോക്കറ്റടിക്കാരനെ പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രേവന്ത് റെഡ്ഢി.
◾ വയനാട് സൗത്ത് ഡിഎഫ്ഒ എ. ഷജ്നയുടെ സസ്പെന്‍ഷന്‍ മരവിപ്പിക്കാന്‍ വനംമന്ത്രിയുടെ നിര്‍ദേശം . സുഗന്ധഗിരി മരംമുറി കേസില്‍, ഡിഎഫ്ഒയുടെ ജാഗ്രതകുറവ് മരംമുറിക്ക് കാരണമായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിശദീകരണം തേടിയിട്ട് തുടര്‍നടപടി മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ. 9 പേര്‍ക്കെതിരെ നടപടി എടുത്തു കഴിഞ്ഞു.
◾ ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചു റാണി. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യും. രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
◾ ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് താന്‍ പറഞ്ഞെന്ന് പ്രചരിപ്പിച്ച വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നുമാണ് വിഡി സതീശന്‍ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
◾ സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 20, 21 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
◾ കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത്, എംവി ഗോവിന്ദന്റെ അറിവോടെയാണെന്ന് എം എം ഹസന്‍. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട് . കമ്മീഷന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
◾ കാസര്‍ഗോഡ് എല്‍ഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫ് . വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച്, കയ്യിലെ ചരടുകള്‍ മുറിച്ച്, മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്ന് പറയുന്നതാണ് വീഡിയോ. വിവാദമായതോടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിശദീകരണം.
◾ തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കേണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. വ്യക്തിഹത്യ നടത്തില്ല, അതിനെ പിന്തുണക്കുകയുമില്ല, മാത്രമല്ല വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾ പാനൂര്‍ ബോംബ്സ്ഫോടനകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മടപ്പളളി സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് ബാബുവാണ് കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.
◾ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി നാളെ യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലേക്ക് പോകും.
◾ തെലങ്കാനയില്‍ കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏപ്രില്‍ 16ന് സംഘപരിവാര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ മലയാളി ആന്‍ ടെസ്സ ജോസഫ് നാട്ടില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ എത്തിയത്. കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നത്. ഇവരില്‍ 4 പേര്‍ മലയാളികളാണ്. മറ്റുള്ള പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്.
◾ ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ആന്‍ ടെസയോടൊപ്പം ഉണ്ടായിരുന്ന 16 ഇന്ത്യാക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചു. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി.
◾ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ്. ഉച്ചക്ക് രണ്ടോടെയാണ് തേക്കിന്‍കാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരത്തിന്റെ സമാപനത്തില്‍ ശ്രീമൂലസ്ഥാനത്ത് നടക്കുന്ന വിട പറയല്‍ ചടങ്ങോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.
◾ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഡിഎംകെയുടെ പരാതി . നേരത്തേ ട്രെയിനില്‍ കടത്തിയ കോടിക്കണക്കിന് രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം ചെന്നൈയില്‍ പിടിയിലായിരുന്നു.
◾ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയാല്‍ മൂന്നു ദിവസം കൊണ്ട് മണിപ്പൂര്‍ സംഘര്‍ഷം അവസാനിക്കും. എന്നാല്‍ പ്രധാനമന്ത്രി അത് ചെയ്യുന്നില്ല. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മണിപ്പൂരിനെയടക്കം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
◾ അമേഠിയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് അഗ്രഹാരി ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കാനാണ് സമൃതി ഇറാനിയെയും മറ്റ് ബിജെപി നേതാക്കളെയും സന്ദര്‍ശിച്ചത് എന്നും ബിജെപിയില്‍ ചേരാന്‍ വേണ്ടിയല്ല പോയതെന്നും അദ്ദേഹം പ്രതികരിച്ചു. വികാസ് അഗ്രഹാരി ബിജെപിയില്‍ ചേര്‍ന്നെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആണ് വികാസ് അഗ്രഹാരി.
◾ ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ ഓഖ്ല നിയമസഭാ സീറ്റില്‍നിന്നുള്ള എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ച് വിറ്റു എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം.
◾ പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്വാതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
◾ ജപ്പാന്റെ മുന്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു. മാനസികമായും ശാരീരികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് 29-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
◾ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പരിക്ക് കാരണം പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ് പരിശീലനത്തിനിടെ ലോങ്ജംപ് താരമായ ശ്രീശങ്കറിന് കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒളിംപിക്സില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. 77 ന് 6 എന്ന നിലയിലായിരുന്ന പഞ്ചാബിനെ 25 പന്തില്‍ 41 റണ്‍സെടുത്ത ശശാങ്ക് സിംഗും 28 പന്തില്‍ 61 റണ്‍സെടുത്ത അഷുതോശ് ശര്‍മയും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
◾ കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്ടത്തിലോടുന്ന ഫാബ് ഇന്ത്യയുടെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാബ് ഇന്ത്യയുടെ പ്രൊമോട്ടര്‍മാരുമായും ഓഹരിപങ്കാളികളുമായും ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. 21,000 കോടി രൂപയില്‍ താഴെയുള്ള ഇടപാടായിരിക്കും ഇതെന്ന് സൂചന. നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗമായ ട്രെന്റിന് കീഴില്‍ വെസ്റ്റ്‌സൈഡ്, സുഡിയോ, ഉത്സ എന്നീ ബ്രാന്‍ഡുകളില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇവയിലേക്ക് ഫാബ് ഇന്ത്യ എത്തുന്നതോടെ എത്നിക് വെയര്‍ മേഖലയില്‍ ടാറ്റ ഗ്രൂപ്പിന് ചുവടുറപ്പിക്കാനാകും. പ്രധാനമായും പ്രീമിയം എത്നിക് വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഫാബ് ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷമായി നഷ്ടത്തിലാണ്. കടത്തില്‍ മുന്നോട്ട് പോകുന്ന കമ്പനിക്ക് കടം തീര്‍ക്കാനും ശേഷി വര്‍ധിപ്പിക്കാനും പുതിയ വസ്ത്രങ്ങളിറക്കാനും ഇപ്പോള്‍ പണം ആവശ്യമാണ്. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം 4,000 കോടി രൂപയുടെ ഐ.പി.ഒ ഫാബ് ഇന്ത്യ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ ഫാബ് ഇന്ത്യയുടെ ഉപകമ്പനിയായ ഓര്‍ഗാനിക് ഇന്ത്യയെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 1,900 കോടി രൂപ മൂല്യത്തില്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ടാറ്റ ഗ്രൂപ്പ് ഫാബ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്തയെത്തുന്നത്. ഫാബ് ഇന്ത്യയ്ക്ക് 300ല്‍ അധികം സ്റ്റോറുകളുണ്ട്. കമ്പനി വസ്ത്രങ്ങള്‍ കൂടാതെ ഫര്‍ണിച്ചറുകള്‍, ലൈഫ്സ്റ്റൈല്‍ ആക്സസറികള്‍ എന്നിവയും വില്‍ക്കുന്നുണ്ട്.
◾ ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ റിലീസ് ചെയ്യുന്ന ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രമോ സോംഗ് റിലീസ് ചെയ്തു. വാര്‍ത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കന്‍ എന്നയാള്‍ ഒപ്പിക്കുന്ന ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വര്‍മ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍ ആണ്. ഫാമിലി- കോമഡി ജോണറില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍ , ലിജോ മോള്‍, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ സീരീസാകുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സീരീസിന്റെ ടീസര്‍ പുറത്തുവന്നു. ലോറ മോറയും അലക്സ് ഗാര്‍സിയ ലോപ്പസും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണല്‍ ഔറേലിയാനോ ബ്യൂണ്ടിയയായും മാര്‍ക്കോ ഗോണ്‍സാലസിനെ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേല്‍സിനെ ഉര്‍സുല ഇഗ്വാറനായുമാണ് അവതരിപ്പിക്കുന്നത്. 2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കുന്നത്. പൂര്‍ണ്ണമായും സ്പാനിഷ് ഭാഷയില്‍ ചിത്രീകരിച്ചതും ഗാര്‍സിയ മാര്‍ക്വേസിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊളംബിയയില്‍ ചിത്രീകരിച്ച. ഈ വര്‍ഷം അവസാനത്തോടെ സീരീസ് പുറത്തെത്തി. 20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. 1967ല്‍ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഞ്ച് കോടിയില്‍ അധികം കോപ്പികളാണ് വിറ്റത്. 40 ഭാഷകളിലേക്ക് തര്‍ജമ ചെയ്യുകയും ചെയ്തു. 1982ല്‍ ഗാര്‍സിയ മാര്‍ക്വേസിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.
◾ മെറ്റല്‍ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് അറിയിച്ചു. 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 2018ലാണ് മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50,000ലധികം ട്രിയോ പ്ലസ് ഓട്ടോകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് കരുത്ത്. 42 എന്‍എം ടോര്‍ക്കോടുകൂടിയ 8 കിലോവാട്ട് പവര്‍ ഇത് നല്‍കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. മെറ്റല്‍ ബോഡി വേരിയന്റ് ട്രിയോ പ്ലസിന് 5 വര്‍ഷം/1,20,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ട്രിയോ മെറ്റല്‍ ബോഡി വേരിയന്റ് വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ലോണ്‍ കാലാവധി 60 മാസമായി വര്‍ധിപ്പിച്ചതിനൊപ്പം, 90% വരെ ഫിനാന്‍സും കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് സ്‌കീമുകളും ഇതോടൊപ്പം മഹീന്ദ്രയും ഫിനാന്‍സ് പങ്കാളികളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
◾ സിദ്ധാന്തങ്ങളെ സ്വാംശീകരിച്ചുകൊണ്ട് സമകാലിക നോവല്‍ സാഹിത്യത്തെയും അതിന്റെ പൂര്‍വ്വകാലത്തെയും വിലയിരുത്തുന്ന പ്രൗഢഗ്രന്ഥം. പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും സാധ്യതകളുപയോഗിച്ചുകൊണ്ട് മലയാള നോവലിലെ പഥപ്രദര്‍ശകരായ മിസ്സിസ് മേരി കോളിന്‍സ്, ഉറൂബ്, ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍നായര്‍, സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍, കാക്കനാടന്‍, ആനന്ദ്, വി.ജെ. ജയിംസ്, കെ.പി. രാമനുണ്ണി, പി.കെ. സുധി, ബെന്യാമിന്‍, അമല്‍ എന്നിവരെ ഇവിടെ അപഗ്രഥനവിധേയമാക്കുന്നു. ‘ആധുനികാനന്തര വിഷാദയോഗം’. എസ്.എസ് ശ്രീകുമാര്‍. ഡിസി ബുക്സ്. വില 297 രൂപ.
◾ കോവിഡ് ബാധ പ്രായമായവരെ സംബന്ധിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനം. പ്രീപ്രിന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തിയിട്ടില്ല. വൈറസിന്റെ പെരുകല്‍ പ്രായമായവരുടെ ശ്വാസകോശത്തില്‍ യുവാക്കളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്. വൈറസ് അല്‍വിയോളാര്‍ കോശങ്ങളെ (ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ഉപരിതലം വികസിപ്പിക്കാന്‍ സാഹായിക്കുന്ന കോശങ്ങള്‍) ആണ് ബാധിക്കുക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍ഫ്ലുവന്‍സ എ വൈറസ്, എസ്എആര്‍എസ്-സിഒവി-2 എന്നിവയുടെ പെരുകലില്‍ ശ്വാസകോശ വാര്‍ദ്ധക്യത്തിന്റെ സ്വാധീനമാണ് പഠനവിധേയമാക്കിയത്. പ്രിസിഷന്‍ കട്ട് ലംഗ് സ്ലൈസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളായ എച്ച്1എന്‍1, എച്ച്5എന്‍1 ശ്വാസകോശത്തില്‍ കൂടുതല്‍ തവണ വിഘടിക്കുന്നതായി കണ്ടെത്തി. നേരെമറിച്ച്, എസ്എആര്‍എസ്-സിഒവി-2 വൈല്‍ഡ്-ടൈപ്പ്, ഡെല്‍റ്റ വേരിയന്റുകള്‍ കാര്യക്ഷമമായി വിഘടിക്കുന്നില്ലെന്നും കണ്ടെത്തി.