HomeUncategorizedVideo; ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍; നാടകീയ സംഭവങ്ങളുടെ വീഡിയോ വാർത്തയോടൊപ്പം

Video; ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍; നാടകീയ സംഭവങ്ങളുടെ വീഡിയോ വാർത്തയോടൊപ്പം

ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍. ബ്രസീലിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് അറസ്റ്റിലായത്.

റിയോ ഡി ജനൈറോയിലെ ഒരു ബാങ്കിലാണ് വയോധികന്റെ മൃതദേഹവും വീല്‍ച്ചെയറിലിരുത്തി യുവതി എത്തിയത്. 68-കാരനായ പൗലോ റോബർട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹം വീല്‍ചെയറിലിരുത്തിയാണ് യുവതി ബാങ്കിലെത്തിയത്. വയോധികന്റെ പേരില്‍ ലോണെടുക്കണമെന്നതായിരുന്നു ആവശ്യം. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം വയോധികൻ ഒപ്പിടേണ്ട സമയത്ത് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

പൗലോ റോബർട്ടോ ബ്രാഗയുടെ പേരില്‍ 17,000 ബ്രസീലിയൻ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) വായ്പയെടുക്കാനായിരുന്നു യുവതിയുടെ ശ്രമം.പൗലോ റോബർട്ടോയുടെ ബന്ധുവാണെന്നും പരിചാരകയാണെന്നും അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീല്‍ചെയറിലായിരുന്നു. തുടർന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച്‌ പൗലോ ഒപ്പിടേണ്ട ഘട്ടമെത്തിയപ്പോഴാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. വീല്‍ചെയറിയിലിരിക്കുന്ന വയോധികൻ പിറകിലോട്ട് ചാഞ്ഞിരിക്കുന്നതും പിന്നീട് യുവതി തലയില്‍ താങ്ങിപ്പിടിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും മെഡിക്കല്‍സംഘം പരിശോധന നടത്തുകയും ചെയ്തതോടെയാണ് വയോധികൻ മണിക്കൂറുകള്‍ക്ക് മുൻപ് മരിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

വയോധികന്റെ മരണം സംഭവിച്ചെന്ന് ബോധ്യമായിട്ടും ഇദ്ദേഹത്തിന്റെ പേരില്‍ വായ്പയെടുത്ത് പണം കൈക്കലാക്കാനാണ് യുവതി ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. വീല്‍ചെയറില്‍ വയോധികന്റെ മൃതദേഹവുമായെത്തി യുവതി രേഖകളില്‍ ഒപ്പിടാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിറകിലോട്ട് തല ചാഞ്ഞിരിക്കുന്ന വയോധികനെ തലയില്‍ താങ്ങി മുന്നോട്ടിരുത്തുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. തുടർന്ന് വയോധികന്റെ കൈയില്‍ പേന നല്‍കി ഒപ്പിടാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘എനിക്ക് തലവേദനയുണ്ടാക്കാതെ ഇവിടെ ഒപ്പിടൂ’ എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതോടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാരൻ ഇത് നിയമപരമായ നടപടിയല്ലെന്നും അദ്ദേഹത്തെ കണ്ടിട്ട് സുഖമില്ലെന്ന് തോന്നുന്നതായും യുവതിയോട് പറഞ്ഞു. എന്നാല്‍, ‘അദ്ദേഹം ഇങ്ങനെയാണ്’ എന്നാണ് യുവതി മറുപടി നല്‍കിയത്.

സുഖമില്ലെങ്കില്‍ താൻ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും ഇനിയും ആശുപത്രിയിലേക്കുതന്നെ തിരികെപോകണോ എന്നും യുവതി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, തട്ടിപ്പില്‍ യുവതിക്ക് പുറമേ കൂടുതല്‍പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts