വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന ‘കൂത്തുകള്‍’ പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.
ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍ വിവാഹഘോഷയാത്രയില്‍ മദ്യപിച്ച് യുവാക്കള്‍ ഡാൻസ് ചെയ്യുന്നതു കാണാം. വിവാഹവീട്ടിലേക്കുള്ള വഴിയില്‍ ആന്ദച്ചുവടുകളുടെ ആവേശത്തിലാണു യുവാക്കള്‍. അതിലൊരാള്‍ തീകൊളുത്തി പൊട്ടിത്തുടങ്ങാറായ പടക്കപ്പെട്ടി എടുത്തുയർത്തുന്നു. തുടർന്നു യുവാവ് പടക്കപ്പെട്ടി തലയ്ക്കു മുകളില്‍ ഉയർത്തിപ്പിടിച്ച് ഡാൻസ് തുടങ്ങുന്നു. അപ്പോഴേക്കും പടക്കപ്പെട്ടിയില്‍നിന്ന് ചീറിയുരുന്ന കരിമരുന്നു റോക്കറ്റുകള്‍ ആകാശത്ത് വർണവിസ്മയങ്ങള്‍ തീർക്കാനൊരുങ്ങി.
ഡാൻസ് തുടരുകയാണ്. പടക്കപ്പെട്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന യുവാവിനെ മുട്ടിയുരുമിയായി ചുവടുകള്‍. പരിസരം മറന്നുള്ള ആഘോഷം സെക്കൻഡുകള്‍ കൊണ്ട് തകിടംമറയുന്ന കാഴ്ചയാണു കണ്ടത്. പടക്കപ്പെട്ടിയില്‍നിന്നു യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളിലേക്കു തീപടരുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് പടക്കപ്പെട്ടി താഴേക്കിട്ടു. തുടർന്ന് പടക്കങ്ങള്‍ വഴിയിലൂടെ ചീറിപ്പായുന്നതും ആളുകള്‍ക്കിടയില്‍ കയറി പൊട്ടിച്ചിതറുന്നതും ഭയന്ന് ആളുകള്‍ ഓടുന്നതുമാണ് വീഡിയോയിലുള്ളത്. എന്തായാലും ആഘോഷിക്കാൻ വന്നവർതന്നെ വിവാഹം കലക്കി കൈയില്‍കൊടുത്തു!