വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്.
ശൈലജ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനവും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്.
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനം ഇകഴ്ത്തുന്ന രീതിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പരാമർശിച്ചിരിക്കുന്നത്. എന്നാല്‍ ട്രോളായാണ് പോസ്റ്റിട്ടതെന്നാണ് മിൻഹാജ് പറയുന്നത്. അശ്ലീല പോസ്റ്റിനെതിരെ ദിവസങ്ങള്‍ക്ക് മുമ്ബാണ് ശൈലജ പരാതി നല്‍കിയതെങ്കിലും ഇപ്പോഴാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്. മിൻഹാജ് ലീഗ് പ്രവർത്തകനാണെന്നാണ് അറിയുന്നത്.
ആശ്ലീല പോസ്റ്റില്‍ കേസെടുത്തത്തിനെ സ്വാഗതം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മമാങ്കൂട്ടത്തില്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സിപിഎം അണികള്‍ക്ക് സൈബറിടത്തില്‍ കൊടുക്കുന്ന അഴിഞ്ഞാട്ട സ്വാതന്ത്ര്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് രാഹുല്‍ പറഞ്ഞത്.
സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച മുസ്‌ലിം ലീഗ് പ്രവർത്തകനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മുസ്‌ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. ‘മങ്ങാട് സ്‌നേഹതീരം’ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ഇയാള്‍ക്കെതിരെയും കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തില്‍ സൈബർ ആക്രമണങ്ങളില്‍ ശൈലജ വൈകാരികമായി പ്രതികരിച്ചിരുന്നു.
ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്ന് എംഎല്‍എമാരായാ കെകെ രമയും ഉമ താേമസും ഇന്നലെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. താൻ ഉള്‍പ്പെടെയുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും കെകെ രമ ആരോപിച്ചിരുന്നു.