എക്സാലോജിക് മാസപ്പടിക്കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ആലുവ തോട്ടയ്ക്കാട്ടു കരയിലെ വീട്ടിലാണ് ചോദ്യം ചെയ്യല്‍.രണ്ട് തവണ സമൻസ് നല്‍കിയിട്ടും കര്‍ത്ത ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നില്ല.
ആദ്യ സമൻസില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂട്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇഡി സംഘം ചോദ്യം ചെയ്യലിനായി വീട്ടിലെത്തിയത്.
കമ്ബനിയിലെ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചല്‍ കുരുവിള എന്നിവര്‍ തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരെ വിട്ടയച്ചത്. മാസപ്പടി ആരോപണത്തില്‍ ആദായനികുതി വകുപ്പ് മുൻപാകെ എക്സാലോജിക് കമ്ബനിക്കെതിരെ മൊഴികള്‍ നല്‍കിയിരുന്ന ചീഫ് ജനറല്‍ മാനേജർ പി.സുരേഷ്കുമാർ, ക്യാഷര്‍ വാസുദേവൻ എന്നിവരെ ഇ.ഡി ഓഫിസില്‍ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന കേസിലും (പിഎംഎല്‍എ) ഇവരുടെ മൊഴികള്‍ പ്രധാനമാണ്.