‘ഇൻസുലിൻ കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം കുറയുന്നില്ല’-ആറു വർഷമായി പ്രമേഹത്തിന് ഇൻസുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി.
രോഗിയെയും അവരുപയോഗിച്ച ഇൻസുലിനും അതു സൂക്ഷിച്ച സാഹചര്യവും ഡോക്ടർമാർ പരിശോധിച്ചു. കനത്ത ചൂടുമൂലം ഇൻസുലിൻ മോശമായതാണ് പ്രമേഹ നിയന്ത്രണം താളം തെറ്റാൻ കാരണമെന്നായിരുന്നു കണ്ടെത്തല്‍.
കുപ്പി തുറക്കാത്ത ഇൻസുലിൻ ഫ്രിഡ്ജില്‍ (ഫ്രീസറിലൊഴികെ) സൂക്ഷിക്കണമെന്നും തുറന്നവ മുറിയില്‍ സൂക്ഷിച്ചാല്‍ മതിയെന്നുമാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാല്‍, ചൂട് കുത്തനെ കൂടിയതോടെ തുറന്ന ഇൻസുലിനും ഫ്രിഡ്ജില്‍ത്തന്നെ സൂക്ഷിക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടർമാർ നല്‍കുന്ന നിർദേശം.
കനത്ത ചൂടില്‍ മുറിയില്‍ വെക്കുന്ന ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയുന്നതായാണു കണ്ടെത്തല്‍. നേരിട്ടു വെയിലേല്‍ക്കുന്ന ജനാലയ്ക്കരികില്‍ സൂക്ഷിച്ച ഇൻസുലിനാണ് ഇത്തരത്തില്‍ മോശമാകുന്നതിലേറെയും.
കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടുമുതുല്‍ എട്ടുവരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയാണു വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍, പലയിടത്തും മുറിക്കുള്ളിലെ താപനില 30-നു മുകളിലായതിനാല്‍ ഉപയോഗിച്ചുതുടങ്ങിയ ഇൻസുലിനും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ പറഞ്ഞു.
പ്രമേഹം നിയന്ത്രിക്കാനാകുന്നില്ലെന്നു പറഞ്ഞ് ഇൻസുലിൻ പേന ഉപയോഗിക്കുന്ന ബാങ്കുദ്യോഗസ്ഥൻ അടുത്തിടെ ഡോക്ടറെ കാണാനെത്തി. അന്വേഷണത്തിനൊടുവില്‍ കാറിന്റെ ഡാഷ് ബോർഡിലാണ് അദ്ദേഹം ഇൻസുലിൻപേന സൂക്ഷിക്കുന്നതെന്നു മനസ്സിലായി. ചൂടുകൂടിയ ഇടമായതിനാല്‍ ഇൻസുലിൻ പേന സൂക്ഷിക്കാൻ ഡാഷ് ബോർഡ് സുരക്ഷിതമല്ല. ചൂടുകാലത്ത് ഇൻസുലിൻ പേനയും ഫ്രിഡ്ജില്‍ത്തന്നെ സൂക്ഷിക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്.