ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു.
സൗത്ത്‌ഈസ്റ്റ് ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) വിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ ആണ് വിധിച്ചത്. ഇയാള്‍ മലയാളിയാണെന്ന് സൂചന. മരണം കാത്തുകഴിയുന്ന രോഗിക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെയാണ് ഇയാള്‍ സമീപിച്ചതെന്ന് പോർട്സ്മൗത്തിലെ ക്രൗണ്‍ കോടതി പറഞ്ഞു. രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്ബോള്‍ രോഗികളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് മോഹൻ ബാബു പറഞ്ഞിരുന്നുവെന്ന് കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിക്കുക, ചുംബിക്കുക എന്നിങ്ങനെ ആയിരുന്നു മോഹൻ ബാബുവിന്‍റെ രീതി. ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു, കയറിപ്പിടിച്ചത്. 19 വയസ്സ് വരെയുള്ള മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് ജനറല്‍ പ്രാക്ടീഷണർ(ജിപി) ആയ മോഹൻ ബാബു ശിക്ഷിക്കപ്പെട്ടത്. ഭാര്യ കൂടിയായ ഡോക്ടര്‍ക്കൊപ്പം ജിപി സര്‍ജറിയില്‍ ജോലി ചെയ്യുമ്ബോള്‍ ആയിരുന്നു അതിക്രമങ്ങള്‍. മോശമായി രോഗികളെ സ്പര്‍ശിക്കുന്നതിന് പുറമെ അശ്ലീല പദപ്രയോഗങ്ങളും നടത്തിയിരുന്നു.
കോടതിയില്‍ മൂന്നാഴ്ചത്തെ വിചാരണയ്ക്കൊടുവിലാണ് 2024 ജനുവരിയില്‍ മോഹന്‍ ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന്‍റെ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് മോഹൻ ബാബു മൂന്നര വര്‍ഷത്തേക്ക് അകത്തായത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന പരാതി പറയാന്‍ സാധ്യതയില്ലാത്തവരെ നോക്കിയാണ് പ്രതി ഇരകളെ തേടിയതെന്ന് വിധി പറഞ്ഞ ജഡ്ജി ചൂണ്ടിക്കാണിച്ചു. 2019 മുതല്‍ 2021 വരെ ഹാംഷെയറിലെ ഹാവന്‍റ് സർജറിയില്‍ ജോലി ചെയ്യവേയാണ് പരാതിക്ക് കാരണമായ പീഡനനങ്ങള്‍ നടന്നത്. ഇതിന് മുൻപും ഇത്തരം പരാതികള്‍ മോഹൻ ബാബുവിന് എതിരെ ഉയർന്നിട്ടുണ്ടെന്നും പല തവണ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും വിചാരണ വേളയില്‍ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു.