മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്.
ചിത്രത്തിന്റെ നിർമാണ കമ്ബനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോണ്‍ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വർക്കി മരവിപ്പിച്ചത്.
ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണ് ഹരജി.
ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. നിർമ്മാതാക്കള്‍ യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജിയില്‍ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.ഹരജിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.