മാരക മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബയ് വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന എല്‍എസ്‌ഡി സ്റ്റാമ്ബാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പൊലീസ് ഓട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മെെസൂർ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു.
സംസ്ഥാനത്തിലേക്ക് പല രീതിയില്‍ ലഹരി മരുന്ന് കടത്താൻ ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ഡാർക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയവർ കൊച്ചിയില്‍ പിടിയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് നാർകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ജർമനിയില്‍ നിന്നെത്തിയ പാഴ്‌സല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്.
ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍, എബിൻ ബാബു, ഷാരുണ്‍ ഷാജി, കെ പി അമ്ബാടി, സി ആർ അക്ഷയ്, അനന്തകൃഷ്‌ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമനിയില്‍ നിന്ന് പാഴ്‌സല്‍ വഴി എത്തിയത് പത്ത് എല്‍ എസ് ഡി സ്റ്റാമ്ബുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
കൊച്ചിയിലെ ആറിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 326 എല്‍ എസ് ഡി സ്റ്റാമ്ബുകള്‍, എട്ട് ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തിരുന്നു. പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് നാർകോട്ടിക്‌സ് ബ്യൂറോ വ്യക്തമാക്കി.