പ്രഭാത വാർത്തകൾ
Published- 9/APRIL/24-ചൊവ്വ-മീനം-27
◾ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, ഏറ്റവും കുറവ് ആലത്തൂരിലുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്‍മാര്‍ മത്സര രംഗത്തുണ്ട്.
◾ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും രോഷാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ വിശ്വാസങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നിലനില്‍ക്കേയായിരുന്നു മോദിയുടെ പരാമര്‍ശം.
◾ മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ദുര്‍ഗന്ധമുണ്ടെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് മുസ്ലിം ലീഗിന്റെ മുദ്രയാണെന്ന പരാമര്‍ശത്തില്‍ നരേന്ദ്രമോദിയെ കടന്നാക്രമിച്ച് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ, പ്രത്യയശാസ്ത്ര മുന്‍ഗാമികള്‍ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്കാര്‍ക്കെതിരേ ബ്രിട്ടീഷുകാരെയും മുസ്ലിം ലീഗിനേയും പിന്തുണച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.
◾ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഭൂരിപക്ഷത്തെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാനുള്ള മോദിയുടെ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
◾ കരുവന്നൂര്‍ കേസില്‍ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ച സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനോട് 22 നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനോട് അടുത്ത വ്യാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശം. തൃശ്ശൂരില്‍ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി വിവരങ്ങളിലുമായിരുന്നു ചോദ്യം ചെയ്യല്‍. ആസ്തി വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം വര്‍ഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
◾ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നിര്‍ത്തിവെക്കാന്‍ കമ്മിഷന്‍ ഇടപെടണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനയച്ച കത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
◾ മോദിയും പിണറായിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്നും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി കേന്ദ്രം വേട്ടയാടുകയാണെന്നും അതിന്റെ അവസാനത്തെ ചിത്രമാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും അതേസമയം ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ മാത്രം അതൊന്നും ബാധിക്കാത്തത് കേരളത്തിലെ മുഖ്യമന്ത്രിയെയാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ഒല്ലൂര്‍ സെന്ററില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ പാനൂര്‍ ബോംബ് സ്ഫോടനകേസില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മിക്കാന്‍ കാരണമെന്ന് പൊലീസ്. എതിര്‍ഭാഗത്തുള്ള ഗുണ്ടകളെ നേരിടാന്‍ വേണ്ടിയാണ് ബോംബ് ഉണ്ടാക്കിയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നവര്‍ക്ക് ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിയാം. അറസ്റ്റിലായ അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിച്ചു. കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പ്രതികള്‍.
◾ പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇതോടെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അറസ്റ്റിലായവരില്‍ അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചു.
◾ സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസില്‍ സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ മൂന്നാം ദിവസമാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ആകെ 21 പ്രതികളുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷണം മുന്നോട്ടു പോകുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും.
◾ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍ 3200 രൂപ നല്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. അടുത്ത ഗഡു കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3200 രൂപ കൊടുത്തത് വലിയ സംഭവമായി പിണറായി വിജയന്‍ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരില്‍ ചവിട്ടി നിന്നാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
◾ ഇടുക്കി രൂപതയില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി. വിശ്വോത്സവത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയിരുന്നു. നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് വ്യക്തമാക്കി.
◾ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ലെന്നും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ കേരള സ്റ്റോറി ഇടുക്കി രൂപതയില്‍ പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഇത് കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തെക്കുറിച്ചുള്ള നട്ടാല്‍ക്കുരുക്കാത്ത നുണയാണിത്. കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് സംഘപരിവാറിനെ കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഈ സിനിമയില്‍ നിന്ന് നല്ല ഗുണപാഠങ്ങള്‍ ഒന്നും തന്നെ കേരളത്തിലുള്ള ഒരു വ്യക്തിക്കും നേടാനില്ല. ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്നും ബല്‍റാം വ്യക്തമാക്കി.
◾ പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുനര്‍നിയമനം നല്‍കിയത് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. അതേസമയം സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വേനലവധിയ്ക്ക് ശേഷം വാദം കേള്‍ക്കും.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുന്ന യു ഡി എഫിന്റെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നം. കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ ഇക്കുറി മത്സരിക്കുക എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനാണ്.
◾ കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന റംസാന്‍ – വിഷു ചന്തകള്‍ക്ക് അനുമതി ഇല്ല. 280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും, ഇതിനായി ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായതെന്നും മുന്‍കാലങ്ങളില്‍ ഇത്തരം അനുമതി നല്‍കിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റ പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2024-25 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയില്‍, ഈ സംവരണം നിര്‍ത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉന്നമനത്തിനായി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
◾ പിറന്നാള്‍ ദിനത്തില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തിനിടെ വികാരാധീനയായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. വ്യാജ വാര്‍ത്ത നല്‍കി പലരും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനിയും ഇത്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഉണ്ട്.
◾ ചെമ്മീന്‍ കറി കഴിച്ച് ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കേ മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുന്ന പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണ് മരിച്ചത്.
◾ കോയമ്പത്തൂരില്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍, കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ കോയമ്പത്തൂര്‍ പൊലീസിന് തിരിച്ചടി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത നടപടികള്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞു. പോലീസ് കേസെടുത്തതിനെതിരെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടകാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 24 ന് പരിഗണിക്കും.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. മദ്യനയ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തതാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജയില്‍വാസം തുടരുമോ, മോചനം ലഭിക്കുമോയെന്നത് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാമ്യം ലഭിച്ചാല്‍ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊര്‍ജ്ജമാകും.
◾ സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു. കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി. കോണ്‍ഗ്രസ് പാവയ്ക്കക്ക് സമമാണെന്നും പഞ്ചസാരയോ നെയ്യോ ചേര്‍ത്താലും മധുരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബിരേന്ദറും പാര്‍ട്ടി മാറുന്നത്. ബിരേന്ദര്‍ സിങ്ങിന്റെ ഭാര്യയും ഹരിയാനയിലെ മുന്‍ ബി ജെ പി എംഎല്‍എയുമായ പ്രേം ലതയും ബിജെപിയില്‍ നിന്ന് രാജിവെച്ചു.
◾ ചെന്നൈയില്‍ ബി ജെ പി പ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. പണവുമായി ബന്ധമില്ലെന്ന ബി ജെ പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ പ്രസ്താവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. പണം ട്രഷറിയില്‍ തന്നെ സൂക്ഷിക്കുമെന്നും ഐ.ടി വകുപ്പിനെ കളക്ടര്‍ അറിയിച്ചു.
◾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി. സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്. ബംഗാളില്‍ നിന്നുള്ള 10 തൃണമൂല്‍ എംപിമാരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
◾ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ നാളെ. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം നാളെ പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന്‍ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് ഇന്നറിയാം.
◾ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു.
◾ പൈലറ്റുമാരുടെ അഭാവം മൂലം വെട്ടിലായതോടെ പത്ത് ശതമാനം വിമാനങ്ങള്‍ കൂടി റദ്ദാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ വിസ്താര. ഇതിന്റെ ഭാഗമായി പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിലില്‍ ഇതിനോടകം 150ലേറെ വിമാനങ്ങള്‍ കമ്പനി റദ്ദാക്കിയിരുന്നു. പ്രതിദിനം 350 ഓളം വിമാന സര്‍വീസുകളാണ് എയര്‍ലൈന്‍ നടത്തുന്നത്. ശൈത്യകാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 22 ശതമാനം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അഭാവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 150ലേറെ വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര നിര്‍ബന്ധിതരായി. എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായി ഫെബ്രുവരി പകുതിയോടെ പൈലറ്റുമാര്‍ക്ക് പുതിയ ശമ്പള ഘടന എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ പലതും അവസാനിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെയായിരുന്നു പുതിയ പരിഷ്‌കാരം. ഇതില്‍ കടുത്ത അതൃപ്തിയാണ് പൈലറ്റുമാര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് ഒട്ടേറെ പൈലറ്റുമാര്‍ പ്രതിഷേധ അവധിയില്‍ പോയതോടെ കമ്പനി പ്രതിസന്ധിയിലായി. പിന്നാലെയാാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്.
◾ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി ,എന്‍.പി നിസ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
◾ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂറ്റന്‍ തൂണുകളുടെയും കൂറ്റന്‍ കൊട്ടാരം പോലുള്ള ഘടനകളുടെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ചിത്രത്തിലെത്തുന്ന രണ്‍ബിര്‍ കപൂര്‍ ഉടന്‍ തന്നെ ടീമിനൊപ്പെം ചേരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്. യാഷ് ആണ് രാവണനായി എത്തുക. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.
◾ ടെസ്ല ഇലക്ട്രിക് കാര്‍ സ്വന്തമാക്കി നടന്‍ മനോജ് കെ ജയന്‍. യുകെയില്‍ ഫാമിലി മെമ്പറായി ടെസ്ല മോഡല്‍ 3 എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു എന്നും മനോജ് കെ ജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. ടെസ്ലയുടെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3യാണ് താരം സ്വന്തമാക്കിയത്. 2017 ല്‍ യുഎസ് വിപണിയിലെത്തിയ ടെസ്ല മോഡല്‍ 3 യുകെയില്‍ എത്തുന്നത് 2019ലാണ്. 2023 ല്‍ പുതിയ തലമുറയും എത്തി. ടെസ്ലയുടെ 2020 ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയത് എന്നാണ് കരുതുന്നത്. സ്റ്റാന്റേര്‍ഡ് റേഞ്ച്, സ്റ്റാന്റേര്‍ഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ് റേഞ്ച് പ്ലസ്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമന്‍സ് എന്നീ വേരിയന്റുകളിലായി 381 കിലോമീറ്റര്‍ മുതല്‍ 614 കിലോമീറ്റര്‍ വരെ റേഞ്ചുള്ള മോഡലുകള്‍ ഈ വാഹനത്തിനുണ്ട്. എന്നാല്‍ ഏതു മോഡലാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയതെന്നു വ്യക്തമല്ല.
◾ മനുഷ്യസ്നേഹത്തില്‍ ഊന്നിയ സത്യാന്വേഷണത്വരയും തന്റെ ജീവിതത്തിലെ മുന്‍ഗണനകളെ സ്വയം തിരിച്ചറിയാന്‍ കെല്‍പ്പേകുന്ന നിരക്ഷേപമായ സ്വയംബോധവും ആണ് ഈ കവയിത്രിയുടെയും കവിതകളുടെയും ആത്മബലം. ഓരോ കവിതയും ഓരോ വരിയും ഓരോ വാക്കും ഓരോ മൗനവും നമ്മോടു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവയാണ്; പ്രണയത്തെപ്പറ്റി, പ്രണയനിഷേധത്തെപ്പറ്റി, മോഹങ്ങളെപ്പറ്റി, മോഹഭംഗങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി, വസന്തത്തെപ്പറ്റി, ഗ്രീഷ്മത്തെപ്പറ്റി… അങ്ങനെയങ്ങനെ വാഴ്വിന്റെ നാനാര്‍ത്ഥങ്ങള്‍ തിരഞ്ഞുകൊണ്ട് മനുഷ്യമനസ്സിന്റെ അറിയപ്പെടാത്ത വന്‍കരകളിലൂടെ ഉള്ള ദേശാടനമാണ് ഇതിലെ കവിതകള്‍. ‘പിന്‍നടത്തങ്ങള്‍’. ശ്രീലത സജീവ്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് മാതളം. മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്. ചിലയിനം ക്യാന്‍സറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റേതൊരു ബെറി പഴങ്ങളെയും പോലെ മാതളനാരങ്ങകളും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. അവയെല്ലാം നല്ലതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ആന്റി ഓക്‌സിഡന്റുകള്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്. മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്. ഗര്‍ഭകാലത്ത് മാതളം ജ്യൂസ് കുടിക്കുന്നത് പ്രീക്ലാംസിയ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.