HomeKerala'ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ'; പര്‍വ്വതാരോഹണത്തിനും തയ്യാറെടുത്ത് നവീൻ

‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; പര്‍വ്വതാരോഹണത്തിനും തയ്യാറെടുത്ത് നവീൻ

അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മൂന്ന് മലയാളികളും വിചിത്ര വിശ്വാസത്തിന്റെ ഇരകളെന്ന് പൊലീസ്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുമ്ബ് അന്യഗ്രഹത്തില്‍ ജനിച്ച്‌ ജീവിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പേരിലാണ് ഇവർ ജീവനൊടുക്കിയത്. മരിച്ച നവീൻ തന്നെയാണ് ഈ ചിന്ത മറ്റ് രണ്ടുപേരിലേക്കും എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനർജനിക്കണമെന്നുമായിരുന്നു നവീൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

ഒന്നര വർഷങ്ങള്‍ക്ക് മുമ്ബുതന്നെ അരുണാചലിലെ ഈസ്റ്റ്‌കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധവിഹാരങ്ങള്‍ സന്ദർശിക്കുകയും ചെയ്‌തു. പർവതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ചും നവീൻ പ്രദേശവാസികളോട് തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്റ്, പാത്രങ്ങള്‍ എന്നിവയും ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീനിന്റെ കാറില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു.

പർവതമുകളിലെ ജീവിതത്തിനുമപ്പുറം പുനർജന്മത്തിനായി ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയില്‍ മാത്രമാണ് മൂന്നുപേരും അരുണാചലിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീൻ പങ്കുവച്ചിരുന്നു. എന്നാല്‍, നവീനിന്റെ ഈ ചിന്ത ഭാര്യ ദേവിയും അതേപടി വിശ്വസിച്ചിരുന്നു. ദേവി വഴിയാണ് സുഹൃത്തായ ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്റെ നിഗമനം.

നവീനിന് ഇക്കാര്യങ്ങള്‍ ആര് പറഞ്ഞുകൊടുത്തു, ഇ – മെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നീ കാര്യത്തില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. മരിച്ച മൂന്നുപേരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് വിശദ പരിശോധന നടത്തി. ബന്ധുക്കളില്‍ നിന്ന് മൊഴിയും രേഖപ്പെടുത്തി.

ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തിന്റെ യോഗം ഇക്കാര്യങ്ങള്‍ പരിശോധിച്ചു. മരിച്ച മൂന്നുപേരുടെയും നാലുവർഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാൻ മനോരോഗ വിദഗ്ദ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts