പ്രഭാത വാർത്തകൾ
Published- 7/APRIL/24-ഞായർ-മീനം-25
◾ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. മൊഴി എടുക്കാനായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് വഴി ഇക്കാര്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട് . സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുമായി സിബിഐ ഇന്ന് സംസാരിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട സിബിഐയുടെ ടീം ഒരാഴ്ച വയനാട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന.
◾ അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇവരുടെ പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളോട് ആകരുത്. നാഗ്പുര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വരവ് – ചെലവ് കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട് . തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം സമര്‍പ്പിച്ചിട്ടുള്ളതാണ് . തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീര്‍ക്കുകയെന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത് എന്നും അവര്‍ വ്യക്തമാക്കി.മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇന്‍കം ടാക്സ് അധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തതെന്നും അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും സിപിഎം അറിയിച്ചു.
◾ സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതില്‍ പ്രതികരിച്ച് സീതാറാം യെച്ചൂരി . ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണുള്ളത്. നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂരിലേക്കെത്തിച്ച്് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ ബിജെപിയുടെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്തിമ അനുമതിക്കായി ബിജെപി കാത്തുനില്‍ക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോണ്‍ഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.
◾ സാമ്പത്തികഞെരുക്കം മറികടക്കാന്‍ ബക്കറ്റ് പിരിവുമായി കോണ്‍ഗ്രസ് രംഗത്ത്. പാളയത്ത് കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ ബക്കറ്റ് പിരിവ് ഉദ്ഘാടനം ചെയ്തു. അക്കൗണ്ട് മരവിപ്പിച്ചതിനെത്തുടര്‍ന്നുള്ള സാമ്പത്തികഞെരുക്കം മറികടക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനുമാണ് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബക്കറ്റ് പിരിവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. അധികാരമുപയോഗിച്ച് ജനാധിപത്യത്തെ നശിപ്പിക്കുന്ന ഏകാധിപതിയാണ് നരേന്ദ്രമോദിയെന്നും കേരളത്തിലുടനീളം ഇത്തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമെന്നും ഹസന്‍ പറഞ്ഞു.
◾ കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിങ് ഓഫീസര്‍ പിബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിഎംഇ ആണ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമന ഉത്തരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം അവസാനിപ്പിക്കുമെന്നും പറഞ്ഞ അനിത സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമ നടപടി തുടരുമെന്നും തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും പറഞ്ഞു.
◾ മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനര്‍നിയമനം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. നിലവില്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതില്‍ കൂടുതല്‍ പേരും ദീര്‍ഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
◾ മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണോ പീഡന വീരനൊപ്പമാണോയെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് പ്രതിപക്ഷനേതാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കുണ്ടെന്നും നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നതെന്നും എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു.
◾ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ തെളിവെടുപ്പ് നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാരെയും വിസ്തരിക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും എത്തുന്നത്.
◾ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. പ്രതിയുമായുള്ള തെളിവെടുപ്പിലാണ് സ്ഫോടനം നടന്ന വീടിനോട് ചേര്‍ന്ന പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് ബോംബുകള്‍ കണ്ടെത്തിയത്. പാനൂരില്‍ നിര്‍മിച്ചത് സ്റ്റീല്‍ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
◾ കണ്ണൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ബോംബ് നിര്‍മാണ കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കും. ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തും. പാനൂരിലെ സ്ഫോടനവും മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്.
◾ ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പണം നല്‍കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്ത്, നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂര്‍ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ മാറ്റുന്നതിനെതിരായ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും, ഗുജറാത്ത് കലാപത്തില്‍ മുസ്ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതുമായ ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാനാണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ല. മുന്‍ നിലപാടുകളില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുറപ്പിച്ച് ഗതാഗതമന്ത്രി. പരിഷ്‌കാരങ്ങളടങ്ങിയ ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാന്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കും. ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്തണമെന്നും രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്നും നിര്‍ത്തുന്ന സ്ഥലം യാത്രക്കാര്‍ക്ക് കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
◾ സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മഴ സാധ്യത.
◾ ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാല്‍ യുഡിഎഫില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വരും എന്ന് വി എന്‍ വാസവന്‍ . ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യുഡിഎഫിനോ സാധിക്കുകയില്ല. കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഒരോ ദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണെന്നും വാസവന്‍ പറഞ്ഞു.
◾ മൂവാറ്റുപുഴയില്‍ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു.
◾ കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും.കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാണ്.
◾ അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയില്‍ വന്ന് കുറ്റകൃത്യം ചെയ്ത് പാക്കിസ്ഥാനിലേക്ക് കടക്കുന്നവരെ അവിടെ ചെന്ന് വധിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വെറുതെ വിടില്ല. അന്യ രാജ്യങ്ങളുടെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇങ്ങോട്ട് ഉപദ്രവിക്കാന്‍ വന്നാല്‍ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ സിപിഐയുടെ പ്രകടന പത്രിക ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പുറത്തിറക്കി. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. നീതി ആയോഗിന് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും, പാഠപുസ്തകത്തിലെ കാവില്‍ക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്‌കീം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
◾ ഇന്ന് രാവിലെ 11.30 ന് വാര്‍ത്താ സമ്മേളനം നടത്തി സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് എക്സിലൂടെ അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് നോക്കി വച്ചോളൂ എന്നും ആവേശകരമായ സമയമാണിനി വരുന്നതെന്നുമാണ് തൃണമൂലിന്റെ മുന്നറിയിപ്പ്.
◾ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക മുസ്ലീംലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഒരു നിര്‍ദ്ദേശവും കോണ്‍ഗ്രസിന് സ്വന്തമായി ഇല്ലെന്നും, ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളാണെന്നും മോദി വിമര്‍ശിച്ചു.
◾ മോദിക്ക് ചരിത്രമറിയില്ലെന്നും ബി.ജെ.പി പയറ്റുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും ജയറാം രമേശ്. ലീഗിന്റെ മുദ്രപേറുന്നതെന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന, പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
◾ മോദി ഭരണത്തില്‍ രാജ്യം കടുത്ത നിരാശയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനാധിപത്യത്തെ ബി ജെ പി തകര്‍ത്തുവെന്നും മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി ഒറ്റക്കെട്ടായി ഒരുമിച്ചു നില്‍ക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന മാറ്റി എഴുതാനുള്ള ഗൂഢാലോചന വരെ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണെന്നും ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഇത്തവണത്തെ പോരാട്ടത്തില്‍ എല്ലാവരും അതിനായി പ്രയത്നിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
◾ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇറ്റാലിയന്‍ സംസ്‌കാരം മൂലമാണ് ഇന്ത്യ എന്ന ആശയത്തെ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ റാലിയില്‍ കശ്മീരിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. കശ്മീരുമായി എന്താണ് ബന്ധമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
◾ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദര്‍ശനില്‍ ദിവസവും വൈകുന്നേരം 6 മണിക്കാണ് രാമായണം സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ ദിവസും ഉച്ചയ്ക്ക് 12 മണിക്ക് രാമായണം പുനഃ സംപ്രേഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
◾ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. കഴിഞ്ഞ ഒമ്പതു കളികളില്‍ ടീമിന്റെ ഏഴാം തോല്‍വിയാണിത്. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്.
◾ ഐപിഎല്‍ 2024ലെ ‘റോയല്‍’ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 72 പന്തില്‍ 113 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 58 പന്തില്‍ 100 റണ്‍സെടുത്ത ജോസ് ബട്ലറുടേയും 42 പന്തില്‍ 69 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കളിച്ച നാല് കളികളിലും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
◾ ഇന്ത്യന്‍ റെയില്‍വേയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഫൈനില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ആണ്. 300 കോടി രൂപയാണ് ഫൈനായി മാത്രം അവര്‍ക്ക് ലഭിച്ചത്. ആകെയുള്ള 16 സോണുകളില്‍ ഫൈന്‍ പിരിച്ചെടുത്തതില്‍ സെന്‍ട്രല്‍ സോണ്‍ തന്നെയാണ് മുന്നില്‍. മുംബൈ, നാഗ്പൂര്‍, പൂനെ, സോളാപൂര്‍, ബുസാവാള്‍ എന്നിവയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ വരുന്ന ഡിവിഷനുകള്‍. 2023-24 സാമ്പത്തികവര്‍ഷം 46.26 ലക്ഷം കേസുകളാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെയോ ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടുപോയതിനോ എടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 265.97 കോടി രൂപ പിഴയിനത്തില്‍ പിരിച്ചെടുക്കാനായിരുന്നു പദ്ധതിയിട്ടത്. 12.80 ശതമാനം വളര്‍ച്ച ഇക്കാര്യത്തില്‍ നേടാന്‍ സാധിച്ചു. സെന്‍ട്രല്‍ റെയില്‍വേയുടെ മുംബൈ ഡിവിഷനാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. 20.56 ലക്ഷം കേസുകളില്‍ നിന്ന് 115.29 കോടി രൂപ പിഴയായി മുംബൈ ഡിവിഷന്‍ പിരിച്ചെടുത്തു. ബുസാവാള്‍ ഡിവിഷനാണ് 66.33 കോടി രൂപയുമായി രണ്ടാംസ്ഥാനത്ത്. 22 ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു കോടിയിലധികം രൂപ വീതം ഫൈനായി പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വരുമാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ റെക്കോഡിട്ടിരുന്നു. 2.56 ലക്ഷം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി രൂപയായിരുന്നു. ചരക്കുനീക്കത്തില്‍ നിന്ന് മാത്രം 1,591 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണിത്. കല്‍ക്കരി നീക്കത്തിലൂടെ വന്‍ വരുമാനമാണ് ഇന്ത്യന്‍ റെയില്‍വേ നേടുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 787.6 മെട്രിക് ടണ്‍ കല്‍ക്കരിയാണ് റെയില്‍വേ മുഖേന വിവിധയിടങ്ങളില്‍ എത്തിയത്.
◾ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സംവിധായകന്‍ വി.എ ശ്രീകുമാറും അഞ്ജന ഫിലിപ്പും ചേര്‍ന്നാണ്. എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
‘ജയിലറിന്’ ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും. അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും.
◾ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത തമിഴകത്തിന്റെ മിന്നും താരം എസ്ജെ സൂര്യ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എന്നാണ് സൂചന. വിപിന്‍ ദാസ് ഹൈദരബാദില്‍ വെച്ച് എസ്ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദിനൊപ്പം എസ് ജെ സൂര്യയും സ്‌ക്രീനില്‍ ഒന്നിക്കുമ്പോള്‍ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതേസമയം ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ വിപിന്‍ ദാസ്. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
◾ യുവാക്കളുടെ ഇഷ്ട ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഏഥര്‍ ഏറ്റവും പുതിയ ഇ-സ്‌കൂട്ടര്‍ ‘റിസ്ത’ പുറത്തിറക്കി. മാര്‍ച്ച് 29ന് ഓണ്‍ലൈനായി 999 രൂപയ്ക്ക് ബുക്കിംഗ് തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗികമായി കമ്പനി ഈ മോഡല്‍ അവതരിപ്പിച്ചിരുന്നില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രേമികളുടെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കിയാണ് കമ്പനി റിസ്ത പുറത്തിറക്കിയിരിക്കുന്നത്. ഏവരെയും ആകര്‍ഷിക്കുന്ന 1.10 ലക്ഷം രൂപയിലാണ് വിലകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ബുക്ക് ചെയ്തവര്‍ക്കാകും ഈ വിലയില്‍ ലഭിക്കുക. റിസ്ത എക്‌സ്, റിസ്ത എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി വില 1.44 ലക്ഷം രൂപയാണ്. പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ മോഡലുമായി എത്തിയിരിക്കുന്നത്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ആവശ്യത്തിന് സ്ഥലം നല്‍കിയതിലൂടെ മധ്യവയസ്‌കരായ ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ റിസ്തയ്ക്ക് സാധിക്കും. ഒരൊറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാനും റിസ്തയ്ക്ക് സാധിക്കും. സിപ്, സ്മാര്‍ട്ട്എക്കോ എന്നീ രണ്ട് റൈഡ് മോഡുകള്‍ റിസ്തയിലുണ്ട്. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്നത്.
◾ അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന നോവല്‍. ‘മെര്‍ക്കുറി ഐലന്റ്’. അഖില്‍ ധര്‍മ്മജന്‍. ഡിസി ബുക്സ്. വില 425 രൂപ.
◾ പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. 16 വര്‍ഷം കൊണ്ട് അര്‍ബുദ ബാധിതരുടെ എണ്ണം 2020ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2020ല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം മൂലമുള്ള മരണങ്ങള്‍ 3,75,000 ആയിരുന്നത് 2040ല്‍ ഏഴ് ലക്ഷമായി മാറുമെന്നാണ് പഠനറിപ്പോര്‍ട്ട് കണക്കാക്കുന്നത്. കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ കൃത്യ സമയത്ത് രോഗനിര്‍ണ്ണയം നടക്കാത്തത് മൂലം മരണസംഖ്യ ഇതിലും ഉയരാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും പ്രോസ്റ്റേറ്റ് അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തിയത് കൊണ്ട് ഇതിനാല്‍ പ്രോസ്റ്റേറ്റ് കേസുകളുടെ എണ്ണത്തിലെ വര്‍ധന നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയം, ചികിത്സയിലെ പുരോഗതി, വ്യാപകമായ പരിശോധന എന്നിവ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഇടയ്ക്കിടെ, പ്രത്യേകിച്ച് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മൂത്രമൊഴിക്കാന്‍ ആരംഭിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, മൂത്രസഞ്ചി ശരിയായി കാലിയാക്കാന്‍ സാധിക്കുന്നില്ലെന്ന തോന്നല്‍, മൂത്രത്തിലെ രക്തം, ശുക്ലം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രം പോകാത്ത അവസ്ഥ എന്നിവയെല്ലം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം പ്രോസ്‌ട്രേറ്റിന് വീക്കമുണ്ടെങ്കിലും വരാമെന്നതിനാല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ഇവയുടെ അടിസ്ഥാനത്തില്‍ ബയോപ്‌സി എന്നിവയിലൂടെയാണ് ഡോക്ടര്‍മാര്‍ കൃത്യമായ രോഗനിര്‍ണ്ണയം നടത്തുന്നത്. വൃഷ്ണങ്ങള്‍ക്ക് വേദന, പുറം വേദന, എല്ലുകള്‍ക്ക് വേദന, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയെല്ലാം പ്രോസ്റ്റേറ്റ് അര്‍ബുദം മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.