ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍-രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185, ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173.
ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ പുറത്താകാതെ 45 പന്തില്‍ 84 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനത്തിലെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജൂറല്‍ (12 പന്തില്‍ 20), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (പുറത്താകാതെ ഏഴ് പന്തില്‍ 14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സഞ്ജു സാംസണ്‍-15 റണ്‍സ്, യഷ്വസി ജയ്‌സ്വാള്‍-5, ജോസ് ബട്ട്‌ലര്‍-11 റണ്‍സ് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
34 പന്തില്‍ 49 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, പുറത്താകാതെ 23 പന്തില്‍ 44 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ കിടിലന്‍ പ്രകടനം പുറത്തെടുത്തിട്ടും ഡല്‍ഹിക്ക് വിജയിക്കാനായില്ല.മിച്ചല്‍ മാര്‍ഷ് 23 റണ്‍സെടുത്തു. റിക്കി ഭുയി പൂജ്യത്തിനും, ഋഷഭ് പന്ത് 28 റണ്‍സെടുത്തും, അഭിഷേക് പോറല്‍ ഒമ്ബത് റണ്‍സെടുത്തും പുറത്തായി. അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 13 പന്തില്‍ 15 റണ്‍സെടുത്തു.
രാജസ്ഥാനു വേണ്ടി നാന്ദ്രെ ബര്‍ഗറും, യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ആവേശ് ഖാന്‍ എറിഞ്ഞ അവസാന പന്തില്‍ 17 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടത്. എന്നാല്‍ ആവേശ് വിട്ടുകൊടുത്തത് അഞ്ച് റണ്‍സ് മാത്രം.