HomeIndiaഅടിക്ക് തിരിച്ചടി, എന്നിട്ടും മുംബൈക്ക് രണ്ടാം പരാജയം, വമ്ബന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു

അടിക്ക് തിരിച്ചടി, എന്നിട്ടും മുംബൈക്ക് രണ്ടാം പരാജയം, വമ്ബന്‍ സ്കോറിനെതിരെ പൊരുതി നോക്കി തോറ്റു

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത് റെക്കോർഡുകള്‍ പലതവണ സൃഷ്ടിക്കപ്പെട്ട മത്സരത്തില്‍ ഹൈദരാബാദ് മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനങ്ങളാണ് മുംബൈയുടെ പരാജയത്തിന് കാരണമായത്.

ഹൈദരാബാദനായി ക്ലാസൻ, അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർത്ഥ സെഞ്ച്വറികളുമായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ മുംബൈക്കായി തിലക് വർമ അടക്കമുള്ളവർ മികവ് പുലർത്തിയെങ്കിലും 30 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് അഭിഷേക് ശർമയും ഹെഡും ചേർന്ന് ഹൈദരാബാദിന് നല്‍കിയത്. മുംബൈക്കെതിരെ പവർപ്ലെയില്‍ ആക്രമണം അഴിച്ചുവിടാൻ ഹെഡിന് സാധിച്ചു. കേവലം 18 പന്തുകളില്‍ നിന്ന് അർദ്ധ സെഞ്ച്വറി നേടി ഹെഡ് മുംബൈയെ ഞെട്ടിക്കുകയായിരുന്നു.

ശേഷം അഭിഷേക് ശർമയും വെടിക്കെട്ട് കാഴ്ചവച്ചതോടെ ഹൈദരാബാദ് സ്കോർ കുത്തനെ ഉയർന്നു. ഹെഡ് 24 പന്തുകളില്‍ 9 ബൗണ്ടറുകളും 3 സിക്സറുകളുമടക്കം 62 റണ്‍സാണ് നേടിയത്. അഭിഷേക് ശർമ 23 പന്തുകളിലും 3 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 63 റണ്‍സ് നേടുകയുണ്ടായി.

ഇരുവരും പുറത്തായ ശേഷമെത്തിയ എയ്ഡൻ മാക്രവും ക്ലാസനും ക്രീസിലുറച്ചത് മുംബൈയ്ക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിച്ചു. മാക്രം 28 പന്തുകളില്‍ 42 റണ്‍സുമായി തന്റേതായ രീതിയില്‍ നീങ്ങി. പക്ഷേ ക്ലാസൻ അവസാന ഓവറുകളില്‍ മുംബൈയുടെ വില്ലനായി മാറുകയായിരുന്നു.

34 പന്തുകള്‍ നേരിട്ട ക്ലാസൻ 4 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 80 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ ഹൈദരാബാദ് ഒരു റെക്കോർഡ് സ്കോറിലെത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളില്‍ 277 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഹൈദരാബാദ് മത്സരത്തില്‍ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്കായി രോഹിത് ശർമയും ഇഷാനും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.

ഇരുവരും ആദ്യ 3 ഓവറുകളില്‍ തന്നെ മുംബൈയുടെ സ്കോർ 50 റണ്‍സില്‍ എത്തിച്ചു. എന്നാല്‍ 13 പന്തുകളില്‍ 34 റണ്‍സ് നേടിയ കിഷൻ മടങ്ങിയതോടെ മുംബൈ പതറി. ഒപ്പം 12 പന്തുകളില്‍ 26 റണ്‍സുമായി രോഹിത്തും കൂടാരം കയറി. പിന്നീട് മുംബൈക്കായി മത്സരത്തില്‍ മികവ് പുലർത്തിയത് തിലക് വർമയായിരുന്നു. മുംബൈയെ വലിയ വിജയലക്ഷ്യത്തിലേക്ക് അടുപ്പിക്കാൻ തിലക് വർമയ്ക്ക് സാധിച്ചു.

34 പന്തുകളില്‍ 2 ബൗണ്ടറികളും 6 സിക്സറുകളും അടക്കം 64 റണ്‍സ് ആണ് തിലക് വർമ നേടിയത്. എന്നാല്‍ തിലക് കൂടാരം കയറിയതോടെ മുംബൈ പതറി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ റണ്‍സ് കണ്ടെത്താൻ ശ്രമിച്ചങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാന ഓവറുകളില്‍ ടിം ഡേവിഡ്(42*) പൊരുതാൻ ശ്രമിച്ചെങ്കിലും 31 റണ്‍സകലെ മുംബൈ പരാജയം അറിയുകയായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts