പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ യുവാവിന്റെ തലയില്‍ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുർ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവിനാഷും മറ്റ് മൂന്ന് പേരും ചേർന്ന് ഹോട്ടലില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയില്‍ രണ്ട് പേർ ഹോട്ടലിലേക്ക് കയറിവരുകയായിരുന്നു. ഇതില്‍ ഒരാളുടെ കൈവശം ഒരു പ്ലാസ്റ്റിക് ബാഗുമുണ്ടായിരുന്നു.
അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിർത്തു. ഈ സമയം അവിനാഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിനാഷിനൊപ്പമുണ്ടായിരുന്നവരെ ഇവർ ആക്രമിച്ചില്ല. അവർപുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
വെടിയൊച്ചയ്ക്കു പിന്നാലെ പുറത്തുനിന്നും ഒരുസംഘം ഹോട്ടലിലേക്ക് ഓടിയെത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവിനാഷിനെ വെട്ടുകയുമായിരുന്നു. നിലത്തുവീണ അവിനാഷിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്.
രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം തൊട്ടടുത്തുള്ള മേശയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയുതിർത്തതോടെ കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്കോടി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി.