തത്സമയ ക്ലാസിനിടെ തന്‍റെ സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്‍റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി. ഓണ്‍ലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍ വിവാഹാഭ്യർത്ഥന നടത്തിയത്. Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തന്നോടൊപ്പം തത്സമയ സെക്ഷനില്‍ ക്ലാസ് എടുത്തുകൊണ്ടിരുന്ന സോന ശർമ്മയോട് വിവാഹാഭ്യർത്ഥന നടത്തിയത്. നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേർന്ന പ്രവർത്തിയാണോ എന്ന ചർച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നത്. Shekhar Dutt എന്ന എക്സ് ഉപയോക്താവാണ് ‘വിവാഹത്തിന്‍റെ പരിണാമം’ എന്ന കുറിപ്പോടെ വീഡിയോ പങ്കവച്ചത്.
തങ്ങളുടെ വിദ്യാർത്ഥികളെ സാക്ഷിയാക്കി നവനീത് നടത്തിയ വിവാഹ അഭ്യർത്ഥന ഇങ്ങനെ ആയിരുന്നു: “എന്‍റെ പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക. തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സോന മാഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്, നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?” സഹാധ്യാപകന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഈ അപ്രതീക്ഷിത ചോദ്യത്തില്‍ സോന ശർമ്മ പതറിപ്പോകുന്നതും എന്തു പറയണമെന്നറിയാതെ ആദ്യം വാക്കുകകള്‍ക്കായി പാടുപെടുന്നതും വീഡിയോയില്‍ കാണാം.
ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അവർ പറയുന്നതും അധ്യാപകന്‍റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഇരുവരെയും വിമർശിച്ച് കൊണ്ട് നിരവധി ആളുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതാണോ അധ്യാപനം എന്നായിരുന്നു കൂടുതല്‍ ആളുകള്‍ ഉയർത്തിയ ചോദ്യം. എന്നാല്‍, ചുരുക്കം ചിലർ ഇരുവരെയും സപ്പോർട്ട് ചെയ്യാനും ആശംസകളും അറിയിക്കാനും മടി കാണിച്ചില്ല.