ഫുട്ബോള്‍ ഇതിഹാസം മെസ്സി കാരണം ഒരു കുടുംബത്തിലെ മുഴുവൻ ആളുകളുടെയും ജീവനാണ് രക്ഷപ്പെട്ടത്. ഇസ്രായേല്‍- ഹമാസ് സംഘർഷത്തില്‍ നിരവധി നിരപരാധികളുടെ ജീവനാണ് പൊലിയുന്നത്.
പരസ്പ്പരം യുദ്ധം ചെയ്യുന്നതിനിടെ ഇരു രാജ്യവും മനുഷ്യ ജീവനുകള്‍ക്ക് വില കല്‍പ്പിക്കാത്ത അവസ്ഥയിലായി. എന്നാല്‍ ഒരു സ്ത്രീയുടെ ഫുട്ബോള്‍ ഇഷ്ടം കാരണം ഒരു കുടുംബമാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രായേലിലെ കിബ്ബട്ട്‌സ് നിർ ഓസിലുള്ള തൻ്റെ വീട്ടില്‍ ഹമാസ് ഭീകരർ ഇരച്ചുകയറിയപ്പോള്‍, ഫുട്‌ബോള്‍ മാന്ത്രികൻ ലയണല്‍ മെസ്സിക്ക് തൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് 90 കാരിയായ അർജൻ്റീനിയൻ വനിത എസ്തർ കുനിയോ കരുതിയിരുന്നില്ല. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന എസ്തർ താൻ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിച്ചു. ഇതുകേട്ട ഹമാസ് ഭീകരൻ എസ്തറിനെ വെറുതെ വിടുക മാത്രമല്ല, അവർക്കൊപ്പം ഒരു സെല്‍ഫിയും എടുത്താണ് തിരിച്ചയച്ചത്.
ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയിലാണ് കുനിയോയുടെ വെളിപ്പെടുത്തല്‍. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം, “ഒക്ടോബർ 7-ലെ ശബ്ദങ്ങള്‍ – അതിജീവനത്തിൻ്റെ ലാറ്റിനോ കഥകള്‍”(Voces de 7 de octubre – Latino Stories of Survival) എന്ന ഡോക്യുമെൻ്ററിയില്‍ ആ നിർഭാഗ്യകരമായ ദിവസത്തെ നടുക്കുന്ന ഓർമ്മകള്‍ അവർ വിവരിച്ചു.
“ഒക്‌ടോബർ ഏഴിന് രണ്ട് ഹമാസ് ഭീകരർ എൻ്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്നയുടൻ ഇവർ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികള്‍ എന്നെയും എൻ്റെ കുടുംബത്തെയും ബന്ദികളാക്കി. നിങ്ങള്‍ ഫുട്ബോള്‍ കാണുന്നുണ്ടോ? ഭയം ഉള്ളില്‍ ഒതുക്കി ഞാൻ അവരോട് ചോദിച്ചു. അതില്‍ ഒരാള്‍ തലയാട്ടി. ‘മെസ്സി എവിടെ നിന്നാണോ അവിടെ നിന്നാണ് ഞാൻ വരുന്നത്’-ഞാൻ ഉടനെ വിളിച്ചു പറഞ്ഞു”- എസ്തർ കുനിയോ പറയുന്നു.
“എനിക്ക് മെസ്സിയെ ഇഷ്ടമാണ്” ഭീകരരില്‍ ഒരാള്‍ പറഞ്ഞതായും എസ്തർ ഡോക്യുമെൻ്ററിയില്‍ പറയുന്നുണ്ട്. തന്നെ വെറുതെ വിട്ട ഭീകരർ തനിക്ക് ഒപ്പം ഒരു വീഡിയോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മടങ്ങിയതെന്നും എസ്തർ കൂട്ടിച്ചേർത്തു. അന്ന് താൻ രക്ഷപ്പെട്ടത് മെസ്സി കാരണമാണെന്ന് താരം അറിയുമെന്ന പ്രതീക്ഷയും അനുഭവം വിവരിച്ചുകൊണ്ട് എസ്തർ പങ്കുവെച്ചു. എസ്തറിൻ്റെ അരികില്‍ റൈഫിളും വിജയചിഹ്നവുമായി നില്‍ക്കുന്ന ഭീകരൻ്റെ വീഡിയോയും ഡോക്യുമെൻ്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്തറിൻ്റെ കുടുംബത്തിലെ എട്ട് പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തല്‍ കരാറിൻ്റെ ഭാഗമായി കുടുംബാംഗങ്ങളില്‍ ചിലരെ വിട്ടയച്ചെങ്കിലും എസ്തറിൻ്റെ രണ്ട് പേരക്കുട്ടികളും അവരില്‍ ഒരാളുടെ കാമുകിയും ഇപ്പോഴും ഗസ്സയില്‍ തടവിലാണ്.