ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും.
തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം.
വടകരയില്‍ ഷാഫി പറമ്ബിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. എന്നെ പോലെ നിസ്സാരനായ ഒരാളെ നേതാവ് ആക്കിയത് കോണ്‍ഗ്രസാണ്. കെ മുരളീധരന്‍ മികച്ച ലീഡറാണെന്നും തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണയ്ക്കുമെന്നും പ്രതാപന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുക്കുത്തത്.