HomeUncategorizedകൈവിട്ടു കുതിച്ച്‌ സ്വര്‍ണവില; 48,000 കടന്നു

കൈവിട്ടു കുതിച്ച്‌ സ്വര്‍ണവില; 48,000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡ് തകർത്ത് മുന്നോട്ട്. തുടർച്ചയായ മൂന്നാംദിനവും വില കുതിച്ചതോടെ പവന് 48,000 രൂപയും പിന്നിട്ടു.

പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 48,080 രൂപയിലും ഗ്രാമിന് 6,010 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കൂടി 4,990 രൂപയിലും പവന് 280 രൂപ കൂടി 39,920 രൂപയിലുമെത്തി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. പവന് 46,320 രൂപയില്‍ നിന്നാണ് ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയുടെ വര്‍ധനയുണ്ടായത്.

പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ബുധനാഴ്ച കൂടിയിരുന്നു. ചൊവ്വാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്. രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി ഉയർന്നത്. ഇതിന് മുൻപ് 2023 ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു ചരിത്രത്തിലെ പവന്‍റെ ഏറ്റവും ഉയർന്ന വില. 

വർഷാരംഭത്തില്‍ പവന് 46,840 രൂപയിലായിരുന്നു സ്വർണവിപണി ആരംഭിച്ചത്. ജനുവരി രണ്ടിന് വില 47,000 തൊട്ടു. എന്നാല്‍ 18ന് സ്വർണ വില ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. തൊട്ടടുത്ത ദിവസം വീണ്ടും 46,000 രൂപയ്ക്കു മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. 

ഫെബ്രുവരി സ്വർണ വിലയില്‍ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമായ മാസമായിരുന്നു. രണ്ടിന് രേഖപ്പെടുത്തിയ 46,640 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയർന്ന വില. 15ന് രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞ വില. 46,080 രൂപയിലെത്തിയ ശേഷം ഫെബ്രുവരിയിലെ അവസാന നാലു ദിവസങ്ങളില്‍ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 

എന്നാല്‍ മാർച്ച്‌ ആദ്യ ദിനങ്ങളില്‍ തന്നെ സ്വർണവില കുത്തനെ ഉയർന്നു. പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയർന്നത്. ഇതോടെ സ്വർണവില 47,000 രൂപയിലേക്കെത്തി. ആറു ദിവസംകൊണ്ട് 1,680 രൂപയാണ് വർധിച്ചത്. 

ആഗോള വിപണിയിലെ വില വര്‍ധനയാണ് രാജ്യത്തെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര സ്വർണം നിലവില്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര സ്വർണവില 2,149 യുഎസ് ഡോളർ കടന്നു. യുഎസ് എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. വരുംദിവസങ്ങളിലും സ്വർണവില പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, വെള്ളി വിലയിലും വ്യാഴാഴ്ച വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച്‌ 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലും തുടരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts