HomeKeralaഎംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്

എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍; മലപ്പുറത്ത് പിടികൂടിയത് 13.5 ലക്ഷം രൂപയുടെ ലഹരിമരുന്ന്

മലപ്പുറം: വിപണിയില്‍ പതിമൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്.

താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്ബൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33) , തിരുവമ്ബാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.നൗഫലും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നിലമ്ബൂർ വടപുറം താളിപ്പൊയില്‍ റോഡില്‍ വച്ച്‌ സംഘം പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

താമരശ്ശേരിയില്‍ നിന്ന് നിലമ്ബൂരിലേക്ക് വരികയായിരുന്ന സംഘമാണ് പിടിയിലായത്. ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ 265. 14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തിട്ടുള്ളത്. മൂന്നുപേരും സുഹൃത്തുക്കളാണ്. ഷാക്കിറ വാഹനത്തിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നത്. പ്രതികളെ ഇന്ന് നിലമ്ബൂർ കോടതിയില്‍ ഹാജരാക്കും.

പ്രിവന്റീവ് എക്‌സൈസ് ഓഫീസർ കെ.എസ്.അരുണ്‍കുമാർ, സിവില്‍ എക്‌സൈസ് ഓഫീസർമാരായ എം.സുലൈമാൻ, കെ.പി.ഹബീബ്, വി. അഫ്സല്‍, വി.ഷരീഫ്, വി.ലിജിൻ, കെ.വി.വിപിൻ, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസർമാരായ പി.രജനി, പി.കെ.ശ്രീജ, ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts