ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ടു.
മൊബൈൽ ആപ്പുകൾക്കുള്ളിൽ നടക്കുന്ന പണമിടപാടുകളിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിർത്തലാക്കാൻ ഇന്ത്യൻ അധികൃതർ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഗൂഗിൾ 11 ശതമാനം മുതൽ 26 ശതമാനം വരെയാണ് ഗൂഗിൾ ഫീസ് ഈടാക്കുന്നത്. ഇത് തടയാൻ ചില കമ്പനികൾ ശ്രമിച്ചതാണ് തർക്കങ്ങൾക്കിടയാക്കിയത്.
എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതിയുടേതുൾപ്പടെ രണ്ട് കോടതി വിധികൾ കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഗൂഗിളിന് അനുകൂലമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫീസ് ഈടാക്കുന്നതിൽ ഇളവ് വരുത്താതെ ആപ്പുകൾക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്.
മാട്രിമോണി.കോമിന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പുകൾ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ടു.
ഞങ്ങളുടെ ഒപ്പുകൾ ഒന്നൊന്നായി നീക്കം ചെയ്യപ്പെടുകയാണെന്നും ഇന്ത്യൻ ഇന്റർനെറ്റിലെ ഇരുണ്ട ദിനമാണിതെന്നും മാട്രിമോണി.കോം സ്ഥാപകൻ മുരുഗവേൽ ജാനകീരാമൻ പ്രതികരിച്ചു.
പ്ലേസ്റ്റോർ നിയമ ലംഘന നടപടിയുമായി ബന്ധപ്പെട്ട് മാട്രിമോണി.കോമിനും ജീവൻ സാഥി ആപ്പിന്റെ ഉടമയായ ഇൻഫോ എഡ്ജിനും ഗൂഗിൾ നോട്ടീസ് നൽകിയിരുന്നു.
അധിക സമയം നൽകിയിട്ടും പത്ത് ഇന്ത്യൻ ആപ്പുകൾ പണം നൽകാൻ തയ്യാറായില്ലെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഫീസ് ഈടാക്കുന്നതിനുള്ള തങ്ങളുടെ അവകാശം അധികാരികളോ കോടതികളോ തടഞ്ഞിട്ടില്ല. ഫെബ്രുവരി 9 ന് സുപ്രീം കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചതായും ഗൂഗിൾ ചൂണ്ടിക്കാട്ടി.
സൗജന്യ വിതരണം, ഡെവലപ്പർ ടൂളുകൾ അനലറ്റിക്കൽ സേവനങ്ങൾ എന്നിവ ഉൾപ്പടെ ആൻഡ്രോയിഡ് ഒഎസിലേക്കും ആപ്പ് സ്റ്റോറിലേക്കുമുള്ള നിക്ഷേപങ്ങൾക്ക് വേണ്ടിയാണ് ഈ ഫീസ് എന്ന് ഗൂഗിൾ പറയുന്നു. രണ്ട് ലക്ഷത്തിലേറെ ഇന്ത്യൻ ഡെവലപ്പർമാരിൽ മൂന്ന് ശതമാനം പേർക്ക് മാത്രമേ ഫീസ് നൽകേണ്ടി വരുന്നുള്ളൂ എന്നും കമ്പനി ചൂണ്ടിക്കാട്ടി.