കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത് ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14 മുതല്‍ 18ന് ഉച്ച വരെ ക്രൂര മർദനത്തിനിരയായതായി ദൃക്സാക്ഷിയായ വിദ്യാർഥി വെളിപ്പെടുത്തി.
ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നില്‍ നഗ്നനാക്കിയായിരുന്നു ക്രൂരമർദനം. 2 ബെല്‍റ്റുകള്‍ മുറിയുന്നതു വരെ മർദിച്ചു.പിന്നീട് ഇരുമ്ബുകമ്ബിയും വയറുകളും പ്രയോഗിച്ചു.ഇതൊല്ലാം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണി പെടുത്തിയതായും വിദ്യാർഥി പറഞ്ഞു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റല്‍ വാർഡനും അറിയാമായിരുന്നെന്നും പറയുന്നു.
സിദ്ധാർഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാണ്.ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്ബുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്.
തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാല്‍, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്‌എഫ്‌ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്‌എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്‌എഫ്‌ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
രഹൻ സിദ്ധാര്‍ത്ഥന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥൻ ക്യാമ്ബസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരില്‍ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ആള്‍ക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.
സുല്‍ത്താൻബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്,തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി,തൊഴുപുഴ സ്വദേശി ഡോണ്‍സ് ഡായി,തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ്,തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ ഡി എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.