വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി.
സർവകലാശാലയില്‍ ഇത്തരം മൃഗീയ വിചാരണകള്‍ മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതികള്‍ മൂന്ന് മണിക്കൂർ തുടർച്ചയായി സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിട്ടും ഒരു വിദ്യാർത്ഥി പോലും പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.
കോളേജ് ഹോസ്റ്റലില്‍ അടിപിടികള്‍ ഇടയ്ക്കുണ്ടാകുമ്ബോഴും ഒന്നും പുറത്തുപോകരുതെന്നാണത്ര അലിഖിത നിയമം. സിദ്ധാർത്ഥന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതുതന്നെയായിരുന്നു. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികള്‍ കണ്ടു നില്‍ക്കെയായിരുന്നു ക്രൂരമർദനം. അതുകഴിഞ്ഞ് പ്രതികളിലൊരാളായ സിൻജോ ജോണ്‍സൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. ഇതോടെ സിദ്ധാർത്ഥ് ശാരീരികമായും മാനസികമായും തളർന്നിരുന്നു.
സംഭവത്തില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരില്‍ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താൻ ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായി, തിരുവനന്തപുരം സ്വദേശി ബിനോയ്, തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ എന്നിവരാണ് അറസ്റ്റിലായത്.18 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള 12 പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കെ അരുണ്‍, എൻ ആസിഫ് ഖാൻ, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാൻ, കെ അഖില്‍, ആർ എസ്. കാശിനാഥൻ, അമീൻ അക്ബർ അലി, സിൻജോ ജോണ്‍സണ്‍, ജെ അജയ്, ഇ കെ. സൗദ് റിസാല്‍, എ അല്‍ത്താഫ്, വി ആദിത്യൻ, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. നാലുപേർ സിദ്ധാർത്ഥിന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് തെളിഞ്ഞത്. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദ്ദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ മൂന്നോ ദിവസം മുൻപുണ്ടായ പരിക്കുകളാണിതെന്ന്
വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം തൂങ്ങിമരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.