സാധാരണ വീടു പണിയുമ്ബോള്‍ റോഡിന് അഭിമുഖമായാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകള്‍). വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച് കിട്ടിയില്ലെങ്കിലും 15 ഡിഗ്രി വരെ ചരിവ് അനുവദനീയമാണ്. പ്രത്യേകിച്ച് കിഴക്കു ദര്‍ശനമായി വരുന്ന വീടിന് ഉത്തരായനം ദക്ഷിണായനമെന്ന കണക്കില്‍ സൂര്യന്‍ ആറുമാസം വടക്കോട്ടും ആറുമാസം തെക്കോട്ടും സഞ്ചരി ക്കുന്നുണ്ട്. ആയതിനാലാണ് 15 ഡിഗ്രി കണക്കുപറയുന്നത്. ഈ വീട് 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവിലാണെങ്കില്‍ അത് അഷ്ടദിക്കില്‍ ഒന്നിലേക്കുനോക്കി ഇരിക്കയായിരിക്കും. ഇങ്ങനെയുള്ള വീടുകള്‍ക്ക് അധ്വാനത്തിന്റെ 50 ശതമാനമേ ഫലം കിട്ടുകയുള്ളൂ.
സാധാരണ ഒരു വീട്, ഒരു കോമ്ബൗണ്ട്, ഒരു കിണര്‍, ഗേറ്റ് എന്നിവയാണു വരേണ്ടത്. ആ സ്ഥാനത്ത് ഒരു കോമ്ബൗണ്ടും പല വീടുകളും വന്നാല്‍ വാസ്തുശാസ്ത്രപരമായി പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്കുകോട്ടം ഉണ്ടാകും. ഒരു വീടിന്റെ വടക്കു കിഴക്കേ ഭാഗം മീനം രാശിയില്‍ കിണര്‍ സ്ഥാപിക്കുമ്ബോള്‍ പ്രസ്തുത വീടിനു ഗുണകരവും തൊട്ടു ചേര്‍ന്നിരിക്കുന്ന വീടിന്റെ അഗ്നികോണില്‍ പ്രസ്തുത കിണര്‍ വരികയും അത് ആ വീടിനു ദോഷകരമായി തീരുകയും ചെയ്യും. കൂടാതെ പൂമുഖ വാതിലിന് നേരേ മറ്റൊരു വീടിന്റെ പൂമുഖവാതിലില്‍ വരാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വീടിനുചുറ്റും പൊക്കം കുറഞ്ഞിരുന്നാലും ചെറിയ ഒരു മതില്‍ അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അവരവരുടെ ഭാഗ്യങ്ങളും ഊര്‍ജ ക്രമീകരണങ്ങളും ശരിയാവുകയുള്ളൂ.
പറമ്ബിന്റെ മധ്യത്തില്‍ നേരേ കിഴക്കു പടിഞ്ഞാറും, തെക്കു വടക്കും ഓരോ സൂത്രങ്ങളുണ്ട്. ഇതില്‍ തെക്കു വടക്ക് ഉള്ളതിനെ യമസൂത്രം എന്നുപറയുന്നു. സൂത്രം വാസ്തുശാസ്ത്രത്തില്‍ രൂപകല്‍പ്പനയെ സഹായിക്കാനായി ഉപയോഗിക്കുന്ന നേര്‍വഴിയുള്ള രേഖകളാണ്. ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന നടത്തുന്നത്. ഈ രേഖകളെ വേധിക്കുന്ന വിധത്തില്‍ നിര്‍മാണം നടത്തുന്നതു ദോഷമാണ്. കെട്ടിടം നിര്‍മിക്കുമ്ബോള്‍ ഈ രേഖകള്‍ സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം.
വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്നു പറയുന്നത് ഊര്‍ജ പ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. കൂടാതെ വാതിലിനു നേരേ മേശയും കസേരയും ഇട്ടിരിക്കുന്നതും നല്ലതല്ല. ഒരു മുറിയുടെ വാതിലിനു നേരേ മറ്റേ മുറിയുടെ വാതില്‍ സ്ഥാപിക്കുന്നതും തെറ്റാണ്. വീടിനുള്ളിലേക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹം എല്ലാ മുറികളിലും കൃത്യമായി കിട്ടുന്നതിനാണു നേര്‍വാതിലുകള്‍ ഒഴിവാക്കുന്നത്. വീട്ടിനുള്ളിലേക്ക് വരുന്ന ഊര്‍ജപ്രവാഹം തങ്ങിനിന്ന് വീടിന്റെ എല്ലാഭാഗവും കടന്നു പുറത്തേക്കു പോകുംവിധമാണു ക്രമീകരിക്കേണ്ടത്. നേര്‍വാതിലുകള്‍ സ്ഥാപിച്ചാല്‍ ഊര്‍ജപ്രവാഹം നിന്ന ഊര്‍ജത്തെ വന്ന ഊര്‍ജം പുറത്തേക്കു കളയും.