പത്തടി നീളം വരുന്ന വടി, അതിന്റെ പകുതിയില്‍ ചവിട്ടി നടന്നു നീങ്ങുന്ന മനുഷ്യർ. ഈ പൊയ്‍ക്കാലില്‍ നടക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക് കാണാനാവുക അങ്ങ് എത്യോപ്യയിലാണ്.
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവർ വരെ ഇങ്ങനെ നടക്കുന്നത് ഇവിടെ കാണാം. ഒരു പ്രത്യേകം ഗോത്രവിഭാഗത്തില്‍ പെട്ട ആളുകളാണ് ഇത്തരത്തില്‍ വിഭിന്നമായ ഒരു രീതി പിന്തുടരുന്നത്.
ലോകത്തില്‍ നമുക്കറിയാത്ത പല ജനവിഭാഗങ്ങളുണ്ട്. അവർക്ക് അവരുടേതായ ജീവിതരീതികളും സംസ്കാരവും ഒക്കെയുണ്ട്. ചിലപ്പോള്‍ നമുക്ക് പുറത്ത് നിന്നും കാണുമ്ബോള്‍ അത്ഭുതവും അമ്ബരപ്പും തോന്നുമെങ്കിലും അത്തരമൊരു ജീവിതരീതി പിന്തുടരുന്നതിന് അവർക്ക് അവരുടേതായ കാരണങ്ങളും കാണും. എന്തായാലും, അടുത്തിടെ എത്യോപ്യയില്‍ നിന്നുള്ള ഈ പൊയ്ക്കാലുകളില്‍ നടക്കുന്ന മനുഷ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു.
എത്യോപ്യയിലെ ബന്ന ഗോത്രത്തിനിടയിലാണ് ഈ രീതി കണ്ടുവരുന്നത്. പത്തടിയെങ്കിലും നീളമുള്ള വടിയെടുത്ത് അത് നിലത്ത് കുത്തി അതിന്റെ പകുതി ഭാഗത്ത് കയറി നിന്നാണ് ഇവർ നടക്കുന്നത്. കാട്ടിലും കാടിനോട് ചേർന്നുള്ള പ്രദേശത്തും ജീവിക്കുന്ന മനുഷ്യരാണ് എന്നതിനാല്‍ തന്നെ ദിവസേന വന്യമൃഗങ്ങളില്‍ നിന്നും മറ്റും നേരിടേണ്ടി വരുന്ന ഭീഷണിയെ ചെറുക്കാനാണ് ഇവർ ഇത്തരമൊരു രീതി പിന്തുടർന്ന് വന്നിട്ടുണ്ടാവുക എന്നാണ് പറയുന്നത്. അതുപോലെ പാമ്ബുകളെ പോലെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയില്‍ നിന്നും വിട്ടുനില്‍ക്കാനും അവർ ഇത് ചെയ്തിട്ടുണ്ടാവാം.
എന്നാല്‍, നേരത്തെ ഇത് അങ്ങനെയാണ് ഇവരുടെ ജീവിതത്തിൻറെ ഭാഗമായതെങ്കില്‍ ഇപ്പോള്‍ അത് അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇവരുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. അതില്‍ കഠിനമായ ഭൂപ്രദേശങ്ങളിലൂടെ ഒരുകൂട്ടം ആളുകള്‍ ഇങ്ങനെ വടിയില്‍ നടക്കുന്നതാണ് കാണാനാവുക.